ഓരോ കളിക്കും 45 ലക്ഷം വീതം പോക്കറ്റില്‍! ടെസ്റ്റ് താരങ്ങള്‍ക്ക് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ബി.സി.സി.ഐ
|ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പ വിജയത്തിന് പിറകേയാണ് പ്രഖ്യാപനം
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര വിജയത്തിന് പിറകേ ഇന്ത്യൻ താരങ്ങൾക്ക് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ബി.സി.സി.ഐ. മാച്ച് ഫീയായ 15 ലക്ഷത്തിന് പുറമേ വന്‍ തുക താരങ്ങള്‍ക്ക് ഇൻസന്റീവായി ലഭിക്കും. ബി.സി.സി.ഐ സെക്രട്ടറി ജയ്ഷായാണ് പുതിയ പ്രഖ്യാപനം നടത്തിയത്. ടെസ്റ്റ് ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
'നമ്മുടെ ക്രിക്കറ്റ് താരങ്ങൾക്ക് സാമ്പത്തിക വളർച്ചയും സ്ഥിരതയും കൈവരിക്കുന്നതിനായി 'ടെസ്റ്റ് ക്രിക്കറ്റ് ഇൻസെൻ്റീവ് സ്കീം' പ്രഖ്യാപിക്കുകയാണ്. നിലവിലെ മാച്ച് ഫീക്ക് പുറമേയായിരിക്കും വര്‍ധന. ടെസ്റ്റ് ക്രിക്കറ്റില്‍ സജീവ സാന്നിധ്യമായ സീനിയര്‍ പുരുഷ താരങ്ങള്‍ക്കാണ് സ്കീം ബാധകമാവുക '- ജയ്ഷാ എക്സില്‍ കുറിച്ചു. ടെസ്റ്റ് ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ബി.സി.സി.ഐ 40 കോടി രൂപയിലേറെ ചിലവഴിക്കുമെന്ന് ധരംശാല ടെസ്റ്റിലെ കമന്‍ററി ബോക്സിലിരുന്ന് ഹര്‍ഷ ബോഗ്‍ലേ പറഞ്ഞിരുന്നു.
ഒരു സീസണിൽ കുറഞ്ഞത് ഒമ്പത് ടെസ്റ്റ് മത്സരങ്ങളെങ്കിലും ഉണ്ടെങ്കില്‍, അതില്‍ 50 ശതമാനത്തിൽ താഴെയോ നാല് മത്സരങ്ങളിൽ കുറവോ കളിക്കുന്ന കളിക്കാർക്ക് ഈ സ്കീം ബാധകമല്ല.
അഞ്ചോ ആറോ ടെസ്റ്റ് മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരങ്ങൾക്ക് ഓരോ മത്സരത്തിലും 30 ലക്ഷം ഇൻസന്റീവായി ലഭിക്കും. കളിക്കാര്‍ കളിയുടെ 50 ശതമാനം നേരം കളത്തിലുണ്ടാവണം. ഏഴ് മത്സരങ്ങളിലധികം കളിക്കുന്ന കളിക്കാർ ഓരോ മത്സരത്തിനും 45 ലക്ഷം രൂപയാണ് ഇൻസന്റീവായി ലഭിക്കുക. കളിക്കാർ കളിയുടെ 75 ശതമാനം നേരവും മൈതാനത്തുണ്ടാവണം.