അലൈന്‍സ് അരീനയില്‍ ബലാബലം; റയല്‍-ബയേണ്‍ ആവേശപ്പോര് സമനിലയില്‍
|റയലിനായി വിനീഷ്യസ് ജൂനിയർ ഇരട്ട ഗോൾ കണ്ടെത്തിയപ്പോൾ ലിറോയ് സാനേയും ഹാരികെയ്‌നുമാണ് ബയേണിനായി വലകുലുക്കിയത്
യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യ പാദ സെമിയിൽ റയൽ മാഡ്രിഡ് ബയേൺ മ്യൂണിക്ക് പോരാട്ടം സമനിലയിൽ കലാശിച്ചു. ബയേണിന്റെ തട്ടകമായ അലൈൻസ് അരീനയിൽ അരങ്ങേറിയ ആവേശപ്പോരിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതമടിച്ച് പിരിഞ്ഞു. റയലിനായി വിനീഷ്യസ് ജൂനിയർ ഇരട്ട ഗോൾ കണ്ടെത്തിയപ്പോൾ ലിറോയ് സാനേയും ഹാരികെയ്‌നുമാണ് ബയേണിനായി വലകുലുക്കിയത്.
അലൈൻസ് അരീനയിൽ കളത്തിലും കണക്കിലും ഇരുടീമുകളും ബലാബലം നിന്നപ്പോൾ ആരാധകർക്കത് ആവേശക്കാഴ്ചയായി. മത്സരത്തിന്റെ 24ാം മിനിറ്റിൽ റയലാണ് ഗോൾവേട്ടക്ക് തുടക്കം കുറിച്ചത്. ടോണി ക്രൂസ് ബ്രില്ല്യൻസിൽ വിനീഷ്യസിന്റെ ക്ലിനിക്കൽ ഫിനിഷ്. മൈതാന മധ്യത്ത് നിന്ന് പന്ത് പിടിച്ചെടുത്ത് ബയേൺ പ്രതിരോധ താരങ്ങളെ മുഴുവൻ കബളിപ്പിച്ച് ക്രൂസ് അളന്നു മുറിച്ച് നൽകിയ പാസിനെ മനോഹരമായൊരു ഫിനിഷിൽ വിനീഷ്യസ് വലയിലാക്കി.
രണ്ടാം പകുതിയിൽ ബയേണിന്റെ മറുപടിയെത്തി. 53 ാം മിനിറ്റില്‍ വലതുവിങ്ങിലൂടെ പന്തുമായി കുതിച്ച് കയറി പെനാൽട്ടി ബോക്‌സിലേക്ക് കടന്ന ലിറോയ് സാനേ അടിച്ചൊരു ബുള്ളറ്റ് റയൽ ഗോൾകീപ്പർ ലുനിനെയും മറികടന്ന് ഗോൾവലയിലേക്ക് തുളഞ്ഞു കയറി. ഈ ഗോൾ വീണ് നാല് മിനിറ്റ് പിന്നിടും മുമ്പേ ആതിഥേയർ വീണ്ടും റയൽ വലതുളച്ചു. ജമാൽ മുസിയാലയെ ലൂകാസ് വാസ്‌ക്വെസ് പെനാൽട്ടി ബോക്‌സിൽ വീഴ്ത്തിയതിന് കിട്ടിയ പെനാൽട്ടി ഹാരികെയ്ൻ പിഴവുകകളില്ലാതെ വലയിലെത്തിച്ചു.
കളിയുടെ 81ാം മിനിറ്റിൽ റയലിന്റെ തിരിച്ചടി. ഇക്കുറി റോഡ്രിഗോയെ കിം മിൻ ജേ പെനാൽട്ടി ബോക്‌സിൽ വീഴ്ത്തിയതിനാണ് റഫറി പെനാൽട്ടി വിധിച്ചത്. പെനാൽട്ടിയെടുത്ത വിനീഷ്യസിന് പിഴച്ചില്ല. സ്‌കോർ 2-2. കളിയുടെ അവസാന വിസില്‍ വരെ ഇരുടീമുകളും ഗോള്‍ശ്രമങ്ങള്‍ പലതും നടത്തിയെങ്കിലും അവയൊന്നും ലക്ഷ്യം കാണാതെ പോയതോടെ കളി സമനിലയില്ർ അവസാനിച്ചു.