ജയ്സ്വാളിന്‍റെ ഇരട്ട ശതകം മതിമറന്നാഘോഷിച്ച് സര്‍ഫറാസ്; ആന്‍ഡേഴ്സനെ എയറിലാക്കിയ ഇന്നിങ്സ്
|41 വയസ്സിനിടെ ഒരാളും ജെയിംസ് ആൻഡേഴ്‌സന്റെ പന്തിൽ ഹാട്രിക്ക് സിക്‌സറിച്ചിട്ടില്ല എന്നിരിക്കെയാണ് രാജ്‌കോട്ടിൽ യശസ്വി ജയ്‌സ്വാളെന്ന 22 കാരന്‍റെ സംഹാര താണ്ഡവം
രാജ്‌കോട്ട് ടെസ്റ്റിൽ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിലെ 85ാം ഓവർ. പന്തെറിയാൻ ബോളിങ് എന്റിൽ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും പരിജയ സമ്പന്നനായ ബോളർ ജെയിംസ് ആൻഡേഴ്‌സൺ. സ്‌ട്രൈക്കിൽ ഇന്ത്യൻ ക്രിക്കറ്റിലെ യങ് സെൻസേഷൻ യശസ്വി ജയ്‌സ്വാൾ. ആൻഡേഴ്‌സന്റെ ആദ്യ പന്തിൽ റണ്ണൊന്നുമെടുക്കാതിരുന്ന ജയ്‌സ്വാൾ പിന്നെയുള്ള മൂന്ന് പന്തുകൾ തുടർച്ചയായി ഗാലറിയിലേക്ക് പറത്തി. രണ്ടാം പന്ത് ഡീപ് സ്‌ക്വെയർ ലെഗ്ഗിലേക്ക്. മൂന്നാം പന്ത് എക്‌സ്ട്രാ കവറിന് മുകളിലൂടെ. നാലാം പന്ത് സ്‌ട്രൈറ്റ് ഡ്രൈവിലൂടെ ഗാലറിയിൽ. രാജ്‌കോട്ടില്‍ ആരാധകർക്ക് തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനാവുന്നുണ്ടായിരുന്നില്ല. 41 വയസ്സിനിടെ ഒരാളും ജെയിംസ് ആൻഡേഴ്‌സന്റെ പന്തിൽ ഹാട്രിക്ക് സിക്‌സറിച്ചിട്ടില്ല എന്നിരിക്കെയാണ് യശസ്വി ജയ്‌സ്വാളെന്ന 22 കാരന്‍റെ സംഹാര താണ്ഡവം.
ഇരട്ട സെഞ്ച്വറി നേടിയ ജയ്‌സ്വാൾ മത്സരത്തിലുടനീളം ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. 236 പന്തിൽ നിന്നാണ് താരം 214 റൺസടിച്ചെടുത്തത്. രാജ്‌കോട്ടിലെ ഐതിഹാസിക ഇന്നിങ്‌സിലൂടെ ഒരുപിടി റെക്കോർഡുകളും യശസ്വി കടപുഴക്കി. ടെസ്റ്റിൽ ഒരിങ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സർ നേടുന്ന താരമെന്ന റെക്കോർഡ് താരം തന്റെ പേരിൽ കുറിച്ചു. പാക് ഇതിഹാസം വസീം അക്രമവും മുമ്പ് ഇതേ റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്. ഒരു ടെസ്റ്റ് പരമ്പരയിൽ ഇരുപതോ അതിലധികമോ സിക്‌റുകൾ നേടുന്ന താരമെന്ന റെക്കോർഡും യശസ്വി തന്റെ പേരിലാക്കി.പരമ്പരയിൽ ഇനിയും രണ്ട് മത്സരങ്ങൾ അവശേഷിക്കുന്നതിനാൽ ഈ റെക്കോർഡിന്റെ കാര്യത്തിൽ താരം ബഹുദൂരം മുന്നിലെത്തുമെന്നുറപ്പ്.
ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്‌സുകൾ നേടുന്ന ടീമെന്ന റെക്കോർഡ് ഇന്ത്യ യശസ്വിയിലൂടെ ക്രിക്കറ്റ് ചരിത്രത്തില്‍ എഴുതിച്ചേർത്തു. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ രണ്ട് ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡും ജയ്‌സ്വാൾ തന്‍റെ പേരില്‍ കുറിച്ചു. അങ്ങനെയങ്ങനെ ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങൾ പലർക്കും രചിക്കാനാവാത്ത ഒരുപിടി നേട്ടങ്ങള്‍.
അഞ്ചാം വിക്കറ്റില്‍ ക്രീസില്‍ ഒത്തു ചേര്‍ന്ന ജയ്സ്വാള്‍ സര്‍ഫറാസ് ജോഡിയാണ് ഇംഗ്ലണ്ടിന് മുന്നില്‍ കൂറ്റന്‍ റണ്‍മല പടുത്തുയര്‍ത്തിയത്. രണ്ടാം ഇന്നിങ്സിലും അര്‍ധ സെഞ്ച്വറിയുമായി കളം നിറഞ്ഞ സര്‍ഫറാസ് ഇക്കാലമത്രയും തന്നെ പുറത്തിരുത്തിയ സെലക്ടര്‍മാര്‍ക്ക് ബാറ്റ് കൊണ്ട് മറുപടി നല്‍കുകയായിരുന്നു. 72 പന്തിൽ നിന്ന് 68 റൺസാണ് സര്‍ഫറാസ് അടിച്ചെടുത്തത്. മൂന്ന് സിക്‌സും ആറ് ഫോറുമടങ്ങുന്നതായിരുന്നു സർഫറാസിന്റെ ഇന്നിങ്‌സ്. ജയ്സ്വാളിന്‍റെ ഇരട്ട സെഞ്ച്വറി മതി മറന്നാഘോഷിച്ച സര്‍ഫറാസിനെയും രാജ്കോട്ടില്‍ ആരാധകര്‍ കണ്ടു. ഇന്ത്യ രണ്ടാം ഇന്നിങ്സ് ഡിക്ലെയര്‍ ചെയതപ്പോള്‍ യശസ്വിയെ മുന്നില്‍ നടക്കാന്‍ പറഞ്ഞ് ആംഗ്യം കാണിച്ച സര്‍ഫറാസ് ആരാധകരുടെ കയ്യടി നേടി.
രാജ്‌കോട്ടിൽ ഇന്ത്യ ഉയർത്തിയ റൺമലക്ക് മുന്നിൽ ഒന്ന് പൊരുതി നോക്കാൻ പോലുമാവാതെയാണ് ഇംഗ്ലീഷ് ബാറ്റിങ് നിര ചീട്ടു കൊട്ടാരം പോലെ തകർന്നടിഞ്ഞത്. 434 റൺസിന്‍റെ കൂറ്റന്‍ ജയമാണ് ഇന്ത്യ കുറിച്ചത്. ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റ് വിജയമാണിത്. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ ഉയർത്തിയ 556 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് വെറും 122 റൺസിന് കൂടാരം കയറി. അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് നേടിയ കുൽദീപ് യാദവും ചേർന്നാണ് ഇംഗ്ലീഷ് ബാറ്റിങ് നിരയെ കറക്കി വീഴ്ത്തിയത് . 33 റൺസ് നേടിയ മാർക്ക് വുഡാണ് രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലീഷ് നിരയിലെ ടോപ് സ്‌കോറർ. ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 445 റൺസാണുയർത്തിയത്. ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സിൽ 319 റൺസിന് കൂടാരം കയറി. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലെത്തി.