തോളില്‍ കൈവച്ചു; പാക് നായകന്റെ കൈ തട്ടിമാറ്റി അഫ്രീദി, വീഡിയോ വൈറല്‍
|റാവല്‍പിണ്ടി ടെസ്റ്റിന് ശേഷം പാക് ബോളിങ് കോച്ച് ജേസണ്‍ ഗില്ലസ്പിയോട് കയര്‍ക്കുന്ന പാക് നായകന്റെ ദൃശ്യങ്ങളും വൈറലാണ്
ബംഗ്ലാദേശിനെതിരായ നാണംകെട്ട തോൽവിക്ക് പിറകേ പാക് ക്യാമ്പിൽ താരങ്ങൾക്കിടയിൽ പടലപ്പിണക്കങ്ങളെന്ന് റിപ്പോർട്ട്. റാവൽപിണ്ടി ടെസ്റ്റിനിടെ അരങ്ങേറിയ ചില സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ചാണ് ദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇത് സൂചിപ്പിക്കുന്ന രണ്ട് വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. പാക് നായകൻ ഷാൻ മസൂദ് കളിക്കാരോട് ഗ്രൗണ്ടിൽ സംസാരിക്കുന്നതിനിടെ പേസർ ഷഹീന് അഫ്രീദിയുടെ തോളിൽ കൈവച്ചപ്പോൾ അഫ്രീദി കൈ തട്ടിമാറ്റുന്നതാണ് ഒരു വീഡിയോ.
മത്സര ശേഷം പാക് ബോളിങ് കോച്ച് ജേസണ്‍ ഗില്ലസ്പിയോട് കയര്‍ക്കുന്ന ഷാന്‍ മസൂദിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ രണ്ടാമത്തെ വീഡിയോ.
ബംഗ്ലാദേശിനെതിരായ തോല്‍വിക്ക് പിന്നാലെ രൂക്ഷവിമര്‍ശനമാണ് ബംഗ്ലാദേശ് നായകനും ഷഹീന് അഫ്രീദിയടക്കുള്ള താരങ്ങള്‍ക്കുമെതിരെ ഉയരുന്നത്. ഷഹീൻ അഫ്രീദിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ പാക് താരം ബാസിത് അലി രംഗത്തെത്തി. അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിശ്രമമെടുത്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കട്ടേ എന്ന് ബാസിത് അലി പറഞ്ഞു. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 88 റൺസ് വിട്ട് നൽകി രണ്ട് വിക്കറ്റാണ് അഫ്രീദി സ്വന്തമാക്കിയത്.
''100 ശതമാനം ഉറപ്പിച്ച് പറയുന്നു അഫ്രീദിക്ക് വിശ്രമം നൽകണം. അയാൾ പോയി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കട്ടേ. പാകിസ്താൻ ബോളിങ്ങില്ലും ബാറ്റിങ്ങിലും ഫീൽഡിങ്ങിലും അടക്കം മുഴുവൻ ഡിപ്പാർട്ട്മെന്റിലും സമ്പൂർണ പരാജയമായിരുന്നു. ഏറെ ഞെട്ടിക്കുന്നതാണ് ഈ തോൽവി.''- ബാസിത് പറഞ്ഞു.
റാവൽപിണ്ടി ടെസ്റ്റിൽ ചരിത്ര വിജയമാണ് കഴിഞ്ഞ ദിവസം ബംഗ്ലാദേശ് കുറിച്ചത്. സ്വന്തം മണ്ണിൽ പാകിസ്താനെ പത്ത് വിക്കറ്റിനാണ് ബംഗ്ലാ കടുവകള്‍ തോൽപിച്ചത്. ടെസ്റ്റിൽ പാകിസ്താനെതിരായ ബംഗ്ലാദേശിന്റെ ആദ്യ ജയമാണിത്. ഹോം ഗ്രൗണ്ടിൽ പാകിസ്താന്റെ ആദ്യ പത്ത് വിക്കറ്റ് തോൽവിയും. സ്കോർ: പാകിസ്താൻ: 448-6 ഡിക്ലയർ, 146, ബംഗ്ലാദേശ്: 565,30-0. അവസാന ദിനത്തിൽ ബാറ്റ് ചെയ്ത പാകിസ്താനെ 146 റൺസിന് പുറത്താക്കിയ ബംഗ്ലാദേശ് വിജയലക്ഷ്യമായ 30 റൺസ് വിക്കറ്റ് നഷ്ടമില്ലാതെ അനായാസം നേടി. എതിരാളികൾ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തശേഷം ബംഗ്ലാദേശ് നേടുന്ന ആദ്യ ജയം കൂടിയാണിത്.