''ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ സിറ്റി റയലിനെ തകര്‍ത്തെറിയും''; പ്രവചനവുമായി യുണൈറ്റഡ് ഇതിഹാസം
|''ഇത് മാഞ്ചസ്റ്റര്‍ സിറ്റിയുടെ വർഷമാണ്, ഇക്കുറി അവർ യൂറോപ്പ് കീഴടക്കും''
മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ പോരാട്ടങ്ങൾക്ക് നാളെ തുടക്കമാവുകയാണ്. ആദ്യ മത്സരത്തിൽ സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡ് പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. ചാമ്പ്യൻസ് ലീഗിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിനാണ് റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂ സാക്ഷിയാവാൻ പോവുന്നത്.
കഴിഞ്ഞ വർഷത്തെ തനിയാവർത്തനമാണ് ഇക്കുറിയും സെമിയിൽ നടക്കാനിരിക്കുന്നത്. കഴിഞ്ഞ സീസണിലും യു.സി.എൽ സെമിയിൽ റയലും സിറ്റിയും തന്നെയാണ് ഏറ്റുമുട്ടിയത്. സിറ്റിയുടെ പ്രതീക്ഷകളെ മുഴുവൻ തല്ലിക്കെടുത്തി ബെർണബ്യൂവിൽ നടത്തിയൊരു ഐതിഹാസിക തിരിച്ചുവരവിൽ റയൽ കിരീടം ചൂടിയിരുന്നു. അതിനാൽ തന്നെ സിറ്റിക്കൊരു പ്രതികാരം തീർക്കാൻ കൂടിയുണ്ട്.
ഇപ്പോഴിതാ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ പ്രവചനവുമായെത്തിയിരിക്കുകയാണ് ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം വെയിൻ റൂണി. സെമിയിൽ സിറ്റി റയലിനെ തകർക്കുമെന്ന് റൂണി പറഞ്ഞു,
''സിറ്റി റയലിനെ വെറുതെ തോൽപ്പിക്കുമെന്നല്ല, തകർത്തെറിയും. എനിക്ക് ചിലപ്പോൾ തെറ്റുപറ്റിയേക്കാം. ആൻസലോട്ടിയുടെ ടീമിനെ ഒരിക്കലും എഴുതിത്തള്ളാൻ കഴിയില്ല എന്നുറുപ്പാണ്. പക്ഷെ ഇത് സിറ്റിയുടെ വർഷമാണ് എന്ന് എന്റെ മനസ്സ് പറയുന്നു. ഇക്കുറി അവർ യൂറോപ്പ് കീഴടക്കും''- റൂണി പറഞ്ഞു.