Sports
വിമർശനങ്ങൾക്കു കാരണം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ നിലപാട്; കോൺഗ്രസ് വിചാരിച്ചാൽ വാടിക്കരിഞ്ഞുപോകുന്ന ആളല്ല ഞാൻ; വിമർശനങ്ങളിൽ ഷൈജു ദാമോദരൻ
Sports

'വിമർശനങ്ങൾക്കു കാരണം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ നിലപാട്; കോൺഗ്രസ് വിചാരിച്ചാൽ വാടിക്കരിഞ്ഞുപോകുന്ന ആളല്ല ഞാൻ'; വിമർശനങ്ങളിൽ ഷൈജു ദാമോദരൻ

Web Desk
|
19 Nov 2022 2:39 AM GMT

''എന്നെ വിസ്മയിപ്പിച്ച രണ്ടു ഗോളുകൾ ആ കളിക്കാരന്റെ ഇടതുകാലിൽ നിന്നാണ് പിറന്നത്. അതുകൊണ്ടാണ് ആ കാലുകൾ എനിക്ക് തരാമോ എന്നു തന്നെ ചോദിച്ചത്.''

കോഴിക്കോട്: യൂത്ത് കോൺഗ്രസോ കോൺഗ്രസോ വിചാരിച്ചാൽ വാടിക്കരിഞ്ഞുപോകുന്ന ആളല്ല താനെന്ന് ഷൈജു ദാമോദരൻ. കേരള ബ്ലാസ്‌റ്റേഴ്‌സ് താരം ഇവാൻ കലിയൂഷ്‌നിയുടെ കാലിൽ ചുംബിച്ച സംഭവത്തിൽ നടക്കുന്ന വിമർശനങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിമർശനങ്ങളെല്ലാം പ്രത്യേക കേന്ദ്രത്തിൽനിന്നുള്ള സംഘടിതമായ ആക്രമണമാണെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ നിലപാടാണ് ഇതിനു കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

''ഞാൻ ഫുട്ബോൾ പണ്ഡിതനോ ബുദ്ധിജീവിയോ ഒന്നുമല്ല. വികാരങ്ങളും വിചാരങ്ങളുമുള്ള സാധാരണ മനുഷ്യനാണ്. പ്രിയപ്പെട്ട ടീം വിജയിക്കുമ്പോൾ സന്തോഷിക്കുകയും പരാജയപ്പെടുമ്പോൾ സങ്കടപ്പെടുകയും ചെയ്യുന്ന ആളാണ്. എന്റെ ആരാധനാകേന്ദ്രം ഫുട്ബോൾ മൈതാനമാണ്. കേരള ബ്ലാസ്റ്റേഴ്സ് ആരാധനാവിഗ്രഹവും. എന്നെ വിസ്മയിപ്പിച്ച രണ്ടു ഗോളുകൾ ആ കളിക്കാരന്റെ ഇടതുകാലിൽനിന്നാണ് പിറന്നത്. അതുകൊണ്ടാണ് ആ കാലുകൾ എനിക്ക് തരാമോ എന്നു തന്നെ ചോദിച്ചത്.''-ഷൈജു ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചു.

ഇപ്പോഴുള്ള ഈ വിമർശനങ്ങളെല്ലാം ഒരേതരം പ്രൊഫൈലുകളിൽനിന്നാണെന്നും അദ്ദേഹം ആരോപിച്ചു. പ്രത്യേക കേന്ദ്രത്തിൽനിന്നുള്ള സംഘടിതമായ ആക്രമണമാണിത്. അതിനൊക്കെ കാരണം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഞാൻ ഒരു മുന്നണിക്കുവേണ്ടി പരസ്യമായി രംഗത്തിറങ്ങിയതാണ്. യൂത്ത് കോൺഗ്രസോ കോൺഗ്രസോ വിചാരിച്ചാൽ വാടിക്കരിഞ്ഞുപോകുന്ന ആളല്ല ഷൈജു ദാമോദരൻ. ഒരു മലയാളിയോടും വിരോധവും ദേഷ്യവും ഇല്ല. എതിർചേരിയിൽനിന്ന് പുലഭ്യം പറയുന്നതിലൂടെ ആരെങ്കിലും സന്തുഷ്ടരാകുന്നുണ്ടെങ്കിൽ അതിലും ഹാപ്പിയാണ്. ഈ ജോലി ചെയ്യാൻ നിയുക്തനായിരിക്കുന്നിടത്തോളം ഇവിടെയുണ്ടാകുമെന്നും ഇതെല്ലാം കളിയുടെ ഭാഗമാണെന്നും ഷൈജു ദാമോദരൻ കൂട്ടിച്ചേർത്തു.

സ്വന്തം യൂട്യൂബ് ചാനലിൽ പുറത്തുവിട്ട കലിയൂഷ്നിയുടെ അഭിമുഖത്തിലാണ് വിവാദ സംഭവം. അഭിമുഖത്തിനിടെ ഷൈജു താരത്തോട് ഇടങ്കാൽ ഉയർത്താൻ ആവശ്യപ്പെട്ടു. കാൽ ഉയർത്തിയപ്പോൾ അത് മടിയിലേക്ക് വച്ച് ചുംബിക്കാൻ ശ്രമിച്ചു. എന്നാൽ, വേണ്ടെന്ന് പറഞ്ഞ് കലിയൂഷ്നി തടഞ്ഞെങ്കിലും ഷൈജു പിന്തിരിഞ്ഞില്ല. ഇത് തന്റെ ചുംബനമല്ലെന്നും കേരളത്തിന്റെ മൊത്തമാണെന്നും പറഞ്ഞ് കാലിൽ ഉമ്മവയ്ക്കുകയും ചെയ്തു. കേരളമൊന്നടങ്കം താങ്കളുടെ ഈ ഇടങ്കാലിനു നന്ദിപറയാൻ ആഗ്രഹിക്കുന്നുണ്ടെന്നു കൂട്ടിച്ചേർക്കുകയും ചെയ്തു ഷൈജു.

വിഡിയോ പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിൽ ഷൈജുവിനെതിരെ വ്യാപക വിമർശനവും പൊങ്കാലയും നിറഞ്ഞത്. മലയാളികൾക്ക് ഒന്നാകെ നാണക്കേടുണ്ടാക്കുന്ന നടപടിയായി ഷൈജുവിന്റേതെന്നാണ് ഒറ്റക്കെട്ടായി ഉയർന്ന ശബ്ദം. ആരുടെയെങ്കിലും കാലിൽ നക്കണമെങ്കിൽ സ്വന്തം പേരിൽ മതിയെന്നും മലയാളികളെ ഒന്നാകെ അതിനു കൂട്ടുപിടിക്കേണ്ടെന്നും വിമർശനമുയർന്നു. 'ആ മലയാളികളിൽ ഞാനില്ല' എന്നു പറഞ്ഞും സോഷ്യൽ മീഡിയയിൽ പൊങ്കാല തുടർന്നു.

Summary: 'The reason for the criticism is my stand in the Thrikkakara by-election; I am not a person who will wither away if the Congress try to suppress ', says Shaiju Damodaran in Ivan Kalyuzhnyi foot kiss row

Similar Posts