ടീം ലോകകപ്പില്‍ നിന്ന് പുറത്തായി; ബെല്‍ജിയം പരിശീലകന് രാജിവെച്ചു
|ഇന്ന് ക്രൊയേഷ്യക്കെതിരെ നടന്ന മത്സരം സമനിലയിലായതോടെയാണ് ലോക രണ്ടാം നമ്പറുകാരായ ബെൽജിയം പ്രീക്വാർട്ടർ പോലും കാണാതെ പുറത്തായത്.
ലോകകപ്പിലെ ബെല്‍ജിയത്തിന്റെ ഞെട്ടിക്കുന്ന പുറത്താകലിന് പിന്നാലെ ടീമിന്റെ പരിശീലക സ്ഥാനം രാജിവെച്ച് റൊബേർട്ടോ മാർട്ടിനസ്. ഇന്ന് ക്രൊയേഷ്യക്കെതിരെ നടന്ന മത്സരം സമനിലയിലായതോടെയാണ് ലോക രണ്ടാം നമ്പറുകാരായ ബെല്‍ജിയം പ്രീക്വാര്‍ട്ടര്‍ പോലും കാണാതെ പുറത്തായത്.
കഴിഞ്ഞ ആറ് വര്‍ഷക്കാലമായി ബെൽജിയത്തിന്റെ മുഖ്യ പരിശീലകനാണ് റൊബേർട്ടോ മാർട്ടിനസ്. ഇന്നത്തെ തോല്‍വിക്ക് ശേഷം മാധ്യമങ്ങളെ കണ്ട മാര്‍ട്ടിനസ് പരിശീലകന് എന്ന നിലയിലെ തന്റെ അവസാന മത്സരമാണ് കഴിഞ്ഞതെന്ന് വ്യക്തമാക്കി. ഇന്ന് വിജയിച്ചില്ലെങ്കിലും തല ഉയർത്തിത്തന്നെയാണ് മടങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യയില്‍ നടന്ന 2018 ലോകകപ്പില്‍ റൊബേർട്ടോ മാർട്ടിനസിന്റെ പരിശീലന മികവില്‍ മൂന്നാം സ്ഥാനക്കാരായാണ് ബെല്‍ജിയം മടങ്ങിയത്. ഇത്തവണ പക്ഷേ ബെല്‍ജിയത്തിന് അതേ മികവ് ആവര്‍ത്തിക്കാനായില്ല. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ കാനഡയോട് കഷ്ടിച്ച് ജയിച്ച ബെല്‍ജിയം അടുത്ത മത്സരത്തില്‍ മൊറോക്കോയുടെ കൂടി അപ്രതീക്ഷിത തോല്‍വി വഴങ്ങി. ഇന്ന് ജയം അനിവാര്യമായ മത്സരത്തില്‍ ക്രൊയേഷ്യയുമായി സമനിലയും വഴങ്ങി. ഇതോടെ പ്രീക്വാര്‍ട്ടര്‍ പോലും കാണാതെ ടീം പുറത്താകുകയായിരുന്നു.
ബെല്‍ജിയം ക്രൊയേഷ്യ മത്സരത്തില്‍
മത്സരത്തിന്റെ 15ാം മിനുറ്റിൽ ക്രൊയേഷ്യയ്ക്ക് അനുകൂലമായി പെനാൽറ്റി അനുവദിച്ചെങ്കിലും 'വാർ' പരിശോധനയിൽ ക്രൊയേഷ്യൻ താരം ഓഫ്സൈഡാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ അനുവദിച്ച പെനാൽറ്റിയും നിഷേധിച്ചു.
12ാം മിനുറ്റിൽ പെനാൽറ്റി ബോക്സിൽ നിന്ന് കരാസ്ക്കോ അടിച്ച ഷോട്ട് ഡിഫെൻഡറുടെ കാലിൽ തട്ടി പുറത്തേക്ക് പോയി. പിന്നീട് ഇരുടീമുകളും ആക്രമണങ്ങൾ നടത്തിയെങ്കിലും ഗോൾനേടാൻ സാധിച്ചില്ല.
മത്സരത്തിന്റെ 60ാം മിനുറ്റിൽ മുന്നിലെത്താൻ ബെൽജിയത്തിന് സുവർണാവസരം ലഭിച്ചെങ്കിലും ലുക്കാക്കുവിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി തെറിക്കുകയായിരുന്നു. പിന്നീട് ക്രൊയേഷ്യ ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ബെൽജിയത്തിന്റെ പ്രതിരോധക്കോട്ടയിൽ തട്ടി തെറിക്കുകയായിരുന്നു.
നിശ്ചിത സമയത്തിന്റെ അവസാന നിമിഷം ഗോൾകീപ്പർ പോലും പോസ്റ്റിൽ ഇല്ലാതെ ലുക്കാക്കുവിന് മികച്ച ഒരു അവസരം ലഭിച്ചെങ്കിലും ഗോൾവര കടത്താൻ താരത്തിന് സാധിച്ചില്ല.മത്സരത്തിൽ ക്രൊയേഷ്യൻ പോസ്റ്റ് ലക്ഷ്യമാക്കി ബെൽജിയം 16 ഷോട്ടുകൾ ഉതിർത്തപ്പോൾ 11 ഷോട്ടാണ് ക്രൊയേഷ്യ അടിച്ചത്. ബോൾ കൈവശം വെക്കുന്നതിൽ ഇരുടീമുകളും തുല്യത പാലിച്ചു.