പാണ്ഡ്യയെ ബൗണ്ടറിയിലേക്കയച്ച് രോഹിത്; കര്‍മ എന്ന് ആരാധകര്‍
|മുംബൈ ഇന്ത്യന്‍സ് ബോളര്‍മാരെ ഹൈദരാബാദ് ബാറ്റര്‍മാര്‍ തലങ്ങും വിലങ്ങും പ്രഹരിച്ചതോടെയാണ് ഫീല്‍ഡ് പ്ലേസ്മെന്റ് ഉത്തരവാദിത്തം രോഹിത് ഏറ്റെടുത്തത്
കഴിഞ്ഞ ദിവസം ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് ചെയ്യാനായി മുംബൈ നായകന് ഹര്‍ദിക് പാണ്ഡ്യയും ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും നടന്നു വരുമ്പോള്‍ ഗാലറിയില്‍ നിന്ന് 'രോഹിത് രോഹിത്' എന്ന് ഉച്ചത്തില്‍ മുഴങ്ങിക്കേട്ടു. മത്സരത്തില്‍ കൃത്യമായ ഇടവേളകളില്‍ ഈ ചാന്റുകള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. ഇത് മുംബൈയുടെ ഹോം ഗ്രൗണ്ടാണോ എന്ന് പോലും ചില ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ചോദിച്ചു. ഇന്ത്യയില്‍ ഏത് ഗ്രൗണ്ടില്‍ ചെന്നാലും രോഹിത് അതയാളുടെ ഹോം ഗ്രൗണ്ടാക്കി മാറ്റുമെന്നാണ് ചിലര്‍ കുറിച്ചത്. ഹൈദരാബാദിലെ കാണികളോട് തന്റെ കൃതജ്ഞത അറിയിക്കാന്‍ രോഹിത് മറന്നില്ല. തൊപ്പിയൂരിക്കാണിച്ചാണ് രോഹിത് ആരാധകരുടെ പിന്തുണക്ക് നന്ദി പ്രകടിപ്പിച്ചത്.
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റന്മാരില് ഒരാളാണെങ്കിലും ഇപ്പോള്‍ രോഹിതിന് കിട്ടുന്ന അഭൂതപൂര്‍വമായ പിന്തുണക്കുള്ള കാരണം മറ്റൊന്നാണ്. മുംബൈയുടെ ക്യാപ്റ്റന്‍സിയില്‍ ഏതാണ്ട് ഒരു പതിറ്റാണ്ട് കാലത്തെ രോഹിത് ശര്‍മ യുഗത്തിന് അന്ത്യം കുറിക്കപ്പെട്ടത് കഴിഞ്ഞ ഡിസംബറിലാണ്. പകരമെത്തിയത് മുന്‍ മുംബൈ താരമായിരുന്ന ഹര്‍ദിക് പാണ്ഡ്യ. രോഹിതിനെ മാറ്റിയതിനേക്കാളേറെ ആരാധകരെ ചൊടിപ്പിച്ചത് ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റന്‍സിയില്‍ പ്രതിഷ്ഠിച്ചതാണ്. ലക്ഷക്കണക്കിനാരാധകര്‍ ഇതിനോടകം മുംബൈ ഇന്ത്യന്‍സിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ അണ്‍ഫോളോ ചെയ്ത് പോയിക്കഴിഞ്ഞു. ഐ.പി.എല്‍ ആരംഭിച്ചതോടെ ഹര്ദികിനോടുള്ള തങ്ങളുടെ വിയോജിപ്പ് സ്റ്റേഡിയങ്ങളില്‍ പരസ്യമാക്കി തുടങ്ങിയിരിക്കുന്നു ആരാധകര്‍.
ഗുജറാത്തിനെതിരായ ആദ്യ മത്സരത്തില്‍ അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പല തവണ ആരാധകര്‍ പാണ്ഡ്യക്കെതിരെ കൂവിയാര്‍ത്തു. മത്സത്തിനിടെ മൈതാനത്ത് ഒരു പട്ടിയിറങ്ങിയപ്പോള് പട്ടിയെ ചൂണ്ടി 'ഹര്‍ദിക് ഹര്‍ദിക്' എന്ന് അധിക്ഷേപ ചാന്റുകള്‍ മുഴക്കുന്നത് വരെയെത്തി കാര്യങ്ങള്‍.
ഇതിന്റെയൊക്കെ തുടര്‍ച്ചയാണ് ഇന്നലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലും കണ്ടത്. മത്സരത്തിനിടെ പലവുരു രോഹിതിനായുള്ള ചാന്റുകള്‍ മൈതാനത്ത് മുഴങ്ങിക്കേട്ടു. ഗുജറാത്തിനെതിരായ മത്സരത്തില്‍ രോഹിത് ശര്‍മയെ ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്യിച്ച പാണ്ഡ്യയുടെ നടപടി ഏറെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ബൗണ്ടറി ലൈന്‍ ചൂണ്ടിക്കാട്ടി അങ്ങോട്ട് പോവാന്‍ പാണ്ഡ്യ ആവശ്യപ്പെട്ടപ്പോള്‍ തന്നോടാണോ എന്ന് ആശ്ചര്യത്തോടെ ചോദിച്ച രോഹിത് ബൗണ്ടറി ലൈനിലേക്ക് ഓടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ നേരത്തേ തിരിച്ചാണ് സംഭവിച്ചത്. മുംബൈ ഇന്ത്യന്‍സ് ബോളര്‍മാരെ ഹൈദരാബാദ് ബാറ്റര്‍മാര്‍ തലങ്ങും വിലങ്ങും പ്രഹരിച്ചതോടെ ഫീല്‍ഡ് പ്ലേസ്മെന്റ് ഉത്തരവാദിത്തം രോഹിത് ഏറ്റെടുത്തു. ഫീല്‍ഡര്‍മാരെ മാറ്റി പരീക്ഷിച്ച രോഹിത് ഹര്‍ദികിനെ ബൗണ്ടറിയിലേക്ക് പറഞ്ഞയച്ചു. സോഷ്യല്‍ മീഡിയയില്‍ ഈ ദൃശ്യങ്ങള്‍ പെട്ടെന്നാണ് വൈറലായത്. ഇതാണ് കര്‍മ എന്ന തലവാചകത്തോടെ നിരവധി ആരാധകരാണ് വീഡിയോ പങ്കിട്ടത്.
അതേ സമയം ആദ്യ രണ്ട് മത്സരങ്ങളിലെ തോല്‍വിക്ക് ശേഷം ഹര്‍ദികിന്റെ ക്യാപ്റ്റന്‍സിക്കെതിരെ രൂക്ഷവിമര്‍ശങ്ങളാണ് ക്രിക്കറ്റ് ലോകത്ത് നിന്ന് ഉയരുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഹര്‍ദികിന്റെ ചില മോശം തീരുമാനങ്ങളാണ് കൂറ്റന്‍ സ്കോറിലേക്ക് ഹൈദരാബാദിനെ എത്തിച്ചതെന്നാണ് മുന്‍ ഇന്ത്യന്‍ താരങ്ങളില്‍ ചിലര്‍ കുറിച്ചത്.