Sports
തോല്‍വിക്ക് കാരണം അവരുടെ വീഴ്ച; സ്പിന്നര്‍മാരെ പഴിച്ച് ഋഷഭ് പന്ത്
Sports

'തോല്‍വിക്ക് കാരണം അവരുടെ വീഴ്ച'; സ്പിന്നര്‍മാരെ പഴിച്ച് ഋഷഭ് പന്ത്

Web Desk
|
13 Jun 2022 3:42 AM GMT

രണ്ടാം മത്സരത്തിലും ടീം ദയനീയ തോല്‍വി വഴങ്ങിയതോടെ നായകന്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20 യിലും പരാജയപ്പെട്ടതോടെ സ്പിന്നര്‍മാരെ പഴിച്ച് ഇന്ത്യന്‍ നായകന്‍ ഋഷഭ് പന്ത്. ഭുവനേശ്വർ കുമാറിന്‍റെ നേതൃത്വത്തിലുള്ള പേസ് നിരയെ അഭിനന്ദിച്ച പന്ത് സ്പിന്നർമാരായ അക്സർ പട്ടേലിന്‍റെയും യുസ്വേന്ദ്ര ചാഹലിന്‍റെയും പ്രകടനത്തില്‍ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു.

രണ്ട് മത്സരങ്ങളിലും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ മോശം പ്രകടനമാണ് നടത്തിയത്. രണ്ടാം മത്സരത്തിലും ടീം ദയനീയ തോല്‍വി വഴങ്ങിയതോടെ നായകന്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. ഇന്നലെ നടന്ന രണ്ടാം ടി20 യില്‍ ഒരോവര്‍ മാത്രമെറിഞ്ഞ അക്‌സർ പട്ടേല്‍ 19 റൺസാണ് വിട്ടുകൊടുത്തത്. ചഹൽ ആകട്ടെ നാലോവറിൽ വഴങ്ങിയത് 49 റൺസും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ 2 ഓവറിൽ 26 റൺസ് വഴങ്ങിയ ചാഹലിന് ഒരു വിക്കറ്റ് പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. അക്സര്‍ പട്ടേല്‍ ആദ്യ മത്സരത്തില്‍ വഴങ്ങിയതാകട്ടെ 40 റണ്‍സും.

ഇന്നലെ നടന്ന രണ്ടാം ടി20 യില്‍ ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം പത്ത് പന്ത് ബാക്കിനിൽക്കെയാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. ബൗളിങ്ങിനെ തുണക്കുമെന്ന് കരുതിയ പിച്ചിൽ ആദ്യം പതറിയെങ്കിലും ക്ലാസൻ ക്രീസിലെത്തിയതോടെ അനായാസമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങൾ. മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ മൂന്നു വിക്കറ്റുകൾ വീഴ്ത്തി ബുവനേശ്വർ കുമാറിന്റെ വക ഷോക്ക്. ഓപണർ റീസാ ഹെൻഡ്രിക്‌സ് ആദ്യ ഓവറിൽ തന്നെ നാല് റൺസ് മാത്രമെടുത്ത് പുറത്ത്. മൂന്നാമത്തെ ഓവറിൽ ഓൾറൗണ്ടർ ഡൈ്വൻ പ്രിട്ടോറിയസിനെയും ഭുവി തിരിച്ചയച്ചു. നാലാമനായെത്തിയ കഴിഞ്ഞ കളിയിലെ താരം റസി വാൻ ഡെർ ഡസ്സന്റെ കുറ്റിയും ഭുവനേശ്വർ പിഴുതെടുക്കുമ്പോൾ എല്ലാം കൈയിലൊതുങ്ങിയ ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യ.

എന്നാൽ, തുടർന്നായിരുന്നു നായകൻ തെംബ ബാവുമയുമായി കൂട്ടുചേർന്ന് ക്ലാസന്റെ മനോഹരമായ ഇന്നിങ്‌സ്. നിലയുറപ്പിക്കാൻ ഏതാനും പന്തുകൾ മാത്രമെടുത്തു. അതുവരെയും ഡ്രൈവിങ് സീറ്റിലായിരുന്ന ഇന്ത്യൻ ബൗളർമാരെ പൊതിരെ ബൗണ്ടറി കടത്തുകയും ഗാലറിയിലേക്ക് പറത്തുകയുമായിരുന്നു തുടർന്നങ്ങോട്ട്. അപ്പുറത്ത് ബാവുമ ഉറച്ച പിന്തുണയുമായി സ്‌ട്രൈക്കുകൾ കൈമാറിക്കൊണ്ടിരുന്നു. ഇടയ്ക്ക് കൂറ്റനടിക്കുള്ള ശ്രമത്തിനിടെ ബാവുമയെ(30 പന്തിൽ ഒരു സിക്‌സും നാല് ബൗണ്ടറിയും സഹിതം 35) മനോഹരമായൊരു പന്തിൽ ചഹൽ പുറത്താക്കി.

