ഫൈനലിന് മുമ്പ് കോഹ്ലിക്ക് സച്ചിന്‍റെ സര്‍പ്രൈസ് സമ്മാനം
|ലോകകപ്പ് സെമിയില്‍ തന്‍റെ റെക്കോര്‍ഡ് മറികടന്ന ശേഷം കോഹ്ലിയെ സച്ചിന്‍ വാനോളം പുകഴ്ത്തിയിരുന്നു
അഹ്മദാബാദ്: നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ ഇന്ത്യാ ഓസീസ് കലാശപ്പോര് അരങ്ങേറുമ്പോൾ ആരാധകരുടെ കണ്ണുകൾ മുഴുവൻ നീണ്ടത് ഇന്ത്യയുടെ ലോകകപ്പ് ഹീറോ വിരാട് കോഹ്ലിയിലേക്ക് തന്നെയായിരുന്നു. ഈ ലോകകപ്പിൽ മികച്ച ഫോമിൽ കളിക്കുന്ന കോഹ്ലി കലാശപ്പോരിലും അർധ സെഞ്ചുറി കുറിച്ചു. എന്നാൽ 53 റൺസെടുത്ത കോഹ്ലി കമ്മിൻസിന്റെ പന്തിൽ പുറത്തായി.
മത്സരത്തിന് മുമ്പ് കോഹ്ലിക്ക് ഒരു സർപ്രൈസ് സമ്മാനവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ എത്തി. 2012 ൽ തന്റെ അവസാന ഏകദിനത്തിൽ പാകിസ്താനെതിരെ സച്ചിൻ അണിഞ്ഞ ജേഴ്‌സിയാണ് കോഹ്ലിക്ക് സച്ചിന്‍ സമ്മാനിച്ചത്. കഴിഞ്ഞയാഴ്ച ഏകദിന ക്രിക്കറ്റിൽ 50 സെഞ്ചുറികൾ കുറിച്ച് കോഹ്ലി സച്ചിന്റെ റെക്കോർഡ് മറികടന്നിരുന്നു. അന്ന് സച്ചിന്‍ കോഹ്ലിയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരുന്നു.
'ആദ്യമായി ഡ്രെസ്സിംഗ് മുറിയിൽ വെച്ച് നീ എന്റെ കാലിൽ തൊട്ടുവന്ദിച്ചു. എന്നാൽ സഹതാരങ്ങൾ നിന്നെ പരിഹസിച്ചു. അന്ന് എനിക്കും ചിരി നിർത്താനായില്ല. പക്ഷേ, പ്രതിഭ കൊണ്ടും പ്രയത്‌നം കൊണ്ടും പിന്നീട് എന്റെ ഹൃദയം തൊട്ടു. അന്നത്തെ ആ കൊച്ചു പയ്യൻ വിരാട് താരമായതിൽ ഏറെ സന്തോഷം. എന്റെ റെക്കോഡ് ഒരു ഇന്ത്യക്കാരൻ തകർത്തതിൽ സന്തോഷിക്കാതിരിക്കാനാകുന്നില്ല. അതും ലോകകപ്പ് സെമിഫൈനലിൽ, ഏന്റെ സ്വന്തം തട്ടകമായ ഗ്രൗണ്ടിലായത് അതിലേറെ സന്തോഷകരം'- കോഹ്ലി തന്‍റെ റെക്കോര്‍ഡ് മറികടന്ന ശേഷം സച്ചിന്‍ എക്‌സിൽ കുറിച്ചത് ഇങ്ങനെയാണ്.
ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും കോഹ്ലി കഴിഞ്ഞ മത്സരത്തില്‍ സ്വന്തമാക്കിയിരുന്നു. 2003ലെ ലോകകപ്പിൽ സച്ചിൻ ടെണ്ടുൽക്കർ നേടിയ 673 റൺസിന്റെ റെക്കോഡാണ് കോഹ്‌ലി മറികടന്നത്. മാത്യു ഹെയ്ഡൻ (659), രോഹിത് ശർമ്മ (648) എന്നിവരാണ് കൂടുതൽ റൺസ് നേടിയ മറ്റു താരങ്ങൾ.