Sports
Ricky Ponting

Ricky Ponting

Sports

ടി20 ലോകകപ്പിലെ റൺവേട്ടക്കാരനേയും വിക്കറ്റ് വേട്ടക്കാരനേയും പ്രവചിച്ച് റിക്കി പോണ്ടിങ്

Web Desk
|
31 May 2024 2:21 PM GMT

'ഭയലേശമന്യേ ഇത്രമേൽ മനോഹരമായി പന്തുകളെ നേരിടുന്നൊരു താരത്തെ സമീപകാലത്തൊന്നും ഞാൻ കണ്ടിട്ടില്ല'

ടി 20 ലോകകപ്പിന് ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ കൂടിയാണ് അവശേഷിക്കുന്നത്. ഇക്കുറിയും ലോകകപ്പിലെ ഹോട്ട് ഫേവറേറ്റുകളാണ് ടീം ഇന്ത്യ. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, ഏകദിന ലോക ചാമ്പ്യന്മാരായ ആസ്‌ത്രേലിയ തുടങ്ങിയ ടീമുകളൊക്കെ ഉജ്ജ്വല ഫോമിലാണ്. പ്രവചനങ്ങൾ ഇക്കുറി അസാധ്യമാണെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്.

ഇപ്പോഴിതാ മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ് ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരനേയും റൺവേട്ടക്കാരനേയും പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഐ.പി.എല്ലിലും ഏകദിന ലോകകപ്പിലും തകർപ്പൻ പ്രകടനം പുറത്തെടുത്ത ഓസീസ് താരം ട്രാവിസ് ഹെഡ്ഡ് റൺവേട്ടക്കാരിൽ ഒന്നാമനാവും എന്നാണ് പോണ്ടിങ്ങിന്റെ പ്രവചനം. ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയായിരിക്കും വിക്കറ്റ് വേട്ടക്കാരിൽ മുന്നിലെത്തുക എന്നും പോണ്ടിങ് പ്രവചിച്ചു.

'വൈറ്റ് ബോളിലും റെഡ് ബോളിലും മിന്നും പ്രകടനങ്ങളാണ് ട്രാവിസ് ഹെഡ്ഡിന്റെ ബാറ്റിൽ നിന്ന് സമീപകാലത്ത് പിറവിയെടുത്തിട്ടുള്ളത്. അതിനാൽ തന്നെ റൺവേട്ടക്കാരിൽ ട്രാവിസ് ഹെഡ്ഡിനെക്കാൾ മികച്ചൊരു ഓപ്ഷനെ ഞാൻ കാണുന്നില്ല. ഭയലേശമന്യേ ഇത്രമേൽ മനോഹരമായി പന്തുകളെ നേരിടുന്നൊരു താരത്തെ സമീപകാലത്തൊന്നും ഞാൻ കണ്ടിട്ടില്ല. ബുംറയുടെ അസാധാരണ പേസും ടീമിന് ബ്രേക്ക് ത്രൂ കൊണ്ടു വരാനുള്ള കഴിവും അയാളെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനാക്കും'- പോണ്ടിങ് പറഞ്ഞു.

കഴിഞ്ഞ ഐ.പി.എല്ലിൽ ട്രാവിസ് ഹെഡ്ഡും ബുംറയും മികച്ച പ്രകടനങ്ങളാണ് പുറത്തെടുത്തത്. 15 മത്സരങ്ങളിൽ നിന്ന് 191 സ്‌ട്രൈക്ക് റൈറ്റിൽ ഹെഡ്ഡ് 567 റൺസാണ് അടിച്ചെടുത്ത്. ടൂർണമെന്റിലെ റൺവേട്ടക്കാരുടെ പട്ടികയിൽ നാലാമതുണ്ടായിരുന്നു ഹെഡ്ഡ്. കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഇന്ത്യക്കെതിരെ ഹെഡ്ഡ് നടത്തിയ തകർപ്പൻ പ്രകടനമാണ് ഓസീസിന് വിശ്വകിരീടം സമ്മാനിച്ചത്.

അതേസമയം മുംബൈ ഇന്ത്യൻസ് ഇക്കുറി ടൂർണമെന്റിൽ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത് എങ്കിലും ജസ്പ്രീത് ബുംറയുടെ പ്രകടനങ്ങൾ അതിശയിപ്പിക്കുന്നതായിരുന്നു. 13 മത്സരങ്ങളിൽ നിന്ന് 20 വിക്കറ്റുകളാണ് ബുംറ തന്റെ പേരിൽ കുറിച്ചത്. ടീമിലെ മറ്റു ബോളർമാരൊക്കെ കണക്കിന് തല്ലുവാങ്ങിക്കൂട്ടിയപ്പോൾ ബുംറയുടെ എക്കോണമി റേറ്റ് 6.48 ആയിരുന്നു. ന്യൂ ബോളിൽ വേരിയേഷൻ കൊണ്ടു വരാൻ ബുംറക്ക് കഴിയുമെന്നും ഇത് താരത്തിന് ലോകകപ്പിൽ ഗുണം ചെയ്യുമെന്നും പോണ്ടിങ് കൂട്ടിച്ചേർത്തു.

Similar Posts