സാനിയ; ഒരു തലമുറയെ ടെന്നീസ് സ്വപ്നം കാണാൻ പഠിപ്പിച്ച ഇതിഹാസം
|ദുബൈ മാസ്റ്റേഴ്സ് ഓപ്പൺ ടെന്നീസിന്റെ ആദ്യ റൗണ്ടിൽ തോൽവിയോടെയാണ് 20 വർഷം നീണ്ട കരിയർ സാനിയ അവസാനിപ്പിച്ചത്
ഇന്ത്യൻ ടെന്നീസ് ഇതിഹാസം സാനിയ മിർസ ടെന്നീസ് കോര്‍ട്ടിനോട് വിടപറയുമ്പോള്‍ കായിക ലോകത്ത് ഒരു യുഗാന്ത്യം കുറിക്കപ്പെടുകയാണ്. ദുബൈ മാസ്റ്റേഴ്സ് ഓപ്പൺ ടെന്നീസിന്റെ ആദ്യ റൗണ്ടിൽ റഷ്യയുടെ വെർനോക്കിയ കുദെർമെറ്റോവ്- ലുയ്ഡ്മില സാംസനോവ് സഖ്യത്തോട് തോറ്റാണ് സാനിയയുടെ മടക്കം. ക്രിക്കറ്റിൽ സച്ചിൻ തെണ്ടുൽക്കറെ പോലെ ഒരു തലമുറയെ ടെന്നീസ് സ്വപ്നം കാണാൻ പഠിപ്പിച്ച പ്രതിഭയാണ് സാനിയ മിർസ. സാനിയയുടെ 20 വർഷം നീണ്ട കരിയർ അവസാനിക്കുമ്പോള്‍ ടെന്നീസ് കോര്‍ട്ടില്‍ ഇതിഹാസ തുല്യമൊയൊരു കളിക്കാലം കൂടിയാണ് അവസാനിക്കുന്നത്.
2003ൽ വിംബിൾഡണിൽ റഷ്യൻ താരം അലിസ ക്ലബനോവയ്ക്കൊപ്പം ജൂനിയർ വിഭാഗത്തിൽ കിരീടം നേടിയായിരുന്നു സാനിയ മിർസയുടെ അരങ്ങേറ്റം. പല കൂട്ടുകെട്ടിലും ഡബിൾസിൽ ലോക ഒന്നാം നമ്പർ പദവിയിലേക്ക്. ആറ് തവണ ഗ്രാൻഡ് സ്ലാം കിരീടമടക്കം നിരവധി പുരസ്കാരങ്ങൾ,91 ആഴ്ചകളിൽ ഡബിൾസിൽ ഒന്നാം റാങ്കുകാരിയായി . വിവിധ ടൂർണമെന്റുകളിലായി 43 ഡബിൾസ് കിരീടങ്ങൾ സ്വന്തം പേരിൽ കുറിച്ചിട്ടു. ഏഷ്യൻ ഗെയിംസിൽ രണ്ട് സ്വർണമടക്കം നാല് ഒളിംപിക്സ് മത്സരത്തിലും താരം ഇന്ത്യക്ക് വേണ്ടി കളിച്ചു.
പരിക്കും പ്രസവവും കാരണം രണ്ടര വർഷത്തെ ഇടവേളക്ക് ശേഷമായിരുന്നു സാനിയയുടെ രണ്ടാം വരവ്.അമ്മയായ ശേഷമുള്ള തിരിച്ചുവരവിൽ ഹൊബാർട്ട് ഇന്റർനാഷണൽ കിരീടം ചൂടി. 2022ൽ പ്രഖ്യാപിച്ച വിരമിക്കൽ പിൻവലിച്ച് വീണ്ടും കളിക്കളത്തിൽ സജീവം. അവസാന ഗ്രാൻഡ് സ്ലാം മത്സരമായ ഓസ്ട്രേലിയൻ ഓപ്പൺസിൽ രോഹൻ ബൊപ്പണ്ണയ്ക്കൊപ്പം ഫൈനൽ വരെ പൊരുതിയെങ്കിലും റണ്ണറപ്പായി മടക്കം. തോൽവിയോടെയാണെങ്കിലും സാനിയയുടെ ആത്മവിശ്വാസത്തെ തളർത്താൻ ഈ തോൽവി മതിയായിരുന്നില്ല, തോൽവിയിൽ ഒരിക്കലും ഭയപ്പെടരുത്. കൂടുതൽ തിരിച്ചുവരാനാണ് തോൽവി കൊണ്ട് പഠിക്കേണ്ടതെന്ന് മത്സരത്തിന് ശേഷം സാനിയ പറഞ്ഞു.
കളി മതിയാക്കിയെങ്കിലും സാനിയ മിർസയുടെ ചുമതലകൾ അവസാനിക്കുന്നില്ല. വനിതാ ക്രിക്കറ്റ് ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിന്റെ മെന്ററാണ് സാനിയ, കൂടാതെ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പ്രതിഭകളെ കണ്ടെത്താനും സാനിയ മിർസ മുന്നിലുണ്ടാകും