Sports
താന്‍ രജ്‍പുത് വിഭാഗക്കാരനെന്ന് രവീന്ദ്ര ജഡേജ; നമ്മളെല്ലാം ആദ്യാവസാനം ഇന്ത്യക്കാരെന്ന് ആരാധകര്‍
Sports

താന്‍ രജ്‍പുത് വിഭാഗക്കാരനെന്ന് രവീന്ദ്ര ജഡേജ; നമ്മളെല്ലാം ആദ്യാവസാനം ഇന്ത്യക്കാരെന്ന് ആരാധകര്‍

Web Desk
|
25 July 2021 9:37 AM GMT

നിങ്ങളുടെ ജനനം നിങ്ങൾക്ക് ഒരു തരത്തിലും അഭിമാനം നൽകുന്നില്ല. അങ്ങനെ നിങ്ങൾ വിചാരിച്ചെങ്കിൽ അത് നിങ്ങളുടെ തെറ്റാണ്- ഒരു ലേബലുകളുമില്ലാതെ നിങ്ങൾ നേടിയ നേട്ടങ്ങളാണ് നിങ്ങൾക്ക് അഭിമാനമാകേണ്ടത്

താൻ ബ്രാഹ്‌മണനാണെന്ന് പറഞ്ഞ് പുലിവാൽ പിടിച്ച മുൻ ഇന്ത്യൻ താരവും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരവുമായ സുരേഷ് റെയ്‌ന വിവാദത്തിലായിരുന്നു. അതിനു പിന്നാലെ ചെന്നൈ സൂപ്പർ കിങ്‌സിലെ തന്നെ മറ്റൊരു താരം കൂടി ഇത്തരത്തിലുള്ള പരാമർശം കൊണ്ട് വിവാദത്തിലായിരിക്കുകയാണ്. ഇന്ത്യയുടെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ രവീന്ദ്ര ജഡേജയ്ക്കാണ് തന്റെ ട്വീറ്റ് പൊല്ലാപ്പായിരിക്കുന്നത്.

താന്നെന്നും ഒരു രജ്‍പുത് വിഭാഗക്കാരനായിരിക്കുമെന്നായിരുന്നു ജഡേജ പറഞ്ഞത്. രജ്‍പുത് എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രബലമായൊരും വിഭാഗമാണ്.

'' രജ്‍പുത് ബോയ് ഫോർഎവർ, ജയ്ഹിന്ദ്' എന്നായിരുന്നു ജഡേജയുടെ ട്വീറ്റ്.

ഇതിനെതിരേ വ്യാപക പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിൽ നിന്നുണ്ടാകുന്നത്.

'' പ്രിയപ്പെട്ട ജഡേജ, നിങ്ങൾ ലക്ഷകണക്കിന് പേർക്ക് പ്രചോദനമാണ്, നിങ്ങളിൽ നിന്ന് ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചില്ല, നിങ്ങൾ ഏത് മതത്തിൽ, ജാതിയിൽ പെട്ടാലും ഞങ്ങളെ അത് ബാധിക്കുന്നില്ല-ഞങ്ങൾ നിങ്ങളെ സ്‌നേഹിക്കുന്നു''- ഒരു ആരാധകൻ എഴുതി.

മറ്റൊരു ആരാധകൻ എഴുതിയത് ഇങ്ങനെയാണ് '' ഒരു ക്രിക്കറ്റ് താരമായിട്ടും നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ ഇത്തരത്തിൽ സംസാരിക്കാൻ, ആദ്യാവസാനം നമ്മൾ ഇന്ത്യക്കാരാണ്.''

നിങ്ങളുടെ ജനനം നിങ്ങൾക്ക് ഒരു തരത്തിലും അഭിമാനം നൽകുന്നില്ല. അങ്ങനെ നിങ്ങൾ വിചാരിച്ചെങ്കിൽ അത് നിങ്ങളുടെ തെറ്റാണ്- ഒരു ലേബലുകളുമില്ലാതെ നിങ്ങൾ നേടിയ നേട്ടങ്ങളാണ് നിങ്ങൾക്ക് അഭിമാനമാകേണ്ടത്- ആരാധകർ എഴുതി.

