''രോഹിത് കുറച്ച് കാലം വിശ്രമിക്കട്ടേ''; മുംബൈയുടെ തോൽവിക്ക് പിറകേ ഗവാസ്‌കർ
|''മുംബൈ ഇന്ത്യൻസിന്റെ ബാറ്റിങ് ഓർഡറിൽ ചില മാറ്റങ്ങള് വരുത്തുന്നത് നന്നാവും''
അഹ്മദാബാദ്: കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 55 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വിയാണ് മുംബൈ ഇന്ത്യന്‍സ് വഴങ്ങിയത്. മത്സരത്തില്‍ അമ്പേ പരാജയപ്പെട്ട ക്യാപ്റ്റന്‍ രോഹിത് ശര്‍മ അടക്കമുള്ള ബാറ്റര്‍മാര്‍ പെട്ടെന്ന് കൂടാരം കയറിയപ്പോള്‍ മുംബൈ സ്കോര്‍ 152 റണ്‍സില്‍ അവസാനിച്ചു. എട്ട് പന്ത് നേരിട്ട രോഹിത് ശര്‍മ ആകെ രണ്ട് റണ്‍സാണ് എടുത്തത്. രോഹിത് ശര്‍മക്ക് കുറച്ച് കാലം വിശ്രമം ആവശ്യമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും കമന്‍റേറ്ററുമായ സുനില്‍ ഗവാസ്കര്‍. ഐ.പി.എല്ലില്‍ മുംബൈക്കായി അവസാന മത്സരങ്ങളില്‍ അദ്ദേഹം ഇനി ഇറങ്ങിയാല്‍ മതിയാവുമെന്ന് ഗവാസ്കര്‍ പറഞ്ഞു.
''മുംബൈ ഇന്ത്യൻസിന്റെ ബാറ്റിങ് ഓർഡറിൽ ചില മാറ്റങ്ങള് വരുത്തുന്നത് നന്നാവും. രോഹിത് കുറച്ച് കാലം വിശ്രമിക്കട്ടെ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് വേണ്ടി അദ്ദേഹം ഒരുങ്ങട്ടെ. ഐ.പി.എല്ലിൽ അവസാന മത്സരങ്ങളിൽ അദ്ദേഹം ഇനി ഇറങ്ങിയാൽ മതിയാവും''- ഗവാസ്കര്‍ പറഞ്ഞു.
ഗുജറാത്തിനെതിരായ മത്സരത്തില്‍ അഫ്ഗാന്‍ ബോളര്‍മാരായ നൂര്‍ അഹ്മദും റാഷിദ് ഖാനും ചേര്‍ന്നാണ് മുംബൈയെ കറക്കി വീഴ്ത്തിയത്. മുംബൈ ഇന്ത്യൻസിന്റെ മുൻനിരയേയാണ് നൂര്‍ അഹ്മദും റാഷിദ് ഖാനും ചേർന്ന് തള്ളിയിട്ടത്. അതിന് മുമ്പെ നായകൻ രോഹിത് ശർമ്മയെ(2) ഹാർദിക് പാണ്ഡ്യ പറഞ്ഞയച്ചിരുന്നു. ഇഷാൻ കിശൻ(13)കാമറൂൺ ഗ്രീൻ(33) തിലക് വർമ്മ(2)സൂര്യകുമാർ യാദവ്(23) ടിം ഡേവിഡ്(0) എന്നിവരാണ് സ്പിന്നർമാർക്ക് മുന്നിൽ വീണത്. നെഹാൽ വദേരയാണ്(40) മുംബൈയുടെ ടോപ് സ്‌കോറർ. നൂര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റാഷിദ് ഖാന്‍ നേടിയത് രണ്ട് വിക്കറ്റുകള്‍. മോഹിത് ശർമ്മ രണ്ട് വിക്കറ്റ് വീഴ്ത്തി പിന്തുണ കൊടുത്തു.
നാല് ഓവറിൽ 27 റൺസ് വിട്ടുകൊടുത്തായിരുന്നു റാഷിദ് ഖാന്റെ പ്രകടനം. എന്നാൽ നൂർ, നാല് ഓവർ എറിഞ്ഞെങ്കിലും 37 റൺസ് വഴങ്ങേണ്ടി വന്നു. സൂര്യകുമാർ യാദവ് 'ചൂടിൽ' നിൽക്കുമ്പോഴായിരുന്നു നൂറിന് റൺസ് കൊടുക്കേണ്ടി വന്നത്. എന്നാൽ ഇതെ സൂര്യകുമാറിനെ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കാനും നൂറിനായി.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ മികച്ച സ്‌കോറാണ് പടുത്തുയർത്തിയത്. ശുഭ്മാൻ ഗിൽ 56 റൺസ് നേടി ടോപ് സ്‌കോററായപ്പോൾ അവസാനത്തിൽ മില്ലർ (22 പന്തിൽ 46) അഭിനവ് മനോഹർ(21 പന്തിൽ 42) രാഹുൽ തെവാട്ടിയ(5 പന്തിൽ 20) എന്നിവരുടെ തീപ്പൊരി ബാറ്റിങാണ് ഗുജറാത്ത് സ്‌കോർ 200 കടത്തിയത്. മുംബൈക്കായി പിയൂഷ് ചൗള രണ്ട് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ഗുജറാത്ത് ടൈറ്റന്‍സ് പോയിന്‍റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് എത്തി. ചെന്നൈ സൂപ്പര്‍കിങ്സാണ് ഒന്നാം സ്ഥാനത്ത്.