ബാംഗ്ലൂരിന്റെ പുറത്താകലിന് പിറകേ ഗില്ലിനും സഹോദരിക്കും നേരേ സൈബർ ആക്രമണം
|ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറിക്കരുത്തിലാണ് ഗുജറാത്ത് ബാംഗ്ലൂരിനെ തകർത്തെറിഞ്ഞത്
ബാംഗ്ലൂര്‍: ഐ.പി.എല്‍ പ്ലേ ഓഫില്‍ കടക്കാനുള്ള നിർണായക മത്സരത്തിൽ വെറുമൊരു ജയം മാത്രം മതിയായിരുന്നു ബാംഗ്ലൂരിന്. ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ മഴ രസംകൊല്ലിയായെത്തിയ ശേഷം ബാംഗ്ലൂര്‍ ബാറ്റിങ് നിരയുടെ റണ്‍മഴ പെയ്തു. പ്രതീക്ഷകളെ വാനോളമുയര്‍ത്തിയത് വിരാട് കോഹ്ലിയുടെ സെഞ്ച്വറി. പക്ഷെ മറുപടി ബാറ്റിങ്ങില്‍ ഗുജറാത്തിന് എല്ലാം അനായാസമായി.
കോഹ്ലിയുടെ സെഞ്ചുറിക്ക് ഗില്ലിന്റെ മനോഹര മറുപടി. ഡുപ്ലെസിസും സംഘവും ഉയർത്തിയ 198 റൺസെന്ന വിജയലക്ഷ്യം അഞ്ച് പന്ത് ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് മറികടന്നു.രണ്ടാം വിക്കറ്റില്‍ ഗിൽ-വിജയ് ശങ്കർ കൂട്ടുകെട്ട് പടുത്തുയർത്തിയ 123 റൺസാണ് ടൈറ്റൻസ് വിജയം എളുപ്പമാക്കിയത്. 52 പന്തുകളിലായിരുന്നു ഗില്ലിന്റെ തകര്‍പ്പന്‍ സെഞ്ച്വറി. ഗുജറാത്തിന്റെ വിജയത്തോടെ ബാംഗ്ലൂരിന്റെ പ്രതീക്ഷകള്‍ അസ്തമിക്കുകയും ചെയ്തു.
മത്സരത്തിന് ശേഷം ഗില്ലിനെ അഭിനന്ദിക്കാന്‍ വിരാട് കോഹ്ലി മറന്നില്ല. എന്നാല്‍ ബാംഗ്ലൂര്‍ ആരാധകര്‍ കട്ടക്കലിപ്പിലായിരുന്നു. എല്ലാ വര്‍ഷവും വലിയ സംഘവും പ്രതീക്ഷകളുമായി ഐ.പി.എല്ലിനെത്താറുള്ള ബാംഗ്ലൂര്‍ ഇക്കുറിയും പടിക്കല്‍ കലമുടക്കന്നത് കണ്ട് നില്‍ക്കാനായിരുന്നു അവരുടെ വിധി. മത്സര ശേഷം അതിരുവിട്ട ചില ആരാധകര്‍ തങ്ങളുടെ പ്രതീക്ഷകളെ മുഴുവന്‍ ഒരു പടുകൂറ്റന്‍ സിക്സറിലൂടെ തകര്‍ത്തെറിഞ്ഞ ഗില്ലിന് നേരെ സൈബര്‍ ആക്രമണം അഴിച്ചു വിട്ടു.
ഗില്ലിന്റെ ഇന്‍സ്റ്റഗ്രാം പേജിലെ പോസ്റ്റുകള്‍ക്ക് താഴെയാണ് ആരാധകരുടെ പൊങ്കാലയുണ്ടായത്. ഗില്ലിനെ മാത്രമല്ല ഗില്ലിന്റെ സഹോദരിയേയും ആരാധകര്‍ വെറുതെ വിട്ടില്ല. ഷഹ്നീല്‍ ഗില്ലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് താഴെയും തെറിവിളികളും അശ്ലീല കമന്റുകളുമായി ആരാധകരെത്തി.
ബാംഗ്ലൂര്‍ ബോളര്‍മാരൊക്കെ നന്നായി റൺസ് വഴങ്ങിയപ്പോൾ ഗുജറാത്തിന് ജയം എളുപ്പമായി. പാർനെൽ 42ഉം വൈശാഖ് വിജയ് കുമാർ 40ഉം മുഹമ്മദ് സിറാജ് 32ഉം റൺസാണ് വഴങ്ങിയത്. ഗുജറാത്ത് നിരയിൽ ഇടയ്ക്കെത്തിയ ദസുന്‍ ശനക മൂന്ന് പന്ത് നേരിട്ടെങ്കിലും പൂജ്യനായി മടങ്ങിയപ്പോൾ ഡേവിഡ് മില്ലർ ആറും തെവാട്ടിയ നാലും റൺസെടുത്തു. ബാംഗ്ലൂരിനായി സിറാജ് രണ്ട് വിക്കറ്റ് നേടിയപ്പോൾ വൈശാഖും ഹർഷൽ പട്ടേലും ഓരോ വിക്കറ്റെടുത്തു.
നേരത്തെ, കോഹ്ലിയുടെ സെഞ്ച്വറിയുടെ ബലത്തിലാണ് ബാംഗ്ലൂർ 197 റൺസെന്ന മികച്ച സ്കോറിലേക്കെത്തിയത്. ഇതോടെ മറ്റൊരു റെക്കോർഡും കോഹ്ലി കുറിച്ചു. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ (7) സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോർഡാണ് താരം നേടിയത്. സീസണിലെ കോഹ്ലിയുടെ രണ്ടാം സെഞ്ച്വറി നേട്ടമാണിത്. 61 പന്തിലായിരുന്നു മുൻ നായകന്റെ നേട്ടം. 28 റൺസെടുത്ത ക്യാപ്റ്റൻ ഹാഫ് ഡുപ്ലെസിസും 26 റൺസ് സംഭാവന ചെയ്ത ബ്രെയ്സ്വെല്ലും 23 റൺസോടെ അനുജ് റാവത്തുമാണ് 200നടുത്ത സ്കോറിലേക്ക് ടീമിനെ എത്തിക്കുന്നതിൽ പങ്കുവഹിച്ചത്.