Sports
എഴുതിത്തള്ളിയവരെക്കൊണ്ട് കൈയ്യടിപ്പിച്ച മല്ലു ബോയ്; സ്കിപ്പര്‍ സഞ്ജു സാംസണ്‍
Sports

എഴുതിത്തള്ളിയവരെക്കൊണ്ട് കൈയ്യടിപ്പിച്ച 'മല്ലു ബോയ്'; സ്കിപ്പര്‍ സഞ്ജു സാംസണ്‍

ഷെഫി ഷാജഹാന്‍
|
29 May 2022 5:40 AM GMT

ഒരു ജയത്തിനപ്പുറം കിരീടമാണ്... ഇതിനുമുമ്പ് ഷെയ്ന്‍ വോണ്‍ എന്ന ഇതിഹാസത്തിന് മാത്രം സാധിച്ച നേട്ടം. ഇന്നിതാ ആ നിയോഗം കേരളത്തിന്‍റെ തീരദേശ ഗ്രാമത്തില്‍ പിറന്നുവീണ ഒരു മലയാളിയുടെ കൈകളിലെത്തിയിരിക്കുന്നു.

14 വര്‍ഷത്തെ കിരീടവരള്‍ച്ചക്ക് ശേഷം രാജസ്ഥാന്‍ റോയല്‍സ് വീണ്ടും ഒരു ഫൈനലിനരികെ. 2008ലെ പ്രഥമ ഐ.പി.എല്ലില്‍ ഷെയ്ന്‍ വോണിന്‍റെ കറുത്ത കുതിരകളായെത്തി സീസണിലെ ഫേവറൈറ്റുകളെയെല്ലാം മുട്ടുകുത്തിച്ചാണ് അന്ന് രാജസ്ഥാന്‍ റോയല്‍സ് കിരീടം സ്വന്തമാക്കയത്. അതിന് ശേഷം വര്‍ഷങ്ങള്‍ പലതും കഴിഞ്ഞു പോയി. ടീമിന്‍റെ താക്കോല്‍സ്ഥാനത്ത് രാഹുല്‍ ദ്രാവിഡും രഹാനെയും വാട്സണും സ്മിത്തും ഉള്‍പ്പടെയുള്ള പല ഇതിഹാസങ്ങളും വന്നുപോയി. പക്ഷേ കിരീടം മാത്രം അകന്നുനിന്നു. ആദ്യ കിരീടം വണ്‍ടൈം വണ്ടര്‍ മാത്രമായിരുന്നു എന്ന് വിമര്‍ശകര്‍ വിധിയെഴുതി.



അവിടെനിന്നാണ് ഉത്തരേന്ത്യൻ ലോബികൾ അടക്കിവാഴുന്ന പണക്കൊഴുപ്പിൻറെ ക്രിക്കറ്റ് മേളയിൽ ഒരു മലയാളി ക്യാപ്റ്റൻ രാജസ്ഥാനെ നയിക്കാനെത്തുന്നത്. ക്രിക്കറ്റെന്നത് മലയാളികൾക്ക് അന്യമായ കായിക ഇനമാണെന്ന് യുവതലമുറ മുഴുവൻ വിശ്വസിച്ചിടത്തുനിന്ന് സഞ്ജു സാംസണ്‍ എന്ന മലയാളി ഒരു ഐ.പി.എൽ ടീമിൻറെ ക്യാപ്റ്റന്‍ ക്യാപ് അണിയുന്നത്. വെറുതെ ആയിരുന്നില്ല ആ ആ നായകസ്ഥാനം... അയാള്‍ ക്രിക്കറ്റിനോട് കാട്ടിയ ആത്മസമര്‍പ്പണത്തിന്‍റെ കൂടി ഫലമായിരുന്നു. ആ അധ്വാനം ഇന്ന് ഐ.പി.എല്‍ ഫൈനല്‍ വരെയെത്തിനില്‍ക്കുന്നു. ഒരു ജയത്തിനപ്പുറം കിരീടമാണ്... ഇതിനുമുമ്പ് ഷെയ്ന്‍ വോണ്‍ എന്ന ഇതിഹാസത്തിന് മാത്രം സാധിച്ച നേട്ടം. ഇന്നിതാ ആ നിയോഗം കേരളത്തിന്‍റെ തീരദേശ ഗ്രാമത്തില്‍ പിറന്നുവീണ ഒരു മലയാളിയുടെ കൈകളിലെത്തിയിരിക്കുന്നു.



അവഗണനകളെ സിക്സറിന് പറത്തിയ മല്ലു ബോയ്

സെലക്ഷൻ ട്രയൽസുകളിൽ തുടർച്ചയായി തൻറെ മകനെ നോർത്തിന്ത്യൻ സെലക്ടേർസ് അവഗണിക്കുന്നത് കണ്ട് ഡൽഹി പൊലീസിലെ ജോലിയുമുപേക്ഷിച്ച് ആ മകനെയും കൊണ്ട് കേരളത്തിലെത്തിയ ഒരു പിതാവുണ്ട് പേര്, സാംസൺ വിശ്വനാഥ്... ആ അച്ഛൻറെ മകൻ ഇന്ന് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കമായ ഐ.പി.എല്ലിൽ ഇതിഹാസങ്ങൾ ഭരിച്ചിരുന്ന ഒരു ടീമിൻറെ നായകനാണ്. അവഗണനയുടേയും നിർഭാഗ്യത്തിൻറെയും ആലയിൽ ചുട്ടുപഴുത്ത ഇരുമ്പിൻറെ പേരാണ് സഞ്ജു വിശ്വനാഥ് സാംസൺ. ഒറ്റദിവസം കൊണ്ട് പൊട്ടിമുളച്ച അത്ഭുത ബാലനല്ല അയാൾ, സഞ്ജു പിന്നിട്ട വഴികൾക്ക് അത്രയേറെ വിയർപ്പുതുള്ളികളുടെ കഥകൾ പറയാനുണ്ട്.

ഡൽഹിയിലെ ഏതൊരു മുക്കിലും മൂലയിലും ക്രിക്കറ്റാണ്, വൈറ്റ് ആൻഡ് വൈറ്റുമിട്ട് ക്രിക്കറ്റ് കിറ്റുമായി നടക്കുന്ന കുട്ടികളെക്കൊണ്ട് തിങ്ങിനിറഞ്ഞ നഗരം. അവിടെയാണ് കേരളത്തിൽ നിന്നെത്തിയ സഞ്ജു എന്ന 12കാരൻ ക്രിക്കറ്റെന്ന സ്വപ്നവുമായി അലഞ്ഞുതിരിഞ്ഞത്... സഞ്ജുവിനെയും കൊണ്ട് അച്ഛൻ സാംസൺ പോകാത്ത സെലക്ഷൻ ട്രയൽസുകളില്ല, പക്ഷേ പ്രതിഭ പലതവണ തെളിയിച്ചിട്ടും സഞ്ജുവിന് ഡൽഹി അണ്ടർ 13 ടീമിലേക്കുള്ള വാതിൽ സെലക്ഷൻ കമ്മിറ്റിയിലെ നോർത്തിന്ത്യൻ ലോബികൾ തുറന്നുകൊടുത്തില്ല... എന്നാൽ തോറ്റുകൊടുക്കാൻ ആ അച്ഛൻ ഒരുക്കമല്ലായിരുന്നു. ഒടുവിൽ ഒരു ഉറച്ച തീരുമാനം അദ്ദേഹമടുത്തു... മകനെയും കൊണ്ട് തിരികെ കേരളത്തിലേക്കെത്തുക, അവിടെ അവൻറെ പ്രതിഭ അംഗീകരിക്കപ്പെടും... ആലോചിച്ചു നിൽക്കാൻ സാംസൺ വിശ്വനാഥ് സമയം പാഴാക്കിയില്ല. ദിവസങ്ങൾക്കുള്ളിൽ കുടുംബത്തെ കേരളത്തിലേക്ക് ഷിഫ്റ്റ് ചെയ്തു. പിന്നാലെ ഡൽഹി പൊലീസിലെ ജോലിയുമുപേക്ഷിച്ച് മകനുവേണ്ടി സാംസൺ വിശ്വനാഥും കേരളത്തിലെത്തി. കഥ തുടങ്ങിയത് അവിടെ നിന്നാണ്...

കേരള ടീമിലേക്ക്...

വർഷം 2007. സഞ്ജുവിൻറെ ക്രിക്കറ്റ് ജാതകം തന്നെ മാറ്റിയെഴുതപ്പെടാൻ തുടങ്ങിയ ദിവസം. ഡൽഹിയുടെ സെലക്ഷൻ കമ്മിറ്റി ചുവന്ന മഷിയിൽ തീർപ്പുകൽപ്പിച്ച ആ പേര് കേരള അണ്ടർ 13 ലിസ്റ്റിൽ ഇടംപിടിക്കുന്നു. വെറും ടീമംഗമായല്ല കേരള ടീം ക്യാപ്റ്റനായായിരുന്നു സഞ്ജു സാംസണിൻറെ പേര് അവിടെ എഴുതിച്ചേർക്കപ്പെട്ടത്. അഞ്ച് സെഞ്ച്വറികളടക്കം 973 റൺസാണ് അരങ്ങേറ്റ സീസണിൽ ക്യാപ്റ്റൻ സഞ്ജുവിൻറെ ബാറ്റിൽ നിന്ന് പിറന്നത്. 108 റൺസ് ആവറേജോടെ പ്ലെയർ ഓഫ് ദി സീരീസ് പുരസ്കാരം കൂടി നേടിയാണ് ആ ടൂർണമെൻറ് സഞ്ജു സാംസൺ എന്ന ബാറ്റിങ് സെൻസേഷൻ അവസാനിപ്പിച്ചത്.

ഡൽഹിയിൽ ക്രിക്കറ്റ് പരിശീലനത്തിനായി പോയിക്കോണ്ടിരുന്ന ദിവസങ്ങളിൽ നേരിട്ട കളിയാക്കലുകളേക്കുറിച്ച് ഗൌരവ് കപൂറുമായുള്ള ഒരഭിമുഖത്തിനിടെ സഞ്ജു പറയുന്നുണ്ട്...

''അന്ന് പരിശീലനത്തിനായി പോകുമ്പോൾ അച്ഛനോ അമ്മയോ ആയിരിക്കും ക്രിക്കറ്റ് കിറ്റും ബാഗുകളും പിടിക്കുക. കിറ്റ് ബാഗിൻറെ ഭാരം കാരണം എനിക്കന്നത് ഒറ്റക്കെടുക്കാൻ സാധിച്ചിരുന്നില്ല. ഞങ്ങൾ റോഡിലൂടെ പോകുമ്പോൾ 'ദേ സച്ചിനും അവന്റെ അച്ഛനും അമ്മയും പോകുന്നു. ഇവർ ഇവനെ തെണ്ടുൽക്കറാക്കിക്കളയുമോ എന്നെല്ലാം കമൻറടിച്ച് പൊട്ടിച്ചിരിക്കുന്ന ആളുകളുണ്ടായിരുന്നു. അങ്ങനെ ഒരുപാട് കളിയാക്കലും പരിഹാസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് എൻറെ കുട്ടിക്കാലത്ത്, പക്ഷേ എൻറെ അച്ഛനും അമ്മക്കും ഉറപ്പായിരുന്നു ഒരിക്കൽ ഞാൻ ഇന്ത്യക്കായി കളിക്കുമെന്ന്...''

സഞ്ജു പറഞ്ഞു

സ്കോർ കാർഡുകൾ മാത്രം നോക്കി കളിയെ വിലയിരുത്തുന്നവർക്ക് ഒരുപക്ഷേ സഞ്ജു മത്സരങ്ങളിൽ ഉണ്ടാക്കുന്ന ഇമ്പാക്ട് ബോധ്യപ്പെടണമെന്നില്ല. എന്നാൽ നേരിടുന്ന ആദ്യ പന്ത് മുതൽ ഹാർഡ് ഹിറ്റിങ് നടത്താൻതക്ക പ്രതിഭയുള്ള വിരലിലെണ്ണാവുന്ന ക്രിക്കറ്റര്മാരിൽ ഒരാളാണ് സഞ്ജു. ഇന്ത്യൻ ക്രിക്കറ്റിൻറെ വെടിക്കെട്ട് ഓപ്പണറായിരുന്ന സെവാഗിനെയടക്കം ഓർമപ്പെടുത്തുന്ന ബാറ്റിങ് ശൈലിക്കുടമ. 10-12 വയസുണ്ടായിരുന്നപ്പോൾ അങ്ങ് തലസ്ഥാനത്ത് ക്രിക്കറ്റിൻറെ ബാലപാഠങ്ങൾ കളിച്ചുപഠിച്ച താരമാണ് സഞ്ജു. അന്ന് നേരിട്ട അവഗണനകളെയെല്ലാം തല്ലി ബൌണ്ടറിക്ക് പുറത്തേക്കെറിഞ്ഞാണ് ഇന്നത്തെ സഞ്ജു വി സാംസൺ എന്ന താരം പരുവപ്പെടുന്നത്. ആ വളർച്ച മനസിലാക്കണമെങ്കിൽ രാജസ്ഥാൻ റോയൽസെന്ന ഐ.പി.എൽ ഫ്രാഞ്ചസി അയാൾക്കിട്ട വില മാത്രം പരിശോധിച്ചാൽ മതി, സാക്ഷാൽ ജോസ് ബട്‍ലർക്കും മുകളിൽ 14 കോടി രൂപ മുടക്കിയാണ് സഞ്ജുവിനെ 2022 സീസണിൽ രാജസ്ഥാൻ നിലനിർത്തിയത്.

ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലേക്ക്

വിജയ് മർച്ചൻറ് ട്രോഫിയിൽ കേരളത്തിനായി 138 പന്തിൽ ഡബിൾ സെഞ്ച്വറി അടിച്ചാണ് സഞ്ജു സാംസൺ വാർത്തകൾ സൃഷ്ടിക്കുന്നത്. പിന്നീട് കേരളത്തിൻറെ അണ്ടർ 16, അണ്ടർ 19 ടീമുകളെ നയിച്ച സഞ്ജു 2011ലെ കുച്ച് ബിഹാർ ട്രോഫിയിലെ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യയുടെ അണ്ടർ 19 ടീമിലേക്കെത്തുന്നു. പക്ഷേ ഏഷ്യൻ കപ്പിൽ സഞ്ജു നിരാശപ്പെടുത്തി, അതോടെ അണ്ടർ 19 ലോകകപ്പ് സ്ക്വാഡിൽ ഇടം പിടിക്കാൻ താരത്തിനായില്ല, എന്നാൽ തൊട്ടടുത്ത വർഷം ഓസ്ട്രേലിയക്കെതിരെ ഇന്ത്യൻ കൌമാരക്കാരുടെ സംഘത്തിൻറെ വൈസ് ക്യാപ്റ്റനായാണ് സഞ്ജു തിരിച്ചുവന്നത്...




പിന്നീടങ്ങോട്ട് സഞ്ജുവിൻറെ ദിവസങ്ങളായിരുന്നു, ഏഷ്യാ കപ്പ് ഫൈനലിൽ ചിരവൈരികളായ പാകിസ്ഥാനെതിരെ സെഞ്ച്വറി നേട്ടം, ടീമിന് കിരീടവും. തുടർച്ചയായി കൺസിസ്റ്റൻസി കീപ് ചെയ്ത സഞ്ജുവിനെ ഒഴിക്കൽ ഒഴിവാക്കിയ ലോകകപ്പ് ടീമിലേക്ക് തിരിച്ചുവിളിച്ചു, അതും ടീമിൻറെ വൈസ് ക്യാപ്റ്റനായി. 2014 ലോകകപ്പിൽ ഇന്ത്യയുടെ അണ്ടർ 19 ടീമിൻറെ ഉപനായകനായ സഞ്ജു സെലക്ടർമാരുടെ വിശ്വാസം കാത്തു. ആ ടൂർണമെൻറിൽ ഇന്ത്യയുടെ ടോപ്സ്കോററും സഞ്ജു സാംസൺ എന്ന മലയാളി പയ്യാനായിരുന്നു.





ഇതിനിടയിൽ ഐ.പി.എല്ലിലേക്കും സഞ്ജുവിന് വിളിവന്നു. 2012ൽ സഞ്ജുവിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്ക്വാഡിലുൾപ്പെടുത്തി. പക്ഷേ സൈഡ്ബെഞ്ചിലിരുന്ന് കളി കാണാനായിരുന്നു സഞ്ജുവിൻറ വിധി. എന്നാൽ ഒരു മത്സരത്തിൽ പോലും കളത്തിലിറങ്ങാൻ പറ്റാതെ പോയതിൻറെ എല്ലാ നിരാശയും അടുത്ത സീസണിൽ രാജസ്ഥാൻ റോയൽസിലെത്തി സഞ്ജു സാംസൺ തീർത്തു.

ഇന്ത്യൻ സീനിയര്‍ ക്രിക്കറ്റ് ടീമിലേക്ക്

അണ്ടർ 19 ലോകകപ്പിലെയും ഐ.പി.എല്ലിലെയും പ്രകടനം സഞ്ജുവിന് ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള വഴിതുറന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇന്ത്യയുടെ 17 അംഗ ടീമിലേക്ക് സഞ്ജുവെത്തുന്നു. ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കുന്ന അഞ്ചാമത്തെ മാത്രം മലയാളി. പക്ഷേ ഒരു മത്സരത്തിൽ പോലും സഞ്ജുവിനെ ആ സീരീസിൽ ഫൈനൽ ഇലവനിൽ ഉൾപ്പെടുത്തിയില്ല, ആ പരമ്പര മുഴുവൻ ഡഗ്ഔട്ടിൽ ഇരുന്ന് കണ്ടുതീർക്കാനായിരുന്നു ആ 20കാരൻറെ നിയോഗം. അവിടെയും തീർന്നില്ല സഞ്ജുവിൻറെ നിർഭാഗ്യത്തിൻറെ കഥ, അതേവർഷം വിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിലും സഞ്ജുവിന് നറുക്ക് വീണിരുന്നു, പക്ഷേ ആ പരമ്പര ഉപേക്ഷിക്കപ്പെട്ടു.. വീണ്ടും കാത്തിരിപ്പ്. 2015ലെ ലോകകപ്പിനുള്ള 30 അംഗ സാധ്യത ടീമിലും സഞ്ജുവിൻറെ പേര് വന്നു... എന്നാൽ അവസാന 15 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള് സഞ്ജു സാംസൺ വീണ്ടും പുറത്ത്... ദേശീയ ജഴ്സിയിൽ നിർഭാഗ്യം തലക്കുമുകളിൽ വന്നുനിൽക്കുമ്പോഴും സഞ്ജു പക്ഷേ ഐപിഎല്ലിൽ ലഭിച്ച അവസരങ്ങളെല്ലാം പൊന്നാക്കി. സ്ക്വാഡിലുൾപ്പെടുത്തിയിട്ടും സഞ്ജുവിന് ദേശീയ ടീമിൽ അവസരം കൊടുക്കാത്തതിൽ ക്രിക്കറ്റ് നിരീക്ഷകർ വലിയ തരത്തിൽ വിമർശനശരങ്ങളുയർത്തി.

ഒടുവിൽ 2015 ജൂലൈയിൽ ആ വനവാസകാലം അവസാനിച്ചു. സി.കെ ഭാസ്‌കരനും എബി കുരുവിളയ്ക്കും ടിനു യോഹന്നാനും എസ്.ശ്രീശാന്തിനും ശേഷം ഒരു മലയാളി ഇന്ത്യൻ ക്രിക്കറ്റിൻറെ ദേശീയ കുപ്പായം അണിഞ്ഞിരിക്കുന്നു. സിംബാബ്വെക്കെതിരായ ടി 20 പരമ്പരയിലായിരുന്നു സഞ്ജുവിൻറെ ഇന്ത്യൻ സീനിയർ ടീം ജഴ്സിയിലെ ഡെബ്യൂ മത്സരം. പക്ഷേ അരങ്ങേറ്റത്തിൽ വീണ്ടും നിർഭാഗ്യത്തിൻറെ കരിനിഴൽ. 19 റൺസ് മാത്രം നേടി സഞ്ജു പുറത്താകുന്നു. പിന്നീട് പലതവണ ടീമിലേക്ക് വിളിയെത്തിയെങ്കിലും 2014ൽ ദേശീയ ടീമിനായി അരങ്ങേറ്റം നടത്തിയ സഞ്ജുവിന് എട്ട് വർഷത്തിനിടെ ഇന്നിതുവരെ ഇടയ്ക്കും മുറയ്ക്കുമായി ദേശീയ ജഴ്സിയിൽ കളിക്കാൻ അവസരം കിട്ടിയത് ഒരു ഏകദിനത്തിലും 13 ടി20 മത്സരങ്ങളിലും മാത്രം. സ്ഥിരതയില്ലെന്ന മുട്ടാപ്പോക്ക് ന്യായം നിരത്തി സഞ്ജുവിനെ പടിക്ക് പുറത്ത് നിർത്തുന്ന സെലക്ടർമാർ എട്ട് വർഷത്തിനിടെ അയാൾക്ക് നൽകിയ ആകെ അവസരങ്ങൾ കൈവിരലുകൾ ചേർത്തുവെച്ച് എണ്ണാവുന്നതിലും കുറവാണ്.

അതേസമയം 2017ൽ മാത്രം ഇന്ത്യൻ ടീമിലെത്തിയ സമകാലികനായ ഋഷഭ് പന്തിനാകട്ടെ, ഇക്കാലത്തിനിടയ്ക്ക് 30 ടെസ്റ്റുകളും 24 ഏകദിനങ്ങളും 43 ട്വന്റി 20 മത്സരങ്ങളും രണ്ട് ലോകകപ്പുകളും കളിക്കാൻ അവസരം ലഭിച്ചു. ഋഷഭ് പന്തിനോടുള്ള സെലക്ടർമാരുടെ വാത്സല്യവും സഞ്ജുവിനോടുള്ള അപരവൽകരണ സിദ്ധാന്തവും പലപ്പോഴും കല്ലുകടിയായി ആരാധകർ ഉയർത്തിക്കാട്ടി. സഞ്ജുവിനോടുള്ള ചിറ്റമ്മനയത്തിൻറെ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാണ്, പക്ഷേ ഇതൊന്നും അയാളുടെ പ്രകടനത്തെ തളർത്തിയില്ല, ഒരു ഭാഗത്ത് അവഗണന കൊണ്ട് അയാളെ തളർത്താൻ ശ്രമിക്കുമ്പോഴെല്ലാം ആഭ്യന്തര മത്സരങ്ങളിലും ഐ.പി.എല്ലിലും അയാൾ റൺസുകളും റെക്കോർഡുകളും വാരിക്കൂട്ടിക്കൊണ്ടേയിരുന്നു...

ഐ.പി.എല്ലിൽ...

രാജസ്ഥാൻ റോയൽസ് ജഴ്സിയിൽ 2013ലായിരുന്നു സഞ്ജുവിൻറെ ആദ്യ മത്സരം, പഞ്ചാബിനെതിരായ അരങ്ങേറ്റ മത്സരത്തിൽ തന്നെ 27 റൺസും, മൂന്ന് ക്യാച്ചുകളും, ഒരു റൺ ഔട്ടും സ്വന്തം പേരിൽ കുറിച്ച് സഞ്ജു സാംസൺ എന്ന 19 കാരൻ വരവറിയിച്ചു. അടുത്ത മത്സരം ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെതിരെ... 41 പന്തിൽ 63 റൺസുമായി വീണ്ടും ആ ടീനേജർ ഞെട്ടിച്ചു. അരങ്ങേറി രണ്ടാം മത്സരത്തിൽ തന്നെ പ്ലേയർ ഓഫ് ദ മാച്ച്. ഐ.പി.എല്ലിൽ അർധസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം. 11 ഇന്നിങ്സിൽ നിന്ന് 206 റൺസും 13 ക്യാച്ചുകളുമായി മിന്നുന്ന ഫോമിൽ സീസൺ അവസാനിപ്പിച്ച സഞ്ജു തന്നെയായിരുന്നു ആ ടൂർണമെൻറിലെ മികച്ച യുവതാരത്തിനുള്ള എമേർജിങ് പ്ലേയർ പുരസ്കാരം സ്വന്തമാക്കിയത്.

പ്രീമിയർ ലീഗിൽ പിന്നീട് സഞ്ജുവിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2016 ൽ രാജസ്ഥാൻ റോയൽസിന് രണ്ട് വർഷത്തെ വിലക്ക് നേരിടേണ്ടി വന്നപ്പോൾ മാത്രമാണ് സഞ്ജു മറ്റൊരു ടീമിനായി പാഡ് കെട്ടിയത്. ഡൽഹി ഡെയർ ഡെവിൾസിന് വേണ്ടിയായിരുന്നു സഞ്ജു ആ രണ്ട് സീസണുകളിൽ കളിച്ചത്. ദ്രാവിഡ് സ്കൂൾ ഓഫ് ക്രിക്കറ്റിൽ രാകിമിനുക്കിയ പടക്കോപ്പ് തന്നെയായിരുന്നു സഞ്ജു. വെറും കാടനടികളൊന്നുമായിരുന്നില്ല, സ്വീറ്റ് ടൈമിംഗ് ആണ് സഞ്ജുവിൻറെ ട്രേഡ് മാർക്ക്, ബാറ്റിൻറെ ബ്യൂട്ടി സ്പോട്ടിൽ നിന്ന് പായുന്ന ക്ലീൻ ഹിറ്റിലൂടെ അയാൾ ആരാധകരെ സൃഷ്ടിച്ചുകൊണ്ടേയിരുന്നു.

ഡൽഹിയിലും സഞ്ജു തൻറെ പ്രതിഭക്കൊത്ത പ്രകടനം പുറത്തെടുത്തു. സഞ്ജുവിൻറെ കരിയറിലെ ആദ്യ ഐ.പി.എൽ സെഞ്ച്വറിയും ആ സീസണുകളിലൊന്നിലാണ് പിറന്നത്. ധോണിയുടെ റൈസിങ് പുണെ ജയൻറ്സിനെതിരെയായിരുന്നു സഞ്ജുവിൻറെ സൂപ്പർ ഡ്യൂപ്പർ ഇന്നിങ്സ്. 96 ൽ നിൽക്കെ ആദം സാംപയെ സിക്സറിന് തൂക്കി സെഞ്ച്വറിയിലെത്തിയ സഞ്ജുവിൻറെ കോൺഫിഡൻസ് ലെവൽ ആ കളി കണ്ടവരാരും മറക്കില്ല. 2017 സീസണിൽ 386 റൺസുമായി സഞ്ജു ഡൽഹിയുടെ ടോപ്സ്കോററുമായി. 2018 ൽ വീണ്ടും രാജസ്ഥാൻ ഐ.പി.എല്ലിലേക്ക് മടങ്ങിയെത്തി. ഇതിനോടകം സഞ്ജു തൻറെ പ്രകടനം കൊണ്ട് ഒറ്റക്ക് കളി തിരിക്കാൻ കഴിവുള്ള പ്ലേമേക്കർ ആയിക്കഴിഞ്ഞിരുന്നു. രാജസ്ഥാൻ തിരിച്ചുവരവിൽ വീണ്ടും സഞ്ജുവിനെ ഒപ്പം കൂട്ടി. 2018 സീസണിൽ 441 റൺസാണ് രാജസ്ഥാൻ റോയൽസിനായി സഞ്ജു അടിച്ചുകൂട്ടിയത്.

അവഗണനകളോട് പടവെട്ടിയ നായകൻ

നൂറ് ഐ.പി.എൽ മത്സരങ്ങൾ പൂർത്തിയാക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന നേട്ടവും ഇതിനോടകം സഞ്ജുവിനെ തേടിയെത്തി. വീഴുമ്പോഴെല്ലാം കുരിശിൽ തറയ്ക്കാൻ കാത്തിരിക്കുന്നവർക്കുള്ള മറുപടിയായി ഒടുവിൽ രാജസ്ഥാൻറെ ക്യാപ്റ്റൻ ക്യാപ് സഞ്ജുവിനെ തേടിയെത്തി. ഉത്തരേന്ത്യൻ ലോബികൾ അടക്കിവാഴുന്ന പണക്കൊഴുപ്പിൻറെ ക്രിക്കറ്റ് മേളയിൽ ഒരു മലയാളി ക്യാപ്റ്റൻ. ക്രിക്കറ്റെന്നത് മലയാളികൾക്ക് അന്യമായ കായിക ഇനമാണെന്ന് യുവതലമുറ മുഴുവൻ വിശ്വസിച്ചിടത്തുനിന്നാണ് അയാൾ ഒരു ഐപിഎൽ ടീമിൻറെ നായകപദവി അലങ്കരിക്കുന്നതെന്ന് ഓർക്കണം.

അയാൾക്ക് വേണ്ടി ആരും എവിടെയും പട്ടുമെത്തകൾ വിരിച്ചിരുന്നില്ല, ഒരു ഗോഡ്ഫാദറും അയാൾക്കായി വാദിച്ചില്ല. പക്ഷേ നിങ്ങൾ തോറ്റെന്ന് വിധിയെഴുതാൻ തൂലികയെടുക്കമ്പോഴൊക്കെയും അത് പൂർത്തിയാക്കുന്നതിന് മുമ്പ് അയാൾ ഫീനിക്സ് പക്ഷിയേക്കാൾ വേഗത്തില്‍ ഉയിര്‍ത്തെഴുന്നേറ്റിറ്റുണ്ടാകും... ഫിയർലെസ് ക്രിക്കറ്റർ എന്ന് വിരാട് കോഹ്‍ലി വിശേഷിപ്പിച്ച താരമാണ് സഞ്ജു. അയാളെ അവഗണിച്ചുകൊണ്ട് തളർത്തിക്കളയാമെന്ന് ആരെങ്കിലും അറിയാതെപോലും വിചാരിച്ചുപോയിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്ന് കാലം തെളിയിക്കും... പാഡ് കെട്ടിയ കാലം മുതല് അവഗണനകളുടെ ക്രീസിലാണ് സഞ്ജു എന്നും ബാറ്റു വീശിയിട്ടുള്ളത്. കേരളത്തിലെ ഒരു തീരദേശഗ്രാമത്തിൽ ജനിച്ചുവീണ് നോർത്ത് ഇന്ത്യൻ ക്രിക്കറ്റ് ലോബികളുടെ സ്വജനപക്ഷപാതത്തെ ക്രീസ് വിട്ടിറങ്ങി സിക്സർ പറത്തിയ മലയാളിയുടെ അഭിമാന ബോധത്തിൻറ പേരുകൂടിയാണ് സഞ്ജു വി സാംസൺ.

അങ്ങനെയൊന്നും അവസാനിച്ചുപോകുന്ന കരിയർ ആകില്ല സഞ്ജുവിൻറേത്, ഇന്ന് കണ്ണടക്കുന്നവർക്കും വാതിൽ കൊട്ടിയടക്കുന്നവർക്കും അത് മലർക്കെ തുറക്കേണ്ട നാളുകൾ വരിക തന്നെ ചെയ്യും. അയാളിലെ ബാറ്റിങ് പ്രതിഭ തന്നെ അതിന് മറുപടി പറയും... ഒരുദിവസം വരും... അന്നയാൾ നീലക്കുപ്പായത്തിൻറെ നിറസാന്നിധ്യമാകും.

Similar Posts