യുണൈറ്റഡിനെ കളി പഠിപ്പിക്കാന്‍ റൂബന്‍ അമോറിം എത്തുന്നു
|കഴിഞ്ഞ ദിവസം യുണൈറ്റഡ് എറിക് ടെന്‍ഹാഗിനെ പരിശീലക ചുമതലയില്‍ നിന്ന് നീക്കിയിരുന്നു
എറിക് ടെൻഹാഗിന് പകരക്കാരനായി പോർച്ചുഗീസ് പരിശീലകൻ റൂബൻ അമോറിമിനെ നിയമിക്കാനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. കഴിഞ്ഞ ദിവസമാണ് എറിക് ടെൻഹാഗിനെ ടീം പരിശീലക സ്ഥാനത്ത് നിന്ന് നീക്കിയത്. സാവി ഹെർണാണ്ടസ് മുതൽ ഫുട്‌ബോൾ ലോകത്തെ പല വലിയ പേരുകളും റെഡ് ഡെവിൾസിന്റെ പരിശീലക സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നെങ്കിലും അമോറിമിലേക്കാണ് ടീം അവസാനമായെത്തിയത്. റൂബനുമായുള്ള അവസാന വട്ട ചര്‍ച്ചകളിലാണ് യുണൈറ്റഡ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിൽ പോർച്ചുഗീസ് ക്ലബ്ബ് സ്‌പോർട്ടിങ് ലിസ്ബന്റെ പരിശീലകനാണ് അമോറിം.
ടീമിന്റെ സമീപ കാലത്തെ മോശം പ്രകടനങ്ങളെ തുടർന്നാണ് എറിക് ടെന്‍ഹാഗിനെതിരെ യുണൈറ്റഡ് നടപടിയെടുത്തത്. കഴിഞ്ഞ ദിവസം വെസ്റ്റ് ഹാമിനെതിരെയും ടീം തോൽവി വഴങ്ങിയിരുന്നു.
2022 ലാണ് ടെൻഹാഗ് യുണൈറ്റഡിന്റെ പരിശീലക വേഷത്തിലെത്തുന്നത്. രണ്ട് വർഷം പരിശീലക ചുമതലയിൽ തുടർന്നെങ്കിലും വലിയ നേട്ടങ്ങളൊന്നും ടീമിനൊപ്പം സ്വന്തമാക്കാനായില്ല. 2023 ഇ.എഫ്.എൽ കിരീടവും 2024 ൽ എഫ്.എ കപ്പ് കിരീടവുമാണ് യുണൈറ്റഡ് പരിശീലക വേഷത്തിൽ ടെൻഹാഗിന്റെ സുപ്രധാന നേട്ടങ്ങൾ.
ടെൻഹാഗിന് കീഴിൽ 85 മത്സരങ്ങളിൽ കളത്തിലിറങ്ങിയ യുണൈറ്റഡ് 44 വിജയങ്ങളാണ് കുറിച്ചത്. 14 തോൽവികൾ വഴങ്ങി. റെഡ് ഡെവിൾസിനൊപ്പമുള്ള തന്റെ മാനേജീരിയൽ കരിയറിൽ 52 ആണ് ടെൻഹാഗിന്റെ വിജയശതമാനം. അടുത്ത കോച്ചിനെ നിയമിക്കും വരെ റൂഡ്‍വാന്‍ നിസ്റ്റല്‍ റൂയി ഇടക്കാല പരിശീലകനാവും