'രണ്ട് മുട്ട കഴിച്ചു, ഇനി അത് വേണ്ട' ; അശ്വിന്‍റെ ട്രോളിന് സഞ്ജുവിന്‍റെ മറുപടി ഇങ്ങനെ
|സ്റ്റേഡിയത്തിൽ നിറയെ സഞ്ജു ഫാൻസ് ഉണ്ടായിരുന്നുവെന്നും അവർ ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചെന്നും രാജാമണി പറഞ്ഞപ്പോൾ രണ്ട് മത്സരങ്ങളിലെ ഡക്ക് ഓർമപ്പെടുത്തി സഞ്ജു രണ്ട് മുട്ട കഴിച്ചു എന്നാണ് അശ്വിൻ പറഞ്ഞത്
ഐ.പി.എല്ലില്‍ ആദ്യ രണ്ട് മത്സരങ്ങളിലെ തകർപ്പൻ അർധ സെഞ്ച്വറികൾക്ക് ശേഷം രണ്ട് മത്സരങ്ങളില്‍ സംപൂജ്യനായാണ് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസൺ മടങ്ങിയത്. ഡൽഹിക്കെതിരെയും ചെന്നൈക്കെതിരെയും റണ്ണൊന്നുമെടുക്കാതെ മടങ്ങിയ താരത്തിനെതിരെ വിമർശനങ്ങൾ ഉയർന്നു തുടങ്ങും മുമ്പേ വിമർശകരുടെ വായടപ്പിച്ച് തന്റെ മൂന്നാം അർധ സെഞ്ച്വറിയും താരം കുറിച്ചു.
ചെന്നൈയിൽ സംപൂജ്യനായി മടങ്ങിയെങ്കിലും ധോണിപ്പടക്കെതിരെ സഞ്ജുവും സംഘവും ആവേശ ജയം കുറിച്ചിരുന്നു.. മത്സരത്തിന് ശേഷം സഞ്ജുവും രാജസ്ഥാൻ താരങ്ങളായ അശ്വിനും രാജാമണിയും ആഹ്ളാദം പങ്കുവച്ച് ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടു. സ്റ്റേഡിയത്തിൽ നിറയെ സഞ്ജു ഫാൻസ് ഉണ്ടായിരുന്നുവെന്നും അവർ ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചെന്നും രാജാമണി പറഞ്ഞപ്പോൾ രണ്ട് മത്സരങ്ങളിലെ ഡക്ക് ഓർമപ്പെടുത്തി സഞ്ജു രണ്ട് മുട്ട കഴിച്ചു എന്നാണ് അശ്വിൻ പറഞ്ഞത്. അശ്വിന്റെ തമാശ സഞ്ജു ആസ്വദിക്കുകയും ചെയ്തു.
എന്നാൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ തകർപ്പൻ അർധസെഞ്ച്വറിയുമായി വൻതിരിച്ചുവരവ് നടത്തിയ സഞ്ജു ഇനി മുട്ട വേണ്ടെന്ന് അശ്വിനോട് ബാറ്റ് കൊണ്ട് പറഞ്ഞു വക്കുകയായിരുന്നു. ഗുജറാത്തിനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കത്തിൽ തന്നെ പിഴച്ചിരുന്നു. ഏഴ് ബോൾ നേരിട്ട ഓപ്പണർ ജെയിസ്വാൾ ഒരു റൺസിനാണ് കൂടാരം കയറിയത്. ജോസ് ബട്ട്‌ലറിനെ ഷമി പൂജ്യത്തിന് പുറത്താക്കി. പിന്നാലെ ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കലും സഞ്ജുവും ചേർന്ന് ടീമിനെ പതുക്കെ കരകയറ്റാൻ ശ്രമം ആരംഭിച്ചു. എന്നാൽ ടീം 47 ൽ നിൽക്കെ പടിക്കൽ കളി മതിയാക്കി. അഞ്ച് റൺസെടുത്ത് പരാഗും കൂടാരം കയറി. പക്ഷേ നായകൻ സഞ്ജു ടീമിന് ആത്മവിശ്വാസം നൽകി ഗുജറാത്ത് ബൗളർമാരെ കണക്കിന് പ്രഹരിച്ചു. 32 പന്തിൽ മൂന്ന് ഫോറും ആറ് സിക്‌സറുകളും അടിച്ച് 60 റൺസിൽ നിൽക്കെ നൂർ അഹമദിന്റെ ബോളിൽ സഞ്ജു വീണതോടെ രാജസ്ഥാൻ തോൽവി മണത്തു.
എന്നാൽ അവിടെ രക്ഷകനായി അവിടെ ഹെറ്റ്‌മെയർ അവതരിച്ചു. അയാൾ ടീമിനെ വിജയത്തിലെത്തിക്കുമെന്ന് ഉറപ്പിച്ചു തന്നെ ബാറ്റ് വീശി. ഇതിനെടെ ദ്രുവ് ജുറലും അശ്വിനും വന്നുപോയെങ്കിലും ഹെറ്റ്‌മെയർ രാജസ്ഥാന് മറ്റൊരു ജയം സമ്മാനിച്ചു. 26 പന്തിൽ രണ്ട് ഫോറിന്റെയും അഞ്ച് സിക്‌സറിന്റെയും അകമ്പടിയോടെ 56 റൺസാണ് ഹെറ്റ്‌മെയർ അടിച്ചുകൂട്ടിയത്. ഗുജറാത്തിനായി ഷമി മൂന്ന് വിക്കറ്റും റാഷിദ് ഖാൻ രണ്ട് വിക്കറ്റുകളും വീഴ്ത്തി. ഹർദിക് പാണ്ഡ്യ നൂർ അഹമദ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി