Sports
അവഗണനകളെ ബാറ്റ് കൊണ്ട് തോല്‍പ്പിച്ചവന്‍; സര്‍ഫറാസ് ആദ്യമായി ഇന്ത്യന്‍ ടീമില്‍
Sports

അവഗണനകളെ ബാറ്റ് കൊണ്ട് തോല്‍പ്പിച്ചവന്‍; സര്‍ഫറാസ് ആദ്യമായി ഇന്ത്യന്‍ ടീമില്‍

Web Desk
|
29 Jan 2024 12:51 PM GMT

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള സ്ക്വാഡിലാണ് സര്‍ഫറാസ് ഇടംപിടിച്ചത്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുമ്പോൾ സർഫറാസ് ഖാൻ എന്ന ഇന്ത്യൻ ക്രിക്കറ്റിലെ വിസ്മയം ഒരിക്കൽ കൂടി തഴയപ്പെടുന്ന കാഴ്ചക്കാണ് ആരാധകർ സാക്ഷിയായത്. വിരാട് കോഹ്ലി വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പരമ്പരയിൽ നിന്ന് പിന്മാറിയപ്പോഴെങ്കിലും സർഫറാസിന് നറുക്ക് വീഴുമെന്ന് കരുതിയവരാണ് ആരാധകരിൽ പലരും.

എന്നാൽ താരത്തോടുള്ള അവഗണന തുടർക്കഥയാവുന്ന കാഴ്ച ആരാധകരെ ചൊടിപ്പിച്ചു. സോഷ്യൽ മീഡിയയിൽ അവര്‍ തങ്ങളുടെ അമര്‍ഷം പരസ്യമാക്കുകയും ചെയ്തു. വീണ്ടും തഴയപ്പെട്ടതിന്റെ നിരാശ ഒരു സെഞ്ച്വറിയിലൂടെയാണ് സർഫറാസ് തീർത്തത്. ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇംഗ്ലണ്ട് ലയൺസിനെതിരെ ഇന്ത്യ എ.ടീമിനായി നാലാം നമ്പറിൽ കളത്തിലെത്തിയ താരം 161 റൺസ് നേടി സെലക്ടർമാരുടെ തീരുമാനത്തെ ഒരിക്കൽ കൂടി ചോദ്യം ചെയ്തു.

ഒടുവിലിതാ നീണ്ട കാലത്തെ കാത്തിരിപ്പുകൾക്കും അവഗണനകള്‍ക്കും വിരാമമാവുകയാണ്. പരിക്കേറ്റതിനെ തുടർന്ന് കെ.എൽ രാഹുലും രവീന്ദ്ര ജഡേജയും രണ്ടാം ടെസ്റ്റിനുള്ള ടീമിൽ നിന്ന് പുറത്തായതോടെ സർഫറാസിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തി. ഇതാദ്യമായാണ് താരം ഇന്ത്യൻ സീനിയർ സ്ക്വാഡില്‍ ഇടംപിടിക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറി പത്ത് വര്‍ഷത്തിന് ശേഷമാണ് സര്‍ഫറാസിന്‍റെ ഇന്ത്യന്‍ ടീം പ്രവേശം. സർഫറാസിന് പുറമേ വാഷിങ്ടൺ സുന്ദറും സൗരഭ് കുമാറും ടീമില്‍ ഇടംപിടിച്ചുണ്ട്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളാണ് സര്‍ഫറാസിന്‍റെ ബാറ്റില്‍ നിന്ന് പിറവിയെടുത്തിട്ടുള്ളത്. 45 മത്സരങ്ങളിൽ നിന്ന് വെറും 66 ഇന്നിങ്‌സുകളിൽ നിന്നായി 3912 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. 69.85 ആണ് ശരാശരി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സാക്ഷാൽ ഡൊണാൾഡ് ബ്രാഡ്മാന് ശേഷം ഏറ്റവുമധികം ശരാശരിയുള്ള താരമാണ് സർഫറാസ്. 14 സെഞ്ച്വറിയും 11 അർധ സെഞ്ച്വറിയും താരം തന്‍റെ പേരില്‍ കുറിച്ചിട്ടുണ്ട്. 2019-20 സീസണിൽ ഉത്തർപ്രദേശിനെതിരെ പുറത്താകാതെ നേടിയ 301 റൺസാണ് ഉയർന്ന സ്‌കോർ.

Similar Posts