ഒരേയൊരു റയല്‍; 36ാം ലാലിഗ കിരീടത്തില്‍ മുത്തമിട്ട് റയല്‍ മാഡ്രിഡ്
|ജിറോണക്ക് ചാമ്പ്യന്‍സ് ലീഗ് യോഗ്യത
ലാലിഗയിൽ തങ്ങൾക്ക് ഇക്കുറി എതിരാളികളില്ലെന്ന് പ്രഖ്യാപിച്ച് റയൽ മാഡ്രിഡ്. നാല് കളികൾ ബാക്കി നിൽക്കേ ലോസ് ബ്ലാങ്കോസ് തങ്ങളുടെ 36ാം ലാലിഗ കിരീടത്തിൽ മുത്തമിട്ടു. ഇന്നലെ ജിറോണ ബാഴ്‌സലോയണയെ തകർത്തതോടെയാണ് റയൽ കിരീടമുറപ്പിച്ചത്. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ജിറോണയുടെ വിജയം.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ കാഡിസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത റയൽ കിരീടത്തിനരികിലെത്തിയിരുന്നു. ജിറോണയുടെ വിജയത്തോടെ ലാലിഗയിലെ കിരീടപ്പോരാട്ടങ്ങൾ അവസാനിച്ചു. ജിറോണ അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിനുള്ള യോഗ്യതയും നേടി. ഈ സീസണിൽ ലാലിഗയിൽ അത്ഭുതക്കുതിപ്പ് നടത്തിയ ടീം ഇതാദ്യമായാണ് യൂറോപ്പിലെ വമ്പന്മാരുടെ പോരാട്ടത്തിൽ മാറ്റുരക്കാനൊരുങ്ങുന്നത്.
ലാലിഗ പോയിന്റ് പട്ടികയിൽ 34 മത്സരങ്ങൾ കളിച്ച റയലിന് 87 പോയിന്റാണുള്ളത്. ഇത്ര തന്നെ മത്സരങ്ങൾ കളിച്ച ജിറോണക്ക് 74 പോയിന്റും ബാഴ്‌സക്ക് 73 പോയിന്‍റുമുണ്ട്. നാലാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡിന് 67 പോയിന്റാണുള്ളത്.