''അന്ന് സച്ചിനില്ലായിരുന്നെങ്കില്‍...''; വിരമിക്കല്‍ തീരുമാനം മാറ്റിയതിനെക്കുറിച്ച് സെവാഗ്
|2008 ൽ ആസ്‌ട്രേലിയയിൽവെച്ചുനടന്ന കോമൺവെൽത്ത് ബാങ്ക് ത്രിരാഷ്ട്ര പരമ്പരയിലെ മോശം പ്രകടനം സെവാഗിന് പുറത്തേക്കുള്ള വഴി തെളിക്കുകയായിരുന്നു.
വിരാട് കോഹ്‌ലിയുടെ ഫോമില്ലായ്മയെക്കുറിച്ച് ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നതിനിടെ പണ്ട് വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചിരുന്ന മോശം കാലത്തെക്കുറിച്ച് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. പണ്ട് ഫോം ഔട്ടായിരുന്ന സമയത്ത് വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചിരുന്നെന്നും അന്ന് സച്ചിനാണ് തന്നെ ആ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നും സെവാഗ് പറഞ്ഞു. ക്രിക്ബസിന്‍റെ മാച്ച് പാർട്ടി എന്ന ഷോയിലായിരുന്നു സെവാഗിന്‍റെ വെളിപ്പെടുത്തല്‍.
2008 ൽ ആസ്‌ട്രേലിയയിൽവെച്ചുനടന്ന കോമൺവെൽത്ത് ബാങ്ക് ത്രിരാഷ്ട്ര പരമ്പരയിലെ മോശം പ്രകടനം സെവാഗിന് പുറത്തേക്കുള്ള വഴി തെളിക്കുകയായിരുന്നു. അന്ന് നായകന്‍ ധോണി തന്നെ പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്താക്കിയപ്പോള്‍ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ പോലും തീരുമാനിച്ചിരുന്നതായും പിന്നീട് സച്ചിനുമായുള്ള സംസാരശേഷമാണ് ആ തീരുമാനം ഉപേക്ഷിച്ചതെന്നും സെവാഗ് പറഞ്ഞു.
" 2008 ൽ ഓസ്ട്രേലിയയിൽ ആയിരുന്നപ്പോഴാണ് വിരമിക്കലിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചുതുടങ്ങുന്നത്. ടെസ്റ്റ് പരമ്പരയിൽ 150 റൺസ് നേടി തിരിച്ചുവരവ് നടത്താൻ എനിക്ക് സാധിച്ചു. പക്ഷേ ഏകദിനത്തിൽ നാലോ അഞ്ചോ അവസരങ്ങൾ ലഭിച്ചിട്ടും എനിക്ക് തിളങ്ങാന്‍ സാധിച്ചില്ല, അങ്ങനെ ധോണി എന്നെ പ്ലേയിങ് ഇലവനിൽ നിന്നും ഒഴിവാക്കി... ആ സമയത്ത് ഏകദിനത്തില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ഞാന്‍ കാര്യമായി ആലോചിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ മാത്രം തുടര്‍ന്നാല്‍ മതിയെന്ന് തീരുമാനമെടുത്തു. എന്നാൽ സച്ചിൻ തെണ്ടുൽക്കർ എന്നെ തടഞ്ഞു, ഇത് നിൻ്റെ ജീവിതത്തിലെ മോശം സമയമാണ്. ഈ പരമ്പരക്ക് ശേഷം നീ നാട്ടിലേക്ക് മടങ്ങൂ. എന്നിട്ട് നന്നായി ആലോചിച്ച് മാത്രം തീരുമാനമെടുത്താല്‍ മതി. അദ്ദേഹം എന്നോട് പറഞ്ഞു. അതിന് ശേഷാണ് ഞാന്‍ വിരമിക്കൽ തീരുമാനം മാറ്റിയത്. " സെവാഗ് പറഞ്ഞു.
താൻ സച്ചിൻറെ ഉപദേശം പിന്തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങിയെന്നും സമയമെടുത്ത് ആലോചിച്ചെന്നും സെവാഗ് പറഞ്ഞു. ''അപ്പോഴാണ് സെലക്ഷന്‍ കമ്മിറ്റി ചെയർമാനായ കൃഷ്ണമാചാരി ശ്രീകാന്തുമായി സംസാരിക്കാന്‍ തയ്യാറായത്. വരുന്ന ടൂര്‍ണമെന്‍റില്‍ എല്ലാ മത്സരങ്ങളിലും എന്നെ കളിപ്പിക്കാന്‍ തയ്യാറാകുമെങ്കില്‍ മാത്രം എന്നെ ടീമിലെടുക്കുക, അല്ലെങ്കില്‍ അത് ചെയ്യരുത്. അങ്ങനെ ശ്രീകാന്ത് ധോണിയായി സംസാരിച്ചു. ധോണി ഉറപ്പുനല്‍കി, വരാനിരിക്കുന്ന ഏഷ്യാ കപ്പിലെ എല്ലാ മത്സരങ്ങളിലും ഞാന്‍ ടീമിലുണ്ടാകും. ശ്രീകാന്ത് ഇക്കാര്യം എന്നെ അറിയിച്ചു''. സെവാഗ് പറഞ്ഞു.
ഏകദിന ടീമില്‍ തിരിച്ചെത്തിയ സെവഗ് പാകിസ്താനും ബംഗ്ലാദേശും ഉൾപ്പെടുന്ന ഇന്ത്യയുടെ അടുത്ത ത്രിരാഷ്ട്ര പരമ്പരയിൽ രണ്ട് അർദ്ധ സെഞ്ചുറികൾ നേടി തിളങ്ങി. പിന്നീട് നടന്ന ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ ശ്രീലങ്കയോട് തോറ്റെങ്കിലും, ആ ടൂർണമെന്‍റിലും രണ്ട് അർദ്ധസെഞ്ചുറികളും ഒരു സെഞ്ച്വറിയുമായി സെവാഗ് തിരിച്ചുവരവ് ഗംഭീരമാക്കി.