സലാഹും അലിസണ്‍ ബെക്കറും സൗദി പ്രോ ലീഗിലേക്ക്? വലയെറിഞ്ഞ് ക്ലബ്ബുകള്‍
|കഴിഞ്ഞ സീസണിൽ അൽ ഇത്തിഹാദ് 150 മില്യൺ യൂറോയുടെ ഓഫർ സലാഹിന് മുന്നിൽ വച്ചിരുന്നു
ലിവർപൂലിന്റെ സൂപ്പർ താരങ്ങളായ മുഹമ്മദ് സലാഹിനേയും അലിസൺ ബെക്കറേയും സൗദി പ്രോ ലീഗ് ക്ലബ്ബുകൾ നോട്ടമിടുന്നതായി റിപ്പോർട്ട്. വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് സലാഹിനും അലിസണുമായി ക്ലബ്ബുകൾ വൻതുക മുടക്കി വലയെറിയാനൊരുങ്ങുന്നത്.
കഴിഞ്ഞ സീസണിൽ സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ ഇത്തിഹാദ് 150 മില്യൺ യൂറോയുടെ ഓഫർ സലാഹിന് മുന്നിൽ വച്ചിരുന്നു. എന്നാൽ ലിവർപൂളും താരവും ഈ ഓഫർ നിരസിക്കുകയായിരുന്നു. ഈ സീസണോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്ന ബ്രസീലിയൻ സൂപ്പർ താരം കസമിറോയേയും ഫ്രഞ്ച് ഡിഫന്റർ റാഫേൽ വരാനേയേയും പ്രോ ലീഗ് ക്ലബ്ബുകൾ നോട്ടമിട്ടിട്ടുണ്ട്.
മുൻ മാഞ്ചസ്റ്റർ സിറ്റി താരമായിരുന്ന അയ്മറിക് ലപ്പോർട്ടേ അൽ നസറിലേക്കുള്ള തന്റെ കൂടുമാറ്റത്തിന് ശേഷം ഇനിയുമേറെ പ്രധാന താരങ്ങൾ പ്രോലീഗിലേക്ക് എത്തുമെന്ന് ജനുവരിയിൽ പറഞ്ഞിരുന്നു. അടുത്ത സീസൺ മുതല്‍ സൗദി പ്രോ ലീഗിലെ വിദേശ താരങ്ങളുടെ ക്വാട്ട എട്ടിൽ നിന്ന് പത്താക്കി ഉയർത്തിയിട്ടുണ്ട്. അടുത്ത സീസൺ മുതൽ ടീമുകൾക്ക് പത്ത് വിദേശ താരങ്ങളെ വരെ ടീമിലെത്തിക്കാം. അതിൽ രണ്ട് പേർ 21 വയസിൽ താഴെയുള്ളവരായിരിക്കണം. ഇതോടെ ടീമുകള്‍ക്ക് കൂടുതല്‍ വലിയ പേരുകാരെ ടീമിലെത്തിക്കാനാവും.