Sports
r ashwin

r ashwin

Sports

''ഫൈനല്‍ വരെ എത്തിച്ചതല്ലേ, അത് കൂടി കളിക്കാനാഗ്രഹിച്ചിരുന്നു''; മനസ്സ് തുറന്ന് അശ്വിന്‍

Web Desk
|
16 Jun 2023 11:48 AM GMT

''വിദേശത്തെ എന്‍റെ റെക്കോര്‍ഡുകള്‍ മികച്ചതാണ്''

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് കലാശപ്പോരിലെ തോല്‍വിക്ക് പിന്നാലെ സ്പിന്നര്‍ ആര്‍.അശ്വിനെ പുറത്തിരുത്തിയതിൽ രൂക്ഷ വിമർശനമാണ് ഉയര്‍ന്നത്. ലോക ഒന്നാം നമ്പര്‍ ബോളറായ അശ്വിനെ പുറത്തിരുത്തിയത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ലെന്ന് ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറും സുനില്‍ ഗവാസ്‍കറുമടക്കമുള്ളവര്‍ പ്രതികരിച്ചിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് അശ്വിന്‍. ടീമിനെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ താന്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു എന്നും കലാശപ്പോരില്‍ കളത്തിലിറങ്ങാന്‍ അതിയായി ആഗ്രഹിച്ചിരുന്നു എന്നും അശ്വിന്‍ പ്രതികരിച്ചു. ഇന്ത്യന്‍ എക്സപ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അശ്വിന്‍ മനസ്സു തുറന്നത്.

''കലാശപ്പോര് വരെയുള്ള ടീമിന്‍റെ യാത്രയില്‍ ഞാനും കൂടെയുണ്ടായിരുന്നു. അതിനാല്‍ തന്നെ ഫൈനലില്‍ കളത്തിലിറങ്ങാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ തവണ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഞാന്‍ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. വിദേശത്തെ എന്‍റെ റെക്കോര്‍ഡുകള്‍ മികച്ചതാണ്''- അശ്വിന്‍ പറഞ്ഞു.

അശ്വിനെ പുറത്തിരുത്തിയത് തനിക്ക് ഒട്ടും ദഹിക്കുന്നില്ലെന്നും താനായിരുന്നെങ്കില്‍ ഉമേഷ് യാദവിനു പകരം അശ്വിനെ തന്നെ ടീമിലെടുക്കുമായിരുന്നുഎന്നും കമന്‍റേറ്ററും മുന്‍ ഇന്ത്യന്‍ താരവുമായിരുന്നു സുനില്‍ ഗവാസ്കര്‍ പ്രതികരിച്ചിരുന്നു.

കെന്നിങ്ടൺ ഓവലിൽ നടന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ 209 റൺസിനാണ് ഇന്ത്യ ആസ്‌ട്രേലിയയോട് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 469 റൺസ് നേടിയപ്പോൾ ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്‌സിൽ 296 റൺസ് മാത്രമാണ് നേടാനായത്. രണ്ടാം ഇന്നിങ്‌സിൽ എട്ടിന് 270 റൺസിന് ഡിക്ലയർ ചെയ്ത് ഇന്ത്യയ്ക്ക് മുന്നിൽ 444 റൺസ് വിജയലക്ഷ്യമാണ് കങ്കാരുക്കൾ ഉയർത്തിയത്. എന്നാൽ, രണ്ടാം ഇന്നിങ്‌സിൽ 234 റൺസിന് ഇന്ത്യൻ പോരാട്ടം അവസാനിക്കുകയായിരുന്നു.

Related Tags :
Similar Posts