കഴിഞ്ഞ ദിവസം തമിഴ്നാട് പ്രീമിയർ ലീഗ്(ടിഎൻപിഎൽ) മത്സരത്തിനിടയിൽ നടത്തിയ ഒരു പരാമർശത്തിന്റെ പേരിലാണ് സുരേഷ് റെയ്‌ന വെട്ടിലായ. ബ്രാഹ്‌മണിസത്തെയും തമിഴ് സംസ്‌കാരത്തെയും ചേർത്തുപറഞ്ഞതാണ് പൊല്ലാപ്പായിരിക്കുകയാണ്. ലൈക്ക കോവൈ കിങ്സും സേലം സ്പാർട്ടൻസും തമ്മിൽ നടന്ന ടിഎൻപിഎൽ അഞ്ചാംപതിപ്പിന്റെ ഉദ്ഘാടന മത്സരത്തിനിടയിലായിരുന്നു റെയ്‌നയുടെ വിവാദ പരാമർശം.

ചെന്നൈ സംസ്‌കാരത്തെക്കുറിച്ചും ചെന്നൈയുമായുള്ള ബന്ധത്തെക്കുറിച്ചുമായിരുന്നു സഹ കമന്റേറ്ററുടെ ചോദ്യം. അതിനോടുള്ള താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ഞാനുമൊരു ബ്രാഹ്‌മണനാണെന്നാണ് സ്വയം കരുതുന്നത്. 2004 മുതൽ ചെന്നൈയിൽ കളിക്കുന്നുണ്ട്. ഇവിടത്തെ സംസ്‌കാരം ഞാൻ ഇഷ്ടപ്പെടുന്നു. എന്റെ സഹതാരങ്ങളെ എനിക്ക് ഇഷ്ടമാണ്. അനിരുദ്ധ ശ്രീകാന്ത്, ബദ്രി(എസ് ബദ്രിനാഥ്), ബാലാ ഭായ്(എൽ ബാലാജി) എന്നിവർക്കൊപ്പമെല്ലാം ഞാൻ കളിച്ചിട്ടുണ്ട്. ഇവിടത്തെ സംസ്‌കാരം ഞാൻ ഇഷ്ടപ്പെടുന്നു. സിഎസ്‌കെയുടെ ഭാഗമാകാനായതു തന്നെ ഭാഗ്യമാണ്.''

എന്നാൽ, ഇത്രനാൾ ചെന്നൈയുടെ ഭാഗമായി ജീവിച്ചിട്ട് ഈ നഗരത്തിൻറെ സംസ്‌കാരത്തെക്കുറിച്ച് റെയ്‌ന മനസിലാക്കിയത് ഇതാണോ എന്നാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ആശ്ചര്യപ്പെടുന്നത്. ദീർഘകാലമായി ചെന്നൈക്കു വേണ്ടി കളിക്കുന്നുണ്ടെങ്കിലും യഥാർത്ഥ ചെന്നൈ സംസ്‌കാരം താങ്കൾ ഒരിക്കലും അനുഭവിച്ചിട്ടില്ലെന്ന് തോന്നുന്നുവെന്നാണ് ഒരാൾ റെയ്‌നയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്. ചലച്ചിത്രങ്ങളിലടക്കം ചിലയിടങ്ങളിൽ തമിഴ് ബ്രാഹ്‌മണിസമാണ് ചെന്നൈ സംസ്‌കാരമായി ഉയർത്തിക്കാണിക്കപ്പെടാറ്. റെയ്‌ന അങ്ങനെ തെറ്റിദ്ധരിച്ചതാകാമെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.

Similar Posts