സഞ്ജു ഇന്‍, കിഷന് ഔട്ട്; ടീമിലിടം നേടി 'മല്ലു ബോയ്'
|വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയ സഞ്ജുവിന് തന്റെ കരിയറിലെ രണ്ടാം ഏകദിനത്തിനാണ് അവസരം ലഭിച്ചിരിക്കുന്നത്.
കാത്തിരുന്ന മലയാളി ആരാധകരെ നിരാശപ്പെടുത്തിയില്ല. വിന്‍ഡീസിനെതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ മലയാളി താരം സഞ്ജു സാംസണ് പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ചു. ഇഷാന് കിഷനെ പുറത്തിരുത്തിയാണ് സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയ സഞ്ജുവിന് തന്റെ കരിയറിലെ രണ്ടാം ഏകദിനത്തിനാണ് അവസരം ലഭിച്ചിരിക്കുന്നത്.
ശിഖര്‍ ധവാന് നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ആണ്. ടോസ് നേടിയ വിന്‍ഡീസ് നായകന് നിക്കോളാസ് പൂരന് ബൌളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന(2-1)-ടി20(2-1) പരമ്പര ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ വെസ്റ്റിന്‍ഡീസിനെ നേരിടാന്‍ ഇറങ്ങുന്നത്. അതേസമയം വിന്‍ഡീസാകട്ടെ ബംഗ്ലാദേശിനോടേറ്റ(3-0) കനത്ത പരാജയത്തിന്റെ ക്ഷീണവുമായാണ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്.
2006ല്‍ ബ്രയാന്‍ ലാറയുടെ നേതൃത്വത്തില്‍ ഇന്ത്യക്കെതിരെ നേടിയ പരമ്പര വിജയത്തിന് ശേഷം വിന്‍ഡീസിന് ഇന്ത്യക്കെതിരായ ഏകദിന വിജയം ബാലികേറാമലയാണ്. നാണക്കേടിന്റെ ചരിത്രം മാറ്റിയെഴുതാനായിരിക്കും നിക്കോളാസ് പൂരന്റെയും സംഘത്തിന്റെയും ശ്രമം
ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് ശിഖര്‍ ധവാന് ഇന്ത്യയെ നയിക്കുന്നത്. രോഹിത്തിന് പുറമേ വിരാട് കോഹ്ലി, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര എന്നിവര്‍ക്കും വിന്‍ഡീസ് പരമ്പരയില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. അതിനിടെ ഓപ്പണര്‍ കെ.എല്‍ രാഹുല്‍ കോവിഡ് ബാധിച്ച് ടീമിന് പുറത്തായതും രവീന്ദ്ര ജഡേജ പരിക്കിന്റെ പിടിയിലായതും ഇന്ത്യയെ അലട്ടുന്നുണ്ട്.
അതേസമയം വിന്‍ഡീസിനെതിരായ ഏകദിന പരമ്പര ജയിച്ചാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ലോകറെക്കോര്‍ഡാണ്. ഒരു ടീമിനെതിരായി തുടര്‍ച്ചയായി 11 പരമ്പര വിജയമെന്ന പാകിസ്താന്റെ ലോക റെക്കോര്‍ഡിനൊപ്പമാണ് ഇന്ത്യ. ഈ പരമ്പര കൂടി ജയിച്ചാല്‍ ഒരു ടീമിനെതിരെ തുടര്‍ച്ചയായി 12 പരമ്പരകള്‍ സ്വന്തമാക്കുന്ന ആദ്യ ടീമെന്ന നേട്ടം ഇന്ത്യക്ക് സ്വന്തമാകും. 2. പാകിസ്താന് 11 പരമ്പരകള്‍ തുടര്‍ച്ചയായി വിജയിച്ചത് സിംബാബ്വേക്കെതിരെയാണ്.