Sports
തൊണ്ണൂറ് ‍ഡി​ഗ്രി കുത്തി തിരിഞ്ഞ് വിക്കറ്റ് പിഴുത, എന്‍റെ ജീവിതം മാറ്റിമറിച്ച നൂറ്റാണ്ടിന്റെ പന്ത്...
Sports

'തൊണ്ണൂറ് ‍ഡി​ഗ്രി കുത്തി തിരിഞ്ഞ് വിക്കറ്റ് പിഴുത, എന്‍റെ ജീവിതം മാറ്റിമറിച്ച നൂറ്റാണ്ടിന്റെ പന്ത്...'

Web Desk
|
4 Jun 2021 2:02 PM GMT

ഇരുപത്തിയെട്ട് വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസം പിറന്ന 'നൂറ്റാണ്ടിന്റെ പന്ത്' ഓർമിച്ച് ഷെയിൻ വോൺ

ആദ്യ ആഷസ് പരമ്പരക്കായാണ് അന്ന് ഷെയിൻ വോൺ എന്ന പയ്യന്‍ ഇം​ഗ്ലണ്ടിലെത്തിയത്. ക്രീസിൽ ഇം​ഗ്ലീഷ് ബാറ്റിങ് ഇതിഹാസം മൈക്ക് ​ഗാറ്റിം​ഗ്. ആഷസിലെ തന്റെ ആദ്യ പന്ത് തന്നെ, പക്ഷേ ചരിത്രത്തിന്റെ ഭാ​ഗമാകുന്നതിന് സാക്ഷിയാവുകയായിരുന്നു ആ 23 കാരൻ ഒസീസ് ലെഗ് സ്പിന്നർ.

​ഗാറ്റിം​ഗിന് എതിരായി ലെ​ഗ് സ്റ്റംപിന് നേരെ കുത്തിയ ഷെയിൻ വോണിന്റെ പന്ത് തൊണ്ണൂറ് ഡി​ഗ്രി വെട്ടിത്തിരിഞ്ഞ് കുറ്റിയും കൊണ്ട് പോവുകയായിരുന്നു. ക്രീസിലുണ്ടായിരുന്ന മൈക്ക് ​ഗാറ്റിം​ഗിനും വിക്കറ്റിന് പിന്നിൽ നിരന്ന് നിന്ന സഹതാരങ്ങൾക്കും എന്താണ് സംഭവിച്ചതെന്ന് ആദ്യം പിടികിട്ടിയില്ല. തെല്ലൊന്ന് ചിന്തിച്ച് നിന്ന ശേഷം, ​മൈക്ക് ​ഗാറ്റിം​ഗ് പവലിയനിലേക്ക് നടന്നു. ലോകത്തെ അമ്പരിപ്പിച്ച ഷെയിൻ വോണി‍ന്റെ ആ ഡെലിവറി പിന്നീട് നൂറ്റാണ്ടിന്റെ പന്ത് എന്ന് അറിയപ്പെട്ടു. ആഷസ് പരമ്പരയിലെ ഷെയിൻ വോണിന്റെ ആദ്യ പന്തായിരുന്നു അത്.


ഇരുപത്തിയെട്ട് വർഷങ്ങൾക്ക് മുമ്പ് 1993 ൽ ഇതേ ദിവസമായിരുന്നു ആ ചരിത്ര നിമിഷം പിറന്നത്. ആ ഒരൊറ്റ ബോളിലൂടെ ലോകത്തിലെ മുൻനിര സ്പിന്നർമാരുടെ കൂട്ടത്തിലേക്ക് നടന്നു