ഒരടിയിൽ ഒഡീഷ വീണു; സന്തോഷ് ട്രോഫിയിൽ സെമി സാധ്യത നിലനിർത്തി കേരളം
|കേരളത്തിന്റെ വിജയം എതിരില്ലാത്ത ഒരു ഗോളിന്
ഭുവനേശ്വര്‍: സന്തോഷ് ട്രോഫിയിലെ നിർണായക മത്സരത്തിൽ കേരളത്തിന് ജയം. എതിരില്ലാത്ത ഒരു ഗോളിന് ഒഡീഷയെയാണ് കേരളം തകർത്തത്. ഇതോടെ ടൂര്‍ണമെന്റില്‍ കേരളം സെമി സാധ്യത നിലനിർത്തി. ആദ്യ പകുതിയിൽ നിജോ ഗിൽബർട്ടാണ് കേരളത്തിനായി സ്കോർ ചെയ്തത്.
സെമി സാധ്യത നിലനിർത്താൻ വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ തുടക്കം മുതൽ ഇരുടീമുകളും ആക്രമണ ഫുട്ബോളാണ് കാഴ്ചവച്ചത്. മത്സരത്തിന്റെ 15ാം മിനിറ്റില്‍ തന്നെ കേരളത്തിന്റെ വിജയഗോൾ പിറന്നു. കേരളത്തിന്റെ ക്രോസിന് പെനാൽട്ടി ബോക്സിന് അകത്ത് വച്ച് ഒഡീഷ താരം കൈവച്ചതോടെ റഫറി പെനാൽട്ടി സ്പോട്ടിലേക്ക് വിരല്‍ ചൂണ്ടി.
കേരളത്തിനായി കിക്കെടുക്കാനെത്തിയ നിജോ ഗിൽബർട്ടിന് പിഴച്ചില്ല. നിജോ ഗോൾവലകുലുക്കി. ഗോൾവീണതും ഉണർന്നു കളിച്ച ഒഡീഷ കേരളത്തിന്റെ ഗോൾമുഖം ലക്ഷ്യമാക്കി നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം കണ്ടെത്താനായില്ല. തോൽവിയോടെ ഒഡീഷയുടെ സെമി സ്വപ്നങ്ങൾ അസ്തമിച്ചു. ടൂർണമെന്റിൽ കരുത്തരായ പഞ്ചാബിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.