ആരാധകരോട് ക്ഷമ ചോദിച്ച് റയൽ മാഡ്രിഡ് പരിശീലകൻ
|ജിറോണയോട് 4-2 എന്ന സ്കോറിനായിരുന്നു സ്പാനിഷ് ഭീമൻമാരുടെ പരാജയം
ലാലിഗയിൽ ജിറോണ എഫ്.സിക്കെതിരായ പരാജയത്തിനു ശേഷം ആരാധകരോട് ക്ഷമ ചോദിച്ച് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി. ഈ മത്സരം റയൽ മാഡ്രിഡിനെ പ്രതിനിധീകരിക്കുന്നില്ലയെന്നും ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ടീം ശക്തമായി തിരിച്ചു വരുമെന്നും ആൻസലോട്ടി ആരാധകർക്ക് ഉറപ്പ് നൽകി.
ജിറോണയോട് 4-2 എന്ന സ്കോറിനായിരുന്നു സ്പാനിഷ് ഭീമൻമാരുടെ പരാജയം. ലാലിഗ പോയിന്റ് ടേബിളിൽ 9-ാം സ്ഥാനത്തുളള ജിറോണക്കെതിരെ ഇത്തരം ഒരു പരാജയം റയലിന് അപ്രതീക്ഷമായിരുന്നു. ന്യൂയോർക്ക് സിറ്റി എഫ്‌സിയിൽ നിന്ന് ജിറോണയിൽ ലോണിൽ കളിക്കുന്ന അർജന്റീനക്കാരൻ ടാറ്റി കാസ്റ്റെല്ലാനോസിന്റെ അവിശ്വസനീയമായ നാല് ഗോളുകളാണ് ലാ ലിഗയിൽ റയൽ മാഡ്രിഡിന് അപ്രതീക്ഷിത പരാജയംസമ്മാനിച്ചത്. വിനീഷ്യസ് ജൂനിയറും ലൂക്കാസ് വാസ്‌ക്വസുമാണ് റയലിനായി സ്‌കോർ ചെയ്തത്. റയൽ തന്നെയായിരുന്നു മത്സരത്തിൽ 72- ശതമാനത്തോളം പന്ത് കൈവശം വെച്ചത്. തോൽവിയോടെ ഒന്നാമതുളള ബാഴ്സലോണയുമായി പതിനൊന്ന് പോയിന്റ് പിന്നിലാണ് റയൽ മാഡ്രിഡ്.
🏁 FP: @GironaFC 4-2 @RealMadrid
— Real Madrid C.F. (@realmadrid) April 25, 2023
⚽ Castellanos 12', 24', 46', 62'; @vinijr 34', @Lucasvazquez91 85'#GironaRealMadrid | #Emirates pic.twitter.com/GANIlhqPj3
"ഇത് കഠിനമാണ്, കാരണം തോൽവി എപ്പോഴും കഠിനമായിരിക്കും. മത്സരത്തിൽ പ്രതിരോധം വളരെ മോശമായിരുന്നു. അതായിരുന്നു തോൽവിക്ക് പ്രധാന കാരണം. ഞങ്ങൾ മത്സരം നന്നായി തന്നെ കളിച്ചു, പ്രത്യേകിച്ച് തുടക്കത്തിൽ. പക്ഷേ, രണ്ട് പ്രത്യാക്രമണങ്ങളിൽ ഞങ്ങൾ കുടുങ്ങി, അവിടെ നിന്ന് എല്ലാം കൂടുതൽ ബുദ്ധിമുട്ടായി.
ആരാധകരെ വേദനിപ്പിച്ചുവെന്ന് ഞാൻ മനസ്സിലാക്കുന്നു, ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ഞങ്ങൾക്കും വേദനയുണ്ട്. എന്നാൽ ഒസാസുനയ്‌ക്കെതിരായ കോപ്പ ഡെൽ റേ ഫൈനലിലും മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ചാമ്പ്യൻസ് ലീഗ് സെമി-ഫൈനലിലും ഞങ്ങൾ ശക്തമായി തിരിച്ചു വരുമെന്ന് ആരാധകർക്ക് അറിയാം. ഈ മത്സരം ഒരിക്കലും റയൽ മാഡ്രിഡിനെ പ്രതിനിധീകരിക്കുന്നില്ല. ഞങ്ങൾ ക്ഷമ ചോദിക്കുന്നു, പക്ഷേ ഞങ്ങൾ മുന്നോട്ട് പോകണം." മാഡ്രിഡ് ബോസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
റയൽ മാഡ്രിഡ് അവരുടെ അവസാന ഏഴ് മത്സരങ്ങളിൽ ആറ് ക്ലീൻ ഷീറ്റുകൾ സൂക്ഷിച്ചിരുന്നുവെങ്കിലും ജിറോണയ്‌ക്കെതിരെ പൂർണ്ണമായും ടീം അസംഘടിതമായാണ് കാണപ്പെട്ടത്. എന്നിരുന്നാലും, സീസണിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന തന്റെ കളിക്കാർക്ക് ഈ തോൽവി ഒരു പുത്തൻ ഉണർവായി വർത്തിക്കുമെന്ന് ആൻസലോട്ടി വിശ്വസിക്കുന്നു. ശനിയാഴ്ച സാന്റിയാഗോ ബെർണബ്യൂവിൽ ലാ ലിഗയിൽ അൽമേരിയെക്കെതിരെയാണ് റയൽ മാഡ്രിഡിന് അടുത്ത മത്സരം.