കോവിഡ് പ്രതിരോധത്തിന് സംഭാവന നൽകി റിഷഭ് പന്ത്
|നേരത്തെ നിരവധി താരങ്ങള്‍ കോവിഡ് പ്രതിരോധത്തിന് പിന്തുണയുമായി വന്നിരുന്നു
രാജ്യം കോവിഡ് പ്രതിസന്ധിയിൽ പെട്ടിരിക്കുമ്പോൾ സഹായവുമായി ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷഭ് പന്ത്. നേരത്തെ സമൂഹ മാധ്യമങ്ങളിലൂടെ റിഷഭ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകിയിരുന്നു. ഇപ്പോൾ കോവിഡ് പ്രതിരോധത്തിന് സാമ്പത്തിക സഹായവുമായി വന്നിരിക്കുകയാണ് താരം.
ഓക്‌സിജൻ സിലിണ്ടർ വാങ്ങാനും ബെഡുകൾ വാങ്ങാനും റിലീഫ് കിറ്റുകൾ തുടങ്ങിയ ആവശ്യങ്ങൾക്കായാണ് റിഷഭ് പന്ത് പണം നൽകിയത്. ഇന്ത്യ ഓക്‌സിജൻ ക്ഷാമത്തിൽ പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് കൂടുതൽ താരങ്ങൾ ഇതുപോലെ സഹായവുമായി രംഗത്ത് വരുന്നത്. അതേസമയം എത്ര രൂപയാണ് താൻ നൽകുക എന്ന് റിഷഭ് പന്ത് പുറത്തു വിട്ടിട്ടില്ല. താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ സംഭാവനയുടെ വിവരം പുറത്തുവിട്ടത്. കൂടുതലായും ഗ്രാമപ്രദേശങ്ങളിലും ചെറിയ നഗരങ്ങളിലുമാണ് താൻ നൽകുന്ന തുക ചെലവഴിക്കേണ്ടതെന്ന് താരം അഭിപ്രായപ്പെട്ടു. ഹേംകുന്ത് ഫൗണ്ടേഷനിലേക്കാണ് പന്ത് പണം നൽകിയത്. നിലവിൽ ഇന്ത്യയിൽ നാലു ലക്ഷത്തോളം കോവിഡ് കേസുകളാണ് ദിനംപ്രതി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്.
റിഷഭ് പന്തിനെ കൂടാതെ നിരവധി ക്രിക്കറ്റ് താരങ്ങളാണ് കോവിഡ് പ്രതിരോധത്തിന് സംഭാവന നൽകിയത്. ഇന്ത്യൻ നായകൻ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശർമയും ചേർന്ന് രണ്ടുകോടി രൂപ നൽകി.
കൂടാതെ ഒരു ക്യാമ്പയിനിലൂടെ 24 മണിക്കൂറിനുള്ളിൽ 3.6 കോടിയും സമാഹരിച്ചു. സച്ചിൻ ടെൻഡുൽക്കർ, പാറ്റ് കമ്മിൻസ്, ബ്രെറ്റ് ലീ, നിക്കോളാസ് പൂരൻ, ജയ്‌ദേവ് ഉനദ്ക്കട്ട് തുടങ്ങിയ താരങ്ങളെ കൂടാതെ ഐപിഎൽ ടീമുകളായ രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപിറ്റൽസും കോവിഡ് പ്രതിരോധത്തിന് സംഭാവന നൽകിയിരുന്നു.
— Rishabh Pant (@RishabhPant17) May 8, 2021