Sports
പന്തിന് ഇംഗ്ലണ്ടിലെ സാഹചര്യത്തിനു പറ്റിയ സാങ്കേതികമികവില്ല; വിമര്‍ശനവുമായി മുന്‍ പാക് നായകന്‍
Sports

'പന്തിന് ഇംഗ്ലണ്ടിലെ സാഹചര്യത്തിനു പറ്റിയ സാങ്കേതികമികവില്ല'; വിമര്‍ശനവുമായി മുന്‍ പാക് നായകന്‍

Web Desk
|
29 Aug 2021 4:38 PM GMT

ഇന്ത്യ ഇന്നിങ്‌സിനും 76 റണ്‍സിനും തോറ്റ ലീഡ്‌സില്‍ രണ്ടും ഒന്നും റണ്‍സാണ് പന്ത് നേടിയത്. ലീഡ്‌സില്‍ രണ്ട് ഇന്നിങ്‌സുകളിലായി 37ഉം 22ഉം നോട്ടിങ്ങാമില്‍ ആദ്യ ഇന്നിങ്‌സില്‍ 25ഉം അടക്കം ആകെ 87 റണ്‍സാണ് മൂന്നു ടെസ്റ്റുകളില്‍നിന്നായി താരത്തിന്റെ സമ്പാദ്യം

അടുത്ത കാലത്തായി ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ മികച്ച പ്രകടനങ്ങളില്‍ ഋഷഭ് പന്തിന് വലിയ പങ്കുണ്ട്. മോശം പ്രകടനത്തെ തുടര്‍ന്ന് ടീമില്‍നിന്ന് ഏറെനാള്‍ പുറത്തിരിക്കേണ്ടിവന്ന താരമാണ് പന്ത്. എന്നാല്‍, ടീം ഇന്ത്യയുടെ കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ ഞെട്ടിപ്പിക്കുന്ന പ്രകടനങ്ങളിലൂടെയായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലും താരം ഇതേ പ്രകടനം തുടര്‍ന്നു. മുന്‍നിര തകര്‍ന്നപ്പോഴെല്ലാം ടീമിനെ രക്ഷിച്ചത് പന്തിന്റെ പ്രത്യാക്രമണ ഇന്നിങ്‌സുകളായിരുന്നു.

എന്നാല്‍, ഇന്ത്യയുടെ ഇംഗ്ലീഷ് പര്യടനത്തില്‍ ടീമിന്റെ പ്രതീക്ഷ കാക്കാന്‍ ഇതുവരെ പന്തിനായിട്ടില്ല. പ്രത്യേകിച്ചും മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ പരാജയപ്പെട്ടപ്പോഴെല്ലാം മധ്യനിരയില്‍ രക്ഷകവേഷമണിയാന്‍ താരത്തിനായിരുന്നില്ല. പകരം വാലറ്റത്തിന്റെ രക്ഷാപ്രവര്‍ത്തനമായിരുന്നു ലോര്‍ഡ്‌സിലടക്കം വന്‍നാണക്കേടില്‍നിന്ന് ടീമിനെ രക്ഷിച്ചത്. ഇംഗ്ലീഷ് പടയോട് ഇന്നിങ്‌സിനും 76 റണ്‍സിനും തോറ്റ ലീഡ്‌സില്‍ രണ്ട്, ഒന്ന് എന്നിങ്ങനെയാണ് രണ്ട് ഇന്നിങ്സുകളില്‍ പന്ത് നേടിയത്. ലീഡ്‌സില്‍ രണ്ട് ഇന്നിങ്‌സുകളിലായി 37ഉം 22ഉം നോട്ടിങ്ങാമില്‍ ആദ്യ ഇന്നിങ്‌സില്‍ 25ഉം അടക്കം ആകെ 87 റണ്‍സാണ് മൂന്നു ടെസ്റ്റുകളില്‍നിന്നായി താരത്തിന്റെ സമ്പാദ്യം.

ഇതിനിടെ, ഈ പരമ്പരയില്‍ പന്തിന്റെ മോശം പ്രകടനത്തിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകന്‍ സല്‍മാന്‍ ഭട്ട്. ഇംഗ്ലണ്ടിലെ സാഹചര്യത്തിനൊത്ത സാങ്കേതികമികവ് ഋഷഭ് പന്തിനില്ലെന്നാണ് സല്‍മാന്‍ ഭട്ട് പറയുന്നത്. ഓരോ പന്തും അടിച്ചുപറത്താനുള്ള ശൈലികൊണ്ട് ഒന്നോ രണ്ടോ മികച്ച ഇന്നിങ്‌സ് കളിക്കാന്‍ അദ്ദേഹത്തിനു പറ്റിയേക്കാം. എന്നാല്‍, ഇങ്ങനെ കളിക്കുകയാണെങ്കില്‍ ടെസ്റ്റ് ബാറ്റ്‌സ്മാനെന്ന നിലയില്‍ വിജയിക്കാന്‍ അദ്ദേഹത്തിനാകില്ല-സ്വന്തം യൂടൂബ് ചാനലില്‍ സല്‍മാന്‍ ഭട്ട് സൂചിപ്പിച്ചു.

നല്ല ക്ഷമയും ഒപ്പം പ്രതിരോധത്തിനുള്ള സാങ്കേതികമികവും അദ്ദേഹം വികസിപ്പിക്കേണ്ടതുണ്ട്. വ്യത്യസ്ത തരത്തിലുള്ള ഷോട്ടുകള്‍ അദ്ദേഹത്തിന് വശമുണ്ട്. എന്നാല്‍, പന്ത് ഡിഫന്‍സ് ചെയ്യാനുള്ള താരത്തിന്റെ സാങ്കേതികത്തികവ് ടെസ്റ്റ് ക്രിക്കറ്റിനു വേണ്ടത്ര ശക്തമല്ല. പ്രത്യേകിച്ചും ഇംഗ്ലണ്ടിലെ പോലുള്ള സാഹചര്യങ്ങളില്‍. ഇന്ത്യയിലും ഒരുപക്ഷെ ആസ്‌ട്രേലിയയില്‍ വരെ താരം വിജയം കണ്ടേക്കാം. കാരണം രണ്ടിടത്തും ഇവിടത്തെ പോലെ പന്ത് അത്ര സിങ് ചെയ്യില്ല. എന്നാല്‍, വലിയ തോതില്‍ പന്ത് സ്വിങ് ചെയ്യുന്ന ഇംഗ്ലണ്ടിലെ പോലുള്ള സാഹചര്യങ്ങള്‍ താരത്തിന് പ്രയാസകരമാകും-സല്‍മാന്‍ ഭട്ട് കൂട്ടിച്ചേര്‍ത്തു.

Similar Posts