ഇന്ത്യയോട് ടെസ്റ്റ് പരമ്പര തോൽവി; ബംഗ്ലാദേശ് പരിശീലക സ്ഥാനമൊഴിഞ്ഞ് ഡൊമിംഗോ
|2023 ലോകകപ്പ് വരെയായിരുന്നു ദക്ഷിണാഫ്രിക്കക്കാരനായ ഡൊമിംഗോയുടെ കാലാവധി.
ധാക്ക: ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയിലെ വൻ തോൽവിക്ക് പിന്നാലെ ബംഗ്ലാദേശ് പരിശീലക സ്ഥാനം രാജിവച്ച് റസ്സൽ ഡൊമിംഗോ. പരമ്പര നഷ്മായി രണ്ട് ദിവസത്തിനു ശേഷമാണ് ഡൊമിംഗോ കോച്ച് പദവി ഒഴിയുന്നത്. 2019ൽ സ്റ്റീവ് റോഡ്സിന്റെ സ്ഥാനം തെറിച്ചതിനു പിന്നാലെയാണ് ഡൊമിംഗോ ബംഗ്ലാ കടുവകളുടെ പരിശീലക കുപ്പായമണിയുന്നത്. മുമ്പ് ദക്ഷിണാഫ്രിക്കൻ ടി20 ടീമിന്റെ കോച്ചായിരുന്നു അദ്ദേഹം.
2023 ലോകകപ്പ് വരെയായിരുന്നു ഡൊമിംഗോയുടെ കാലാവധി. ചൊവ്വാഴ്ചയാണ് അദ്ദേഹം അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചതെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബി.സി.ബി) ക്രിക്കറ്റ് ഓപറേഷൻസ് മേധാവി ജലാൽ യൂനുസ് പറഞ്ഞു. ഡൊമിംഗോയുടെ കീഴിൽ ബംഗ്ലാദേശ് ആസ്ട്രേലിയയ്ക്കും ന്യൂസിലൻഡിനുമെതിരായ ടി-20 പരമ്പരകൾ വിജയിച്ചിരുന്നു.
കൂടാതെ ന്യൂസിലൻഡിലെ ആദ്യ ടെസ്റ്റും ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പരയും സ്വന്തം നാട്ടിൽ ഇന്ത്യയ്‌ക്കെതിരെ ഏകദിന പരമ്പരയും നേടി. ഡൊമിംഗോയുടെ പ്രകടനത്തിൽ തൃപ്തരാണെങ്കിലും ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി ചില മാറ്റങ്ങൾ വേണ്ടിവന്നേക്കുമെന്ന് തിങ്കളാഴ്ച് ബംഗ്ലാദേശ് ക്രിക്ക്റ്റ് ബോർഡ് മേധാവി നസ്മുൽ ഹസൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഡൊമിംഗോയുടെ രാജി.
പരമ്പര തോൽവിക്കു പിന്നാലെ ജലാൽ യൂനുസും മാറ്റങ്ങൾ സംബന്ധിച്ച സൂചന നൽകിയിരുന്നു. 'ടീമിൽ വലിയ സ്വാധീനവും ഫലവും ഉണ്ടാക്കാൻ കഴിയുന്നൊരു കോച്ചിനെ ഞങ്ങൾക്കാവശ്യമുണ്ട്. നിങ്ങൾ ഉടൻ തന്നെ ചില മാറ്റങ്ങൾ കാണും. ഞങ്ങൾ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങൾക്ക് ഗുണനിലവാരത്തോടെ കളിക്കാൻ കഴിയുന്ന ശക്തവും ഉയർന്ന മത്സരക്ഷമതയുള്ള ഒരു ടീമിനെയാണ് ആവശ്യം'- അദ്ദേഹം കഴിഞ്ഞദിവസം വ്യക്തമാക്കി.
'ഞങ്ങൾ വിജയത്തിന്റെ വക്കിലായിരുന്നു. എന്നാൽ ഇന്ത്യയെ വീഴ്ത്തൽ പ്രയാസകരമായിരുന്നു. ഇതേ ഗ്രൗണ്ടിൽ മുമ്പ് ഇംഗ്ലണ്ടിനേയും ആസ്ത്രേലിയയേയും ഞങ്ങൾ വീഴ്ത്തിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇന്ത്യ ശക്തമായ ടീമാണ്'- അദ്ദേഹം പറഞ്ഞു.
'പ്രചോദനം പ്രധാനമാണ്. ഞങ്ങൾക്ക് ഒരു നല്ല പരിശീലകനെ മാത്രമല്ല വേണ്ടത്, അദ്ദേഹം നല്ലൊരു ഉപദേഷ്ടാവ് കൂടിയായിരിക്കണം. ഒരു പരമ്പരയ്ക്ക് ശേഷം പരിശീലകൻ കളിക്കാരുമായി പ്രകടനം അവലോകനം ചെയ്യേണ്ടതുണ്ട്'- യൂനുസ് കൂട്ടിച്ചേർത്തു. ആദ്യ ടെസ്റ്റിൽ 188 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയ ബംഗ്ലാദേശ് ഞായറാഴ്ച മിർപൂരിൽ നടന്ന രണ്ടാം ടെസ്റ്റിൽ മൂന്ന് വിക്കറ്റിനാണ് പരാജയപ്പെട്ടത്.
എട്ടാം വിക്കറ്റിൽ ശ്രേയസ് അയ്യരും അശ്വിനും നേടിയ 71 റൺസിന്റെ കൂട്ടുകെട്ടാണ് രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് മൂന്നു വിക്കറ്റ് ജയം നൽകിയത്. ജയിക്കാൻ 100 റൺസ് ലക്ഷ്യമിട്ട് നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടമായെങ്കിലും അശ്വൻ-അയ്യർ സഖ്യം രക്ഷകരാവുകയായിരുന്നു. നേരത്തെ ബാറ്റ് ചെയ്ത ബംഗ്ലാദേശ് രണ്ടാം ഇന്നിങ്‌സിൽ 231 റൺസിന് പുറത്താവുകയായിരുന്നു.