Sports
സിക്സര്‍ മുഖത്ത് കൊണ്ട് നിറകണ്ണുകളോടെ യുവതി; ഒടുവില്‍ സഞ്ജു കാണാനെത്തി, വീഡിയോ വൈറല്‍
Sports

സിക്സര്‍ മുഖത്ത് കൊണ്ട് നിറകണ്ണുകളോടെ യുവതി; ഒടുവില്‍ സഞ്ജു കാണാനെത്തി, വീഡിയോ വൈറല്‍

Web Desk
|
18 Nov 2024 7:46 AM GMT

ഒരു ഐസ് പാക് മുഖത്ത് വച്ച് നിറകണ്ണുകളോടെ ഗാലറിയിൽ ഇരിക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

ജൊഹാനസ്ബർഗിൽ ഇന്ത്യ ദക്ഷിണാഫ്രിക്ക നാലാം ടി20 അരങ്ങേറുകയായിരുന്നു. ഏറെ നിർണായകമായ മത്സരത്തിലെ പത്താം ഓവർ. ട്രിസ്റ്റൻ സ്റ്റബ്‌സ് എറിഞ്ഞ ഓവറിലെ ആദ്യ പന്തിനെ ലോങ് ഓണിന് മുകളിലൂടെ സഞ്ജു സിക്‌സർ പറത്തി. അടുത്ത പന്ത് ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ ഗാലറിയിലേക്ക്.

അർധ സെഞ്ച്വറിയിൽ തൊടുമ്പോൾ ഗാലറിയിലേക്ക് നോക്കി ക്ഷമാപണം നടത്തുന്ന സഞ്ജുവിനെയാണ് ക്യാമറകൾ കണ്ടത്. അതിന് കാരണെമന്താണെന്ന് പിന്നെയാണ് ആരാധകർക്ക് മനസിലായത്. സഞ്ജു പറത്തിയ സിക്‌സർ ഒരു സുരക്ഷാ ജീവനക്കാരന്റെ ദേഹത്ത് തട്ടി നേരെ പതിച്ചത് കളി കാണാനെത്തിയ ഒരു യുവതിയുടെ മുഖത്താണ്.

നിറകണ്ണുകളോടെ ഒരു ഐസ് പാക് മുഖത്ത് വച്ച് ഗാലറിയിൽ ഇരിക്കുന്ന യുവതിയുടെ ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി. ഇപ്പോഴിതാ മത്സരശേഷം ഈ യുവതിയെ ഗാലറിക്കരികിലെത്തി സന്ദര്‍ശിക്കുന്ന സഞ്ജുവിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.

ഇന്ത്യ കുറിച്ച ഐതിഹാസിക വിജയത്തോടെ ടി20 ക്രിക്കറ്റിലെ നിരവധി റെക്കോർഡുകളാണ് കഴിഞ്ഞ ദിവസം ജൊഹാനസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ കടപുഴകിയത്. ടി20 ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം ഏറ്റവും അധികം സെഞ്ച്വറികൾ നേടുന്ന താരമെന്ന റെക്കോർഡ് സഞ്ജുവിനെ തേടിയെത്തി. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്ന് മാത്രം സഞ്ജു കുറിച്ചത് മൂന്ന് സെഞ്ച്വറികളാണ്. ടി20 ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടോട്ടലാണ് ജൊഹാനസ്ബർഗിൽ പിറന്നത്. ഇന്ത്യ ഉയർത്തിയ രണ്ട് മികച്ച ടോട്ടലുകളിലും സഞ്ജു സാംസന്റെ സെഞ്ച്വറികളുണ്ടായിരുന്നു.

ഒരു ടി20 സീരീസിൽ രണ്ട് സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് സഞ്ജുവിനെ തേടിയെത്തി. സഞ്ജു ഈ റെക്കോർഡ് കുറിച്ച് മിനിറ്റുകൾക്കകം തന്നെ തിലക് വർമയും ആ പട്ടികയിൽ ഇടംപിടിച്ചു.

ഒരു ടി20 മത്സരത്തിൽ ഇന്ത്യ ഏറ്റവും കൂടുതൽ സിക്‌സർ പറത്തുന്ന മത്സരമായി വാണ്ടറേഴ്സിലെ നാലാം ടി20 മാറി. ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ രണ്ടാം വിക്കറ്റ് പാർട്ട്ണർഷിപ്പാണ് സഞ്ജുവും തിലക് വര്‍മയും ചേർന്ന് പടുത്തുയർത്തിയത്. ഇരുവരും ചേർന്ന് ഇന്ത്യൻ സ്‌കോർബോർഡിൽ ചേർത്തത് 210 റൺസ്. അങ്ങനെയങ്ങനെ റെക്കോര്‍ഡുകളുടെ ഒരു ഘോഷയാത്ര.

Similar Posts