Sports
പൂരം പൊടി പൂരൻ; ലഖ്‌നൗവിന് ആവേശ വിജയം
Sports

പൂരം പൊടി 'പൂരൻ'; ലഖ്‌നൗവിന് ആവേശ വിജയം

Web Desk
|
10 April 2023 3:52 PM GMT

ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഒരു വിക്കറ്റിന് വീഴ്ത്തി ലഖ്‌നൗ സൂപ്പർ ജയന്‍റ്സിന് സീസണിലെ മൂന്നാം ജയം

ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഒരു വിക്കറ്റിന് വീഴ്ത്തി ലഖ്‌നൗ സൂപ്പർ ജയന്‍റ്സിന് സീസണിലെ മൂന്നാം ജയം. അവസാന ഓവറിലെ അവസാന പന്തിലായിരുന്നു ലഖ്നൌവിന്‍റെ ആവേശ ജയം. 213 എന്ന കൂറ്റൻ ടോട്ടല്‍ ചേസ് ചെയ്തിറങ്ങിയ ലഖ്നൌവിനായി നിക്കോളാസ് പൂരനും മാര്‍ക്കസ് സ്റ്റോയിനിസും ബാറ്റുകൊണ്ട് വെടിക്കെട്ട് നടത്തിയാണ് കളി അനുകൂലമാക്കിയെടുത്തത്.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് കളത്തിലിറങ്ങിയ ലക്‌നൗവിന്റെ സ്‌കോർ ബോർഡിൽ ഒരു റൺ കൂട്ടിച്ചേർത്തതിനു പിന്നാലെ ആദ്യ വിക്കറ്റ് വീഴുകയായിരുന്നു. സിറാജ് എറിഞ്ഞ മൂന്നാം ബോളിൽ ഓപ്പണർ കെയ്ൽ മെയേഴ്‌സ് പുറത്ത്. പിന്നാലെ എത്തിയ ദീപക് ഹൂഡയുമായി ചേർന്ന് ക്യാപ്റ്റൻ കെ.എൽ.രാഹുൽ പതിയെ സ്‌കോർ ചിലിപ്പിക്കാൻ ശ്രമിച്ചെങ്കിലും സിറാജിന്റെ മൂന്നാം ഓവറിൽ ഹൂഡ( 10 പന്തിൽ 9)യും രണ്ടക്കം കാണാതെ കളംവിട്ടു. പിന്നാലെ പൂജ്യനായി ക്രുനാൽ പാണ്ഡ്യയും മടങ്ങിയതോടെ ലക്‌നൗ 23-3 എന്ന നിലയിലേക്ക് ഒതുങ്ങി.

അഞ്ചാം വിക്കറ്റിൽ ക്രീസിൽ സ്ഥാനമുറപ്പിച്ച മാർക്കസ് സ്റ്റോയ്ൻസിലൂടെ ലക്‌നൗ കളി തിരിച്ചുപിടിച്ചു. ക്യാപ്റ്റൻ കെ.എൽ.രാഹുലിനെ കാഴ്ചക്കാരനാക്കി സിക്‌സർ പറത്തിയും ഫോറുകൾ അടിച്ചുകൂട്ടിയും സ്റ്റോയ്ൻസ് വെടിക്കെട്ട് തീർത്തു. എന്നാൽ സ്‌കോർ 99ൽ എത്തി നിൽക്കെ കാൻ ശർമയുടെ പന്ത് ഷഹ്ബാസ് അഹമ്മദിന്റെ കയ്യിൽ. സ്റ്റോയ്ൻസ്( 30 പന്തിൽ 65) പോരാട്ടം നിലച്ചു. പിന്നീട് കളിയുടെ നിയന്ത്രണം വിക്കറ്റ് കീപ്പർ നിക്കോളാസ് പൂരന്റെ കയ്യിലായിരുന്നു.

അതിനിടെ രാഹുലിനെ ( 20 പന്തിൽ 18) സിറാജ് പുറത്താക്കി. എന്നാൽ പിന്നീട് കളത്തിൽ കാലുറപ്പിച്ച ആയുഷ് ബദോനിയെയുടെ പിന്തുണയോടെ പൂരൻ ലക്‌നൗവിനെ 189 എന്ന നിലയിലേക്ക് നയിച്ചു. കളത്തിൽ നിറഞ്ഞാടിയ പൂരനും ആയുഷ് ബദോനിയും ചേർന്ന് ആറാം വിക്കറ്റിൽ നേടിയത് 84 റൺസിന്റെ അതിദഗംഭീര കൂട്ടുകെട്ടാണ്. 19 പന്തിൽ ഏഴു സിക്‌സറും നാലു ഫോറും അടിച്ചുകൂട്ടിയ പൂരാൻ 62 റൺസാണ് എടുത്തത്. വിജയത്തിന് തൊട്ടരികെ നിൽക്കെ 206ൽ ബദോനി ( 24 പന്തിൽ 30)യും കളംവിട്ടു. അവസാന ഓവറുകളിൽ മൂന്നു വിക്കറ്റുകൾ തുടരെ വീണെങ്കിലും ലഖ്‌നൗ ആത്മവിശ്വാസം കൈവിട്ടില്ല. അവസാന പന്തു വരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ മത്സരത്തിന്റെ അവസാന പന്തിൽ ജയം ലഖ്‌നൗ സ്വന്തമാക്കുകയായിരുന്നു.

ബാംഗ്ലൂർ 212/2

ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ബാംഗ്ലൂർ തകർപ്പൻ സ്‌കോറാണ് അടിച്ചുകൂട്ടിയത്. നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ബാംഗ്ലൂർ 212 റൺസെടുത്തു. വിരാട് കോഹ്ലിയും ഡുപ്ലസിയും ചേർന്ന് ബാംഗ്ലൂരിനായി വെടിക്കെട്ട് തുടക്കമാണ് നൽകിയത്. സെഞ്ച്വറി കൂട്ടുകെട്ടിലേക്ക് കുതിച്ച കോഹ്ലി-ഡുപ്ലസി സഖ്യത്തെ അമിത് മിശ്രയാണ് പിരിച്ചത്. പക്ഷേ അപ്പോഴേക്കും ലഖ്‌നൗ ഒരുപാട് വൈകിയിരുന്നു. ബാംഗ്ലൂരിൻറെ ടീം സ്‌കോർ 96ൽ നിൽക്കെയാണ് വിരാടിനെ മിശ്ര വീഴത്തുന്നത്. 44 പന്തിൽ നാല് ബൌണ്ടറിയും നാല് സിക്‌സറുകളുമുൾപ്പെടെ 61 റൺസ് നേടിയായിരുന്നു കോഹ്ലിയുടെ മടക്കം.

എന്നാൽ ആ വിക്കറ്റിന് ശേഷം കാര്യമായൊന്നും ചെയ്യാൻ ലക്‌നൌ ബൌളർമാർക്കായില്ല. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ഫാഫ് ഡുപ്ലസിയും ഗ്ലെൻ മാക്‌സ്വെല്ലും ചേർന്ന് ബോളിങ് സൈഡിനെ തല്ലി വശംകെടുത്തി. ബാംഗ്ലൂരിൻറെ ടീം സ്‌കോർ കുതിച്ചു. ഇതിനിടയിൽ ഡുപ്ലസിയും മാക്‌സ്വെല്ലും അർധ സെഞ്ച്വറി കുറിച്ചു. ആദ്യ വിക്കറ്റ് സെഞ്ച്വറി കൂട്ടുകെട്ടിനരികെ വീണെങ്കിൽ രണ്ടാം വിക്കറ്റിൽ ബാംഗ്ലൂർ പാർട്ണർഷിപ്പ് 100 കടന്നു. ഡുപ്ലസിയും മാക്‌സ്വെല്ലും ചേർന്ന് രണ്ടാം വിക്കറ്റിൽ ബാംഗ്ലൂരിനായി 115 റൺസ് കുറിച്ചു.

46 പന്തിൽ അഞ്ച് ബൌണ്ടറികളും അഞ്ച് സിക്‌സറുകളുമുൾപ്പെടെ 79 റൺസ് നേടി പുറത്താകാതെ നിന്ന ഡുപ്ലസിയാണ് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിൻറെ ടോപ് സ്‌കോറർ. 29 പന്തിൽ മൂന്ന് ബൌണ്ടറിയും ആറ് സിക്‌സറുകളുമായി 59 റൺസെടുത്ത മാക്‌സ്വെല്ലിനെ അവസാന ഓവറിലെ അഞ്ചാം പന്തിലാണ് മാർക്‌വുഡ് പുറത്താകുന്നത്. അവസാന പന്ത് മാത്രം ഫേസ് ചെയ്ത് ദിനേഷ് കാർത്തിക് ഒരു റൺസ് കൂടി ബാംഗ്ലൂർ സ്‌കോർ കാർഡിൽ ചേർത്തു.

Similar Posts