പിന്നീട് മില്ലർക്കൊപ്പമായിരുന്നു ക്ലാസന്റെ ചേസിങ്. ഒടുവിൽ വിജയതീരത്തിന് ഏതാനും റണ്ണകലെ ഹർഷൽ പട്ടേലിനെ ഗാലറിയിലേക്ക് പറത്താനുള്ള ശ്രമം പാളി. സബ് ആയി വന്ന രവി ബിഷ്‌ണോയിക്ക് ക്യാച്ച് നൽകി ക്ലാസൻ മടങ്ങി. പുറത്താകുമ്പോൾ 46 പന്തിൽ അഞ്ച് സിക്‌സും ഏഴ് ബൗണ്ടറിയും സഹിതം 81 റൺസ് അടിച്ചെടുത്തിരുന്നു താരം. പിന്നാലെ വന്ന വെയിൻ പാർനലിനെ മനോഹരമായൊരു പന്തിൽ ഭുവനേശ്വർ കുമാർ പറഞ്ഞയച്ചെങ്കിലും അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടിരുന്നു. ഒടുവിൽ മില്ലർ തന്നെ ടീമിന്റെ വിജയറൺ കുറിച്ചു.

ഇന്ത്യൻ ബൗളർമാരിൽ ഭുവനേശ്വർ കുമാർ തകർപ്പൻ പ്രകടനമാണ് ഇന്നു പുറത്തെടുത്തത്. നാല് ഓവറിൽ വെറും 13 റൺസ് മാത്രം വിട്ടുകൊടുത്ത ഭുവി നാല് സുപ്രധാന ദക്ഷിണാഫ്രിക്കൻ വിക്കറ്റുകളും പിഴുതെടുക്കുകയും ചെയ്തു. യുസ്‌വേന്ദ്ര ചഹലും ഹർഷൽ പട്ടേലും ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ സംഘത്തിൽ ഓപ്പണർ ഋതുരാജ് ഗെയ്ക്ക്വാദ്- ഒന്ന്(നാല്), റിഷബ് പന്ത് -അഞ്ച്(ഏഴ്), ഹാർദിക് പാണ്ഡ്യ ഒൻപത്(12), അക്സർ പട്ടേൽ 10(11) എന്നിവരെല്ലാം അധികം പോരാടാൻ പോലും നിൽക്കാതെ മടങ്ങിയതാണ് ടീം സ്‌കോറിന് മങ്ങലേൽപ്പിച്ചത്. 21 പന്തിൽ 34 റൺസെടുത്ത ഇഷാൻ കിഷനും 35 പന്തിൽ 40 റൺസെടുത്ത ശ്രേയസ്സ് അയ്യരും 21 പന്ത് നേരിട്ട് 30 റൺസെടുത്ത ദിനേശ് കാർത്തികുമാണ് നാണക്കേടിൽനിന്ന് ടീമിനെ രക്ഷിച്ചത്.

ഐപിഎല്ലിലെ വെടിക്കെട്ട് പേരുമായുമായെത്തിയ കാർത്തികും ഹർഷൽ പട്ടേലും വാലറ്റത്ത് നടത്തിയ പോരാട്ടം ടീം സ്‌കോർ 140 കടത്തുകയായിരുന്നു. ഹർഷൽ ഒൻപത് പന്തിൽ നിന്ന് 12 റൺസാണ് നേടിയത്.ദക്ഷിണാഫ്രിക്കക്കായി 36 റൺസ് വിട്ടുനൽകി ആൻട്രിച്ച് നോർക്കിയ രണ്ടു വിക്കറ്റ് വീഴ്ത്തി. റബാദ, പാർനെൽ, പ്രിട്ടോറിയസ്, കേശവ് മഹാരാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നാലോവർ എറിഞ്ഞ് ഒരു വിക്കറ്റ് നേടിയ റബാദ 15 റൺസ് മാത്രമാണ് വിട്ടുനൽകിയത്.

Similar Posts