യുണൈറ്റഡിന് തിരിച്ചടിയായി കസെമിറോയ്ക്ക് റെഡ് കാർഡ്; നാല് കളികളിൽ വിലക്കിന് സാധ്യത
|ഈ സീസണിലെ കസെമിറോയുടെ രണ്ടാമത്തെ പുറത്താവലാണിത്.
ഓൾഡ് ട്രാഫോർഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സതാംപ്ടണുമായുള്ള മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടിയായി കസെമിറോയ്ക്ക് ചുവപ്പ് കാർഡ്. സമനിലയിൽ അവസാനിച്ച മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു താരത്തിന് റഫറിയായ ആന്തണി ട്രെയ്ലറുടെ വക കനത്ത ഇരുട്ടടി ലഭിച്ചത്. അൽകാരെസിനെ ഫൗൾ ചെയ്തതിനായിരുന്നു കസെമിറോയ്ക്ക് ചുവപ്പ് കാർഡ് കിട്ടിയത്.
ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ 34-ാം മിനിറ്റിൽ ചന്നെ യുണൈറ്റഡ് താരം ചുവപ്പ് കാർഡ് കണ്ട് കളം വിടുകയായിരുന്നു. പ്രധാന മിഡ്ഫീൽഡറുടെ പുറത്താവൽ യുണൈറ്റഡിന് കനത്ത തിരിച്ചടിയായി. ആദ്യം മഞ്ഞ കാർഡാണ് കാണിച്ചതെങ്കിലും റഫറി വാർ പരിശോധിക്കുകയും ഫൗളിന്റെ സ്വഭാവം മനസിലാക്കി ചുവപ്പ് കാർഡാക്കുകയുമായിരുന്നു. ഈ സീസണിലെ കസെമിറോയുടെ രണ്ടാമത്തെ പുറത്താവലാണിത്.
ഇതോടെ നാല് കളികളിൽ താരത്തിന് വിലക്ക് നേരിടേണ്ടിവരും. കളിയുടെ തുടക്കത്തിൽ തന്നെ യുണൈറ്റഡിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. നൽകുന്ന പാസുകളൊന്നും ലക്ഷ്യം കാണാതിരുന്ന ടീം പതുക്കെ കളിയിലേക്ക് തിരിച്ചെത്താൻ ശ്രമിച്ചെങ്കിലും കസെമിറോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ആത്മവിശ്വാസം നഷ്ടപ്പെടുകയായിരുന്നു.
രണ്ടാം പകുതിയിൽ ഇരുടീമുകൾക്കും ഏറെ അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ഗോളായില്ല. ഗോളിനായി അവസാന നിമിഷം വരെ പൊരുതിയെങ്കിലും ആർക്കും ഗോൾവല കുലുക്കാനായില്ല. പ്രീമിയർ ലീഗിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള ടീമാണ് സതാംപ്ടൺ.
അതേസമയം, കസെമിറോയ്ക്ക് ചുവപ്പ് കാർഡ് നൽകിയ ആന്തണി ടെയ്ലറിതിരെ ട്വിറ്ററിൽ വൻ പ്രതിഷേധമാണ് യുണൈറ്റഡ് ആരാധകരിൽ നിന്നുണ്ടാവുന്നത്. ആന്തണിയുടേത് തെറ്റായ തീരുമാനമാണെന്നും ഏറ്റവും മോശം റഫറിയാണ് അദ്ദേഹമെന്നും പലരും ആരോപിക്കുന്നു.