''റയലിനെ പ്രതികാര ബുദ്ധിയോടെ സമീപിക്കുന്നത് ആന മണ്ടത്തരമാവും''- ഗാര്‍ഡിയോള
|''റയൽ വലിയൊരു ഉദാഹരണമാണ്''
മാഡ്രിഡ്: ചാമ്പ്യൻസ് ലീഗിൽ വീണ്ടുമൊരു സെമിപോരാട്ടത്തിന് അരങ്ങൊരുങ്ങുമ്പോൾ പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്ക് പ്രതീക്ഷകൾ ഏറെയാണ്. കഴിഞ്ഞ തവണ സെമിയിൽ റയലിനോട് പരാജയപ്പെട്ടാണ് സിറ്റി പുറത്തായത്. അതും അവസാന നിമിഷങ്ങളിലെ അശ്രദ്ധ കൊണ്ട്.
കഴിഞ്ഞ ആറ് വർഷത്തിനിടെ ഒരിക്കൽ പോലും ചാമ്പ്യന്‍സ് ലീഗില്‍ സിറ്റി ക്വാർട്ടർ കാണാതെ പുറത്തായിട്ടില്ല. പക്ഷെ ഒരിക്കൽ പോലും അവർക്ക് കിരീടം ചൂടാനായില്ല. ഇക്കുറി പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും സിറ്റി നടത്തുന്ന അവിശ്വസനീയ പടയോട്ടം കാണുമ്പോൾ ഓരോ സിറ്റി ആരാധകന്റേയും മനസ്സിൽ പ്രതീക്ഷകൾ വാനോളമാണ്. സെമി ഫൈനലിന് മുമ്പ് തങ്ങളുടെ പ്രതീക്ഷകൾ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ സിറ്റി പരിശീലകൻ പെപ് ഗാർഡിയോള.
''ഒരിക്കൽ ഞങ്ങൾ ഫൈനലിൽ പ്രവേശിക്കും. ഞങ്ങളാ കിരീടത്തിൽ മുത്തമിടുക തന്നെ ചെയ്യും. ടീമിന്റെ സ്ഥിരതയാണ് ഏറ്റവും പ്രധാനം. അതിന് റയൽ ഏറ്റവും വലിയൊരു ഉദാഹരണമാണ്. പ്രതികാരം തീർക്കാനല്ല ഞങ്ങൾ വരുന്നത്. റയലിനെ പോലൊരു ടീമിനെ പ്രതികാര ബുദ്ധിയോടെ സമീപിക്കൽ ആന മണ്ടത്തരമാവും. ഫൈനലിൽ എത്താനുള്ള വലിയൊരു അവസരമാണിത്. അത് കൃത്യമായി വിനിയോഗിക്കണം''- ഗാര്‍ഡിയോള പറഞ്ഞു.