Sports
 അവരുടെ ശരീരം മസാജ് ചെയ്യാൻ നിർബന്ധിച്ചു;  സ്‌പോർട്‌സ് ഹോസ്റ്റലിലെ റാഗിങ് വെളിപ്പെടുത്തി ദ്യുതി ചന്ദ്
Sports

' അവരുടെ ശരീരം മസാജ് ചെയ്യാൻ നിർബന്ധിച്ചു'; സ്‌പോർട്‌സ് ഹോസ്റ്റലിലെ റാഗിങ് വെളിപ്പെടുത്തി ദ്യുതി ചന്ദ്

Web Desk
|
4 July 2022 6:29 AM GMT

' പരാതികൾ ഒരിക്കൽ പോലും മുഖവിലയ്‌ക്കെടുക്കാൻ അധികാരികള്‍ തയ്യാറായിരുന്നില്ല'

ഭുവനേശ്വർ: ഭുവനേശ്വറിലെ സർക്കാർ സ്പോർട്സ് ഹോസ്റ്റലിൽ റാഗിങ്ങിനിരയായിരുന്നെന്ന് ഇന്ത്യൻ സ്പ്രിന്റർ ദ്യുതി ചന്ദ്. റാഗിങ്ങിനെ തുടർന്ന് ബിരുദ വിദ്യാർഥി ആത്മഹത്യ ചെയ്തതിന് തൊട്ടുപിന്നാലെയാണ് ദ്യുതി ചന്ദ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'2006-2008 സമയത്താണ് സ്പോർട്സ് ഹോസ്റ്റലിൽ താമസിക്കുന്നത്. അവിടുത്തെ സീനിയേഴ്‌സ് നിർബന്ധിച്ച് ശരീരം മസ്സാജ് ചെയ്യിപ്പിക്കുകയും അവരുടെ വസ്ത്രങ്ങൾ കഴുകിപ്പിക്കുകയും ചെയ്തു.ഇതിനെ എതിർത്തപ്പോൾ അവർ ഉപദ്രവിക്കുകയും ചെയ്തു. സോഷ്യൽമീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം ദ്യുതി തുറന്ന് പറഞ്ഞത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഒഴിവാക്കാൻ ചെയ്യേണ്ട കാര്യങ്ങളെകുറിച്ച് ഒരാൾ ഷെയർ ചെയ്ത ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ദ്യുതിയുടെ പ്രതികരണം. റാഗിങ്ങിനെ കുറിച്ച് അധികാരികളോട് തുറന്ന് പറഞ്ഞപ്പോൾ അവർ തന്നെ ശകാരിക്കുകയായിരുന്നു. തന്റെ പരാതികൾ ഒരിക്കൽ പോലും മുഖവിലയ്‌ക്കെടുക്കാൻ തയ്യാറായിരുന്നില്ല. അത് എന്നെ മാനസികമായി തളർത്തി. ആ സമയത്ത് ഞാൻ നിസഹായയായിരുന്നു. ഇത്തരം സംഭവങ്ങൾക്ക് ശേഷം സ്‌പോർട്‌സിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. അതിനെ അതിജീവിക്കുന്നവർ ഹോസ്റ്റലിൽ തുടരും. പലരും അതിന് സാധിക്കാതെ എല്ലാം ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങുകയാണ് ചെയ്യുന്നതെന്നും ദ്യുതി വെളിപ്പെടുത്തി.

അതേസമയം, ഭുവനേശ്വറിലെ സ്പോർട്സ് ഹോസ്റ്റൽ അധികൃതർ ദ്യുതി ചന്ദിന്റെ ആരോപണത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

കട്ടക്ക് ജില്ലയിൽ നിന്നുള്ള ചരിത്ര വിദ്യാർത്ഥിനിയായ രുചിക മൊഹന്തി മൂന്ന് കോളജിലെ സീനിയർമാർ തന്നെ മാനസികമായി ഉപദ്രവിച്ചെന്നും അത് താങ്ങാൻ കഴിയില്ലെന്നും കുറിപ്പെഴുതി വെച്ചാണ് ആത്മഹത്യചെയ്തത്. കാമ്പസുകളിൽ റാഗിങ് സംഭവങ്ങൾ തുടരുന്നത് നവീൻ പട്‌നായിക് സർക്കാറിന്റെ പോരായ്മയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.

Similar Posts