'എന്നെ വിശ്വസിക്ക്.. ഔട്ടാണത്'; രോഹിതിനോട് ഡി.ആർ.എസ് എടുപ്പിച്ച് സർഫറാസ്, പിന്നെ സംഭവിച്ചത്
|പന്ത് വില്‍ യങ്ങിന്‍റെ ബാറ്റിൽ തട്ടിയോ എന്ന കാര്യത്തില്‍ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പോലും സംശയമുണ്ടായിരുന്നു
പൂനെ: ഇന്ത്യ ന്യൂസിലാന്റ് രണ്ടാം ടെസ്റ്റിലെ 24ാം ഓവർ. സ്‌ട്രൈക്കിൽ വിൽ യങ്. അശ്വിനെറിഞ്ഞ ഓവറിലെ അഞ്ചാം പന്ത് യങ് ഡിഫന്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും പന്ത് കീപ്പറുടെ കയ്യിലേക്ക്. അത് ബാറ്റിൽ തട്ടിയോ എന്ന കാര്യത്തില്‍ ഋഷഭ് പന്തിന് പോലും ഉറപ്പുണ്ടായിരുന്നില്ല. എന്നാൽ സ്ലിപ്പിൽ നിന്ന സർഫറാസ് ഖാൻ വിക്കറ്റുറപ്പിച്ച് അമ്പയറോട് അപ്പീൽ ചെയ്തു. അത് വിക്കറ്റല്ലെന്ന നിലപാടിലായിരുന്നു അമ്പയർ.
ഇന്ത്യൻ നായകൻ രോഹിത് ശർമക്കും അത് വിക്കറ്റാണോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. സർഫറാസ് ഖാൻ രോഹിതിനോട് നിർബന്ധമായും ഡി.ആർ.എസ് എടുക്കണമെന്ന് ആവശ്യപ്പെട്ടു. സംശയത്തോടെ നിന്ന ഇന്ത്യൻ നായകനും സഹതാരങ്ങളും റിവ്യൂവിന് പോവാൻ തന്നെ തീരുമാനിച്ചു. ഒടുവിൽ റിപ്ലേ ദൃശ്യങ്ങളെത്തി. പന്ത് യങ്ങിന്റെ ഗ്ലൗവിൽ തട്ടിയാണ് കീപ്പറുടെ കയ്യിൽ വിശ്രമിച്ചത് എന്ന് ബോധ്യമായതോടെ അമ്പയർ തീരുമാനം തിരുത്തി. വിക്കറ്റിന് ശേഷം സർഫറാസിനെ അഭിനന്ദിക്കുന്ന ഇന്ത്യൻ താരങ്ങളെ കാണാമായിരുന്നു.
പൂനെ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ ന്യൂസിലാന്റിനെ 259 റൺസിന് ഇന്ത്യ കൂടാരം കയറ്റി. ഏഴ് വിക്കറ്റെടുത്ത വാഷിങ്ടൺ സുന്ദറിന്റെ മികവിലാണ് ഇന്ത്യ കിവികളെ 300 റൺസിന് മുമ്പേ കൂട്ടിലടച്ചത്. സന്ദർശകർക്കായി ഡെവോൺ കോൺവേയും രചിൻ രവീന്ദ്രയും അർധ സെഞ്ച്വറി കുറിച്ചു.