Sports
ബ്രിജ്ഭൂഷണെതിരെയുള്ള രേഖകൾ മുദ്രവെച്ച കവറിൽ സമർപ്പിക്കാം; ഗുസ്തി താരങ്ങളോട് സുപ്രിംകോടതിയുടെ നിർദേശം
Sports

ബ്രിജ്ഭൂഷണെതിരെയുള്ള രേഖകൾ മുദ്രവെച്ച കവറിൽ സമർപ്പിക്കാം; ഗുസ്തി താരങ്ങളോട് സുപ്രിംകോടതിയുടെ നിർദേശം

Web Desk
|
3 May 2023 8:07 AM GMT

താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് മനേക ഗാന്ധി രംഗത്ത് എത്തിയത് ബി.ജെ.പിയെ വെട്ടിലാക്കി

ന്യൂഡൽഹി: ബ്രിജ് ഭൂഷണെതിരെ ഗുസ്തി താരങ്ങളുടെ കൈവശമുള്ള രേഖകൾ മുദ്രവെച്ച കവറിൽ സമർപ്പിക്കാൻ സുപ്രിംകോടതിയുടെ നിർദേശം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയത്. കേസ് അട്ടിമറിക്കാൻ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ സമ്മർദം ചെലുത്തുകയാണെന്ന് സമരം ചെയ്യുന്ന താരങ്ങൾ ആരോപിച്ചു.

ഗുസ്തിതാരങ്ങളുടെ പരാതിയിൽ പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തുന്നില്ല എന്നാണ് താരങ്ങൾ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് മുൻപാകെ സമർപ്പിച്ച ഹരജിയിൽ ആരോപിക്കുന്നത്. കേസുമായി ബന്ധപ്പെട്ട ചില രേഖകൾ മുദ്രവെച്ച കവറിൽ സമർപ്പിക്കാൻ സുപ്രിം കോടതി താരങ്ങൾക്ക് അനുമതി നൽകി. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ കേസ് ഇല്ലാതാക്കാൻ സമ്മർദം ചെലുത്തിയെന്ന് വിനേഷ് ഫോഗട്ട് ഉൾപ്പടെയുള്ള കായിക താരങ്ങളും വെളിപ്പെടുത്തി. ബ്രിജ് ഭൂഷൺ ഭീഷണിയും വെല്ലുവിളിയും മുഴക്കുന്നെന്നും കായിക താരങ്ങൾ പറയുന്നു. ബ്രിജ് ഭൂഷണെതിരെ ഇതാദ്യമായല്ല പരാതി ഉയരുന്നത് എന്നും 2012 ൽ നൽകിയ പരാതി പൊലീസ് അന്വേഷിച്ചില്ല എന്നും ഗുസ്തി താരങ്ങൾ വ്യക്തമാക്കി.

ഇതിനിടെയാണ് താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെപി എംപി മനേക ഗാന്ധി രംഗത്ത് എത്തിയത്. ഡൽഹി ജന്ദർ മന്ദറിൽ സമരം ചെയ്യുന്ന വനിതാ താരങ്ങളുടെ വേദന മനസിലാക്കുന്നുവെന്ന മനേകാ ഗാന്ധിയുടെ പ്രസ്താവന ബിജെപിയെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്. സമരം ചെയ്യുന്ന താരങ്ങളെ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷയും എംപിയുമായ പിടി ഉഷ ജന്തർ മന്ദിറിൽ എത്തി സന്ദർശിച്ചു. സമരത്തിന് പിന്തുണയുമായി കൂടുതൽ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്. കോൺഗ്രസ് , ഇടത് പാർട്ടികൾ , ആം ആദ്മി പാർട്ടി തുടങ്ങിയ പ്രതിപക്ഷ നിരയിലെ പ്രബല രാഷ്ട്രീയ പാർട്ടികളൊക്കെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡൽഹി സർവകലാശാലയിലെ എസ്എഫ്‌ഐ പ്രവർത്തകർ ഇന്ന് മാർച്ച് നടത്തും. സംയുക്ത കിസാൻ മോർച്ച ഗുസ്തി താരങ്ങളുടെ സമരത്തെ പിന്തുണച്ച് രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.


Similar Posts