Sports
RR,CSK, IPL 2023,sanju samson, ms dhoni

അര്‍ധസെഞ്ച്വറി നേടി കാണികളെ അഭിവാദ്യം ചെയ്യുന്ന ജൈസ്വാള്‍

Sports

രാജസ്ഥാന്‍ 'യശസ്'; ചെന്നൈക്ക് 32 റണ്‍സ് തോല്‍വി

Web Desk
|
27 April 2023 3:55 PM GMT

ജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് പോയിന്‍റ് പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി.

ചെപ്പോക്കിലെ തോല്‍വിക്ക് പകരം വീട്ടാനിറങ്ങിയ ചെന്നൈക്ക് ജയ്പൂരിലും പരാജയത്തിന്‍റെ കയ്പ്പുനീര്‍. 203 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ചെന്നൈക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് പോയിന്‍റ് പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി.

ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദിനും( 29 പന്തില്‍ 47) ശിവം ദുബെക്കും( 33 പന്തില്‍ 52 ) ഒഴിച്ച് ബാക്കിയാര്‍ക്കും ബാറ്റുകൊണ്ട് കാര്യമായ സംഭാവന നല്‍കാന്‍ കഴിയാതെ വന്നതാണ് ചെന്നൈയുടെ തോല്‍വിക്ക് കാരണം. സീസണിലിതുവരെ മികച്ച ഫോമിലായിരുന്ന കോണ്‍വേയും (8) രഹാനെയും (15) കവാത്ത് മറന്നതോടെ ചെന്നൈയുടെ ജയപ്രതീക്ഷകള്‍ക്ക് മേലെ കരിനിഴല്‍ വീണു.

42ന് ഒന്നെന്ന നിലയില്‍ നിന്ന് നാല് വിക്കറ്റിന് 73 റണ്‍സ് എന്ന നിലയിലേക്ക് ഇതിനിടയില്‍ ചെന്നൈ വീണു. പിന്നീടൊത്തുചേര്‍ന്ന ശിവം ദുബെയും മൊഈന്‍ അലിയും ചേര്‍ന്ന് ടീമിന്‍റെ പ്രതീക്ഷകള്‍ അല്‍പമെങ്കിലും സജീവമാക്കിയെങ്കിലും ലക്ഷ്യത്തിലെത്താന്‍ അത് പര്യാപ്തമായിരുന്നില്ല. ടീം സ്കോര്‍ 124 റണ്‍സിലെത്തിയപ്പോള്‍ മൊഈന്‍ അലിയും ( 12 പന്തില്‍ 23 ) വീണു.

പിന്നീട് ജഡേജ ദുബെക്കൊപ്പം ചേര്‍ന്ന് സ്കോറിങ് നിരക്ക് കൂട്ടാന്‍ ശ്രമിച്ചെങ്കിലും ജയം അകലെയായിരുന്നു. 33 പന്തില്‍ രണ്ട് ബൌണ്ടറിയും നാല് സിക്സറുമുള്‍പ്പെടെ 52 റണ്‍സ് നേടിയ ദുബെ കുല്‍ദീപ് യാദവെറിഞ്ഞ അവസാന ഓവറിലാണ് പുറത്തായത്. 15 പന്തില്‍ 23 റണ്‍സെടുത്ത് ജഡേജ പുറത്താകാതെ നിന്നു. രാജസ്ഥാനായി ആദം സാംപ മൂന്ന് വിക്കറ്റും അശ്വിന്‍ രണ്ട് വിക്കറ്റും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാനായി ഓപ്പണിങ് വിക്കറ്റില്‍ ബട്‍ലര്‍-ജൈസ്വാള്‍ കൂട്ടുകെട്ട് മികച്ച തുടക്കം നല്‍കി. അവസാന ഓവര്‍ വരെ അതേ താളം നിലനിര്‍ത്തിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു.

ഓപ്പണിങ് വിക്കറ്റില്‍ മിന്നും തുടക്കമാണ് ജൈസ്വാളും ബട്‍ലറും ചേര്‍ന്ന് രാജസ്ഥാന് സമ്മാനിച്ചത്. എട്ടാം ഓവറില്‍ ജഡേജയുടെ പന്തില്‍ ബട്‍ലര്‍ പുറത്താകുമ്പോഴേക്കാം രാജസ്ഥാന്‍ സ്കോര്‍ 86 റണ്‍സിലെത്തിയിരുന്നു. ബട്‍ലര്‍ 21 പന്തില്‍ നാല് ബൌണ്ടറിയുള്‍പ്പെടെ 27 റണ്‍സെടുത്താണ് പുറത്തായത്. പടിക്കലിന് പകരം സഞ്ജു സാംസണ്‍ വണ്‍ഡൌണായി തിരിച്ചെത്തിയെങ്കിലും ടച്ചിലെത്തുമ്പോഴേക്കും ക്യാപ്റ്റന്‍ പുറത്തായി. 17 പന്തില്‍ 17 റണ്‍സെടുത്ത് നില്‍ക്കെ തുഷാര്‍ ദേശ്പാണ്ഡെയെ സിക്സറിന് പറത്താന്‍ ശ്രമിക്കുമ്പോഴാണ് സഞ്ജു പുറത്തായത്.

അതേ ഓവറില്‍ത്തന്നെ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ജൈസ്വാളിനെയും ദേശ്പാണ്ഡേ പുറത്താക്കി. 43 പന്തില്‍ എട്ട് ഫോറും നാല് സിക്സറുമുള്‍പ്പെടെ 77 റണ്‍സെടുത്ത ജൈസ്വാള്‍ സെഞ്ച്വറിയിലേക്കെത്തുമെന്ന് തോന്നിച്ചപ്പോഴായിരുന്നു അപ്രതീക്ഷിതമായി മടങ്ങിയത്. പിന്നീടെത്തിയ ഹെറ്റ്മെയര്‍(8) നിരാശപ്പെടുത്തിയെങ്കിലും സ്ഥാനക്കയറ്റം ലഭിച്ച ധ്രുവ് ജുറേലും പിന്നിലേക്കിറങ്ങേണ്ടി വന്ന ദേവ്ദത്ത് പടിക്കലും അവസാന ഓവറുകളില്‍ ബാറ്റിങ് വെടിക്കെട്ട് തന്നെ നടത്തി. 15 പന്തില്‍ മൂന്ന് ബൌണ്ടറിയും രണ്ട് സിക്സറുമുള്‍പ്പെടെ ധ്രുവ് ജുറേല്‍ 34 റണ്‍സെടുത്തപ്പോള്‍ പടിക്കല്‍ 13 പന്തില്‍ അഞ്ച് ബൌണ്ടറിയുള്‍പ്പെടെ 27 റണ്‍സ് നേടി. ചെന്നൈക്കായി തുഷാര്‍ ദേശ്പാണ്ഡേ രണ്ട് വിക്കറ്റെടുത്തു.

Similar Posts