Sports
sanju samson, captaincy, failure,critics, social media,sanju samson, captaincy, failure,critics, social media,rajastan royals,rr,riyan parag
Sports

'ആനമണ്ടത്തരങ്ങള്‍'; സഞ്ജുവിന്‍റെ ക്യാപ്റ്റന്‍സി പോരെന്ന് ആരാധകര്‍; വ്യാപക വിമര്‍ശനം

Web Desk
|
6 May 2023 6:05 AM GMT

ഈ സീസണില്‍ രണ്ടക്കം കടക്കാന്‍ പോലും ബുദ്ധിമുട്ടുന്ന, തീര്‍ത്തും നിറംമങ്ങിയ റിയാന്‍ പരാഗിന് വീണ്ടും വീണ്ടും അവസരം കൊടുക്കുന്നതിലും ബാറ്റിങ് ഓര്‍ഡറില്‍ നടത്തുന്ന മണ്ടന്‍ പരീക്ഷണങ്ങളും രാജസ്ഥാന്‍റെ തോല്‍വിക്ക് കാരണമാകുന്നു.

ആദ്യ പകുതിയില്‍ ടേബിള്‍ ടോപ്പേഴ്സ് ആയി നിന്ന രാജസ്ഥാന്‍ റോയല്‍സ് അവസാന ലാപ്പിലേക്കടുക്കുമ്പോള്‍ തോല്‍വി തുടര്‍ക്കഥയാകുന്നു. അവസാന അഞ്ച് മത്സരങ്ങളില്‍ നാലിലും തോറ്റ രാജസ്ഥാനെ സംബന്ധിച്ച് പ്ലേ ഓഫ് സാധ്യത മങ്ങിക്കൊണ്ടിരിക്കുകയാണ്. മികച്ച സ്ക്വാഡ് ഉണ്ടായിട്ടും എന്താണ് ശരിക്കും രാജസ്ഥാന് സംഭവിക്കുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണ് നേരെയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി വിമര്‍ശനങ്ങളാണുയരുന്നത്. ക്യാപ്റ്റന്‍സിയിലെ പിഴവ് സഞ്ജു വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത് ആരാധകരെ നിരാശയിലാഴ്ത്തുന്നുണ്ട്. കഴിഞ്ഞ സീസണില്‍ ഫൈനലിലെത്തിയ ടീം, ഈ സീസണില്‍ തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ടീം, വീണ്ടും വീണ്ടും പടിക്കല്‍ കലമുടച്ചുകൊണ്ടിരിക്കുകയാണെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ പറയുന്നത്.

കഴിഞ്ഞ ഗുജറാത്തിനെതിരായ മത്സരത്തില്‍ത്തന്നെ സഞ്ജുവിന്‍റെയും സങ്കക്കാരയുടെയും പല തീരുമാനങ്ങളും പിഴച്ചിരുന്നു, ടീം തീരുമാനങ്ങളെ ഒരോന്നായി കീറിമുറിക്കുകയാണ് സോഷ്യല്‍ മീഡിയ.

ടീം സെലക്ഷനിലും ഇംപാക്ട് പ്ലെയറെ തെരഞ്ഞെടുക്കുന്നതിലുമാണ് രാജസ്ഥാന്‍ നിരന്തരം പരാജയപ്പെടുന്നത്. ഈ സീസണില്‍ രണ്ടക്കം കടക്കാന്‍ പോലും ബുദ്ധിമുട്ടുന്ന, തീര്‍ത്തും നിറംമങ്ങിയ റിയാന്‍ പരാഗിന് വീണ്ടും വീണ്ടും അവസരം കൊടുക്കുന്നതിലും ബാറ്റിങ് ഓര്‍ഡറില്‍ നടത്തുന്ന ആത്മഹത്യാപരമായ പരീക്ഷണങ്ങളും രാജസ്ഥാന്‍റെ തോല്‍വിക്ക് കാരണമാകുന്നു.

ഗുജറാത്തിനെതിരെ നടന്ന കഴിഞ്ഞ മത്സരം തന്നെയെടുക്കാം. മൂന്നാം വിക്കറ്റ് വീണപ്പോഴേക്കും അശ്വിനെ ബാറ്റിങ് ഓര്‍ഡറില്‍ പ്രമോട്ട് ചെയ്ത് മുന്നോട്ടിറക്കി, അതും ഹെറ്റ്മെയറും ജുറേലും പോലെ ഇന്നിങ്സ് ബില്‍ഡ് ചെയ്യാനും വമ്പനടിക്കും കെല്‍പ്പുള്ളവര്‍ ലൈനപ്പില്‍ ബാക്കിയുള്ളപ്പോള്‍, പോരാത്തതിന് ക്രീസില്‍ പ്രോപ്പര്‍ ബാറ്ററായ ദേവ്ദത്ത് പടിക്കലും നില്‍പ്പുണ്ടായിരുന്നു. അശ്വിന്‍ രണ്ട് റണ്‍സെടുത്ത് പുറത്തായപ്പോള്‍ രാജസ്ഥാന്‍റെ പുതിയ തീരുമാനമെത്തി. ഇംപാക്ട് പ്ലെയര്‍ സബ്സ്റ്റിറ്റ്യൂഷന്‍.

ആദ്യമായി ആയിരിക്കും ഒരു ടീം ഫസ്റ്റ് ഇന്നിങ്സില്‍ത്തന്നെ ഇംപാക്ട് പ്ലെയറെ ഇറക്കുന്നത്. ബാറ്റിങ് ലൈനപ്പിലെ കൂട്ടത്തകര്‍ച്ച മുന്നില്‍ക്കണ്ടാണ് ഇംപാക്ട് പ്ലെയറെ രംഗത്തിറക്കിയതെന്ന് ന്യായീകരിക്കാമെങ്കിലും ഇംപാക്ട് ഇറക്കിയ താരത്തിന്‍റെ ഫോം കൂടി പരിശോധിക്കണ്ടതായിരുന്നു. സീസണില്‍ മുഴുവന്‍ പരജായപ്പെട്ട റിയാന്‍ പരാഗിനെയാണ് രാജസ്ഥാന്‍ ഇംപാക്ട് പ്ലെയറായി അവതരിപ്പിച്ചത്.

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല, നാല് റണ്‍സുമെടുത്ത് വന്നതിലും വേഗത്തില്‍ പരാഗ് മടങ്ങി. ബാറ്റിങ് ഓര്‍ഡറില്‍ താഴേക്കിറങ്ങേണ്ടിവരികയും ടീം തകര്‍ച്ച നേരിടേണ്ടിവരികയും ചെയ്ത സാഹചര്യത്തില്‍ പിന്നീടെത്തിയ ഹെറ്റ്മെയറിനും ജുറേലിനും സമ്മര്‍ദത്തെ അതിജീവിക്കാനായില്ല. അങ്ങനെ വെറും 118ന് രാജസ്ഥാന്‍ ഓള്‍ ഔട്ടാകുകയായിരുന്നു.

രാജസ്ഥാന്‍ റോയല്‍സ് ഈ സീസണില്‍ ഇതുവരെ പരീക്ഷിക്കാത്ത ജോ റൂട്ടിനെയും ഡോനൊവനെയും പോലെയുള്ളവരെ ഇങ്ങനെയുള്ള സാഹചര്യം മുന്നില്‍ക്കണ്ട് പ്ലേയിങ് ഇലവനിലും ഇംപാക്ട് പ്ലെയറായി ഇറക്കുന്നതിലും രാജസ്ഥാന്‍ പരാജയപ്പെടുന്നുണ്ട്.

Similar Posts