നിങ്ങൾക്കിതൊരു വിജയം, ഞങ്ങൾക്ക് ചരിത്രം; 20 വര്‍ഷത്തിന് ശേഷം വിജയം കുറിച്ച് സാന്‍ മറീനോ
|2004 ന് ശേഷം ഇതാദ്യമായാണ് സാൻ മരീനോ അന്താരാഷ്ട്ര ഫുട്‌ബോളിൽ ഒരു വിജയം കുറിക്കുന്നത്.
ലോക ഫുട്‌ബോളിലെ പല വമ്പൻ ശക്തികളുടേയും സ്വപ്‌നം രാജ്യത്തിനായി ഒരു കിരീടം എന്നതാണ്. ലോകകപ്പിലും വൻകരപ്പോരിലുമൊക്കെ പന്തുതട്ടുന്നത് ഈ കിരീട മോഹവുമായാണ്. എന്നാൽ ലോക ഫുട്‌ബോളിൽ ഒരു ജയത്തിനായി രണ്ട് പതിറ്റാണ്ടുകാലം പന്ത് തട്ടിയൊരു രാജ്യമുണ്ട്. സാൻ മരീനോ. കഴിഞ്ഞ ദിവസം ലിച്ചൻസ്‌റ്റൈനെ നാഷൻസ് ലീഗിൽ പരാജയപ്പെടുത്തിയതോടെ സാൻ മരീനോ ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമായി.
2004 ന് ശേഷം ഇതാദ്യമായാണ് സാൻ മരീനോ അന്താരാഷ്ട്ര ഫുട്‌ബോളിൽ ഒരു വിജയം കുറിക്കുന്നത്. അന്ന് ഒരു സൗഹൃദ മത്സരത്തിൽ ലിച്ചൻസ്‌റ്റൈനെതിരെ തന്നെയായിരുന്നു സാൻമരീനോയുടെ വിജയം. 19 കാരൻ നിക്കോ സെൻസോളി നേടിയ ഏകഗോളിന്റെ പിൻബലത്തിലാണ് മരീനോ ലിച്ചൻസ്‌റ്റൈനെ തകർത്തത്.
ഫിഫ റാങ്കിങ്ങിൽ 210ാം റാങ്കുകാരാണ് സാൻ മരീനോ. ലിച്ചൻസ്‌റ്റൈൻ 199ാം റാങ്കുകാരാണ്. ലോകത്തെ ഏറ്റവും ചെറിയ രാജ്യങ്ങളിൽ ഒന്നാണ് സാൻമരിനോ. ലോക ഫുട്‌ബോളിൽ 140 മത്സരങ്ങളാണ് സാൻ മരീനോ വിജയമില്ലാതെ പൂർത്തിയാക്കിയത്. അന്താരാഷ്‌ട്ര ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പരാജിതയാത്രയാണിത്. ഇതുവരെ കളിച്ച 206 ൽ 196 ലും തോറ്റു. 2006 ൽ എതിരില്ലാത്ത 13 ഗോളിന് ജർമനിയോട് തോറ്റതാണ് ടീമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി.