അമ്മമാര്‍ക്ക് താന്‍ പ്രചോദനമാകുമെന്ന പ്രതീക്ഷയില്‍ സാനിയ മിര്‍സ
|'ഒരു കുഞ്ഞുണ്ടായതുകൊണ്ട് നിങ്ങളുടെ സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടതില്ല. നിങ്ങളുടെ സ്വപ്നങ്ങളെ തുടർന്നും പിന്തുടരാനാകും'
ടോക്കിയോയില്‍ നടക്കാനിരിക്കുന്ന ഒളിംപിക്സില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ടെന്നീസ് താരം സാനിയ മിര്‍സ. സാനിയയുടെ നാലാം ഒളിമ്പിക്സാണ് വരാന്‍ പോകുന്നത്. വിമ്പിള്‍ഡണ്‍ വനിതാ ഡബിള്‍സിലും സാനിയ പങ്കെടുക്കും. താന്‍ അമ്മമാരായ യുവതികള്‍ക്ക് പ്രചോദനമാകുമെന്നാണ് സാനിയയുടെ പ്രതീക്ഷ.
"കഴിഞ്ഞ ഒളിംപിക്സിൽ വെച്ച് ഞാൻ അടുത്ത ഒളിംപിക്സിലും പങ്കെടുക്കുമെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ ചിരിച്ചേനെ. ഞാൻ ഇവിടെയുണ്ട് എന്നത് പല കാരണങ്ങളാൽ പ്രത്യേകതയുള്ളതാണ്. ഇത് എന്റെ നാലാമത്തെ ഒളിംപിക്സ് ആണ്. ഒരു കുഞ്ഞ് ജനിച്ചതിന് ശേഷവും ഏറ്റവും ഉന്നതമായ വേദിയില്‍ മത്സരിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. അമ്മമാരായ യുവതികള്‍ക്ക് ഇത് ഒരു പ്രചോദനമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് ഒരു കുഞ്ഞുണ്ടായതുകൊണ്ട് നിങ്ങളുടെ സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടതില്ല. നിങ്ങളുടെ സ്വപ്നങ്ങളെ തുടർന്നും പിന്തുടരാനാകും"
റാങ്കിങില്‍ ഒന്‍പതാം സ്ഥാനത്തുള്ള സാനിയ മിർസ, ടോക്കിയോ ഒളിംപിക്സിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. വനിതാ ഡബിൾസിൽ അങ്കിത റെയ്‌നക്കൊപ്പം പങ്കെടുക്കും. രാജ്യത്ത് ഇപ്പോഴുള്ള മികച്ച ടെന്നീസ് താരം എന്നാണ് സാനിയ അങ്കിതയെ പ്രശംസിച്ചത്. അച്ചടക്കമാണ് അങ്കിതയുടെ ഏറ്റവും വലിയ ശക്തി. അങ്കിത കഴിവിന്‍റെ പരമാവധി ഓരോ ദിവസവും ശ്രമിക്കുന്നുവെന്നും സാനിയ മിര്‍സ പറഞ്ഞു.