സഞ്ജുവിന് ലഭിക്കുക കോടികൾ; ബി.സി.സി.ഐ നൽകിയ 125 കോടി വീതിക്കുന്നത് ഇങ്ങനെ
|റിസര്‍വ് ബെഞ്ചിലുള്ള താരങ്ങളുടെ വരെ കീശ നിറയും
ഒന്നരപ്പതിറ്റാണ്ടിന് ശേഷം ടി20 ക്രിക്കറ്റിൽ കിരീടം ചൂടിയ രോഹിത് ശർമക്കും സംഘത്തിനും കോടികളുടെ പാരിതോഷികമാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ലോകകപ്പ് നേട്ടത്തിന് പിറകേ ടൂര്‍ണമെന്‍റിനായി യാത്ര തിരിച്ച സംഘത്തിലെ എല്ലാം അംഗങ്ങൾക്കുമായി 125 കോടി രൂപ ബോർഡ് പ്രഖ്യാപിച്ചു. ജൂലൈ നാലിന് ഈ തുക ബി.സി.സി.ഐ ടീമിന് കൈമാറുകയും ചെയ്തു. ടീമിലെ അംഗങ്ങൾക്ക് ഈ തുക വീതിച്ച് നൽകുന്നത് എങ്ങനെയാണ്? ആരാധകർ നേരത്തേ തന്നെ സോഷ്യൽ മീഡിയയിൽ സംശയമുയർത്തുന്നുണ്ട്.
ലോകകപ്പ് ടീമിൽ അംഗമായിരുന്ന മുഴുവൻ താരങ്ങൾക്കും ഈ തുകയിൽ നിന്ന് 5 കോടി രൂപ വീതമാണ് ലഭിക്കുക. ലോകകപ്പിൽ ഒരു മത്സരം പോലും കളിക്കാത്ത സഞ്ജു സാംസൺ, യുസ് വേന്ദ്ര ചഹൽ, യശസ്വി ജയ്‌സ്വാൾ തുടങ്ങിയവർക്കൊക്കെ ലഭിക്കും ഈ തുക. റിസർവ് ബെഞ്ചിൽ ഉണ്ടായിരുന്ന ശുഭ്മാൻ ഗിൽ, റിങ്കു സിങ്, ഖലീൽ അഹ്‌മദ്, ആവേശ് ഖാൻ എന്നിവർക്ക് ഒരു കോടി വീതം ലഭിക്കും.
ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്, ബാറ്റിങ് കോച്ച് വിക്രം റാത്തോർ, ഫീൽഡിങ് കോച്ച് ടി ദിലീപ്, ബോളിങ് കോച്ച് പരസ് മഹാംബ്രേ എന്നിവർക്ക് 2.5 കോടി വീതമാണ് ലഭിക്കുക. ബാക്കിയുള്ള സപ്പോർട്ടിങ് സ്റ്റാഫുകൾക്ക് 2 കോടി വീതം ലഭിക്കും.
അജിത് അഗാർക്കർ അടക്കം അഞ്ച് അംഗങ്ങൾ അടങ്ങുന്ന സെലക്ഷൻ കമ്മറ്റിക്ക് ഒരു കോടി വീതമാണ് ലഭിക്കുക.. ലോകകപ്പിനായി പോയ ഇന്ത്യൻ സംഘത്തിൽ 42 പേരാണ് ആകെ ഉണ്ടായിരുന്നത്. ടി20 ലോകകപ്പ് ജേതാക്കൾക്ക് 20 കോടി രൂപയാണ് സമ്മാനത്തുകയായി ഐ.സി.സി നൽകുക. അതിന്റെ എത്രയോ ഇരട്ടിയാണ് ബി.സി.സി.ഐയുടെ പാരിതോഷികം. ഇത് കൂടാതെ മഹാരാഷ്ട്ര സർക്കാർ ഇന്ത്യൻ ടീമിന് 11 കോടി രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.