ശ്രേയസ് ഔട്ട് സഞ്ജു ഇന്‍?; ഇന്ന് ബി.സി.സി.ഐ യോഗം
|സമീപകാലങ്ങളിലെ ഏകദിന ഫോര്‍മാറ്റിലെ ഫോം മലയാളി താരം സഞ്ജു സാംസണ് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയില്‍ സഞ്ജു സാംസണ് ടീമിലെത്താന്‍ സാധ്യത. പരിക്കിന്റെ പിടിയിലായ ശ്രേയസ് അയ്യര്‍ക്ക് പകരക്കാരനായി ആയിരിക്കും സഞ്ജു ടീമിലെത്തുക. സഞ്ജു സാംസണ് പുറമേ ദീപക് ഹൂഡയെയോ രാഹുല്‍ ത്രിപാതിയെയോ സെലക്ടര്‍മാര്‍ പരിഗണിക്കാന്‍ സാധ്യതയുണ്ട്.
പുറംവേദനയെത്തുടര്‍ന്ന് ഓസീസിനെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ശ്രേയസ് അയ്യര്‍ക്ക് ബാറ്റിങിനെത്താന് സാധിച്ചിരുന്നില്ല. ഇതോടെ ഏകദിന പരമ്പരയില്‍ നിന്നും താരത്തെ മാറ്റിനിര്‍ത്തുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. മാര്‍ച്ച് 17നാണ് ഓസീസിനെതിരായ മൂന്ന് ഏകദിനങ്ങളടങ്ങുന്ന പരമ്പര ആരംഭിക്കുന്നത്.
ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയും പരിക്കിനെത്തുടര്‍ന്ന് ശ്രേയസിന് നഷ്ടമായിരുന്നു. മാത്രമല്ല, പിന്നാലെ വന്ന ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനും ശ്രേയസ് ഉണ്ടായിരുന്നില്ല. എന്‍.സി.എയിലെ 15 ദിവസത്തെ പരിചരണത്തിന് ശേഷമാണ് ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നത്. എന്നാല്‍ പരിക്ക് പൂര്‍ണമായി മാറാതെ താരങ്ങള്‍ വീണ്ടും ടീമിലെത്തുന്നതും മുന്‍ സെലക്ടര്‍ ചേതന്‍ ശര്‍മയുടെ വെളിപ്പെടുത്തലുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നുണ്ട്.
ശ്രേയസിന് പകരം ആരെ ടീമില്‍ എടുക്കും എന്നത് സംബന്ധിച്ച് ഇന്ന് ബി.സി.സി.ഐ യോഗം ചേരും. സമീപകാലങ്ങളിലെ ഏകദിന ഫോര്‍മാറ്റിലെ ഫോം മലയാളി താരം സഞ്ജു സാംസണ് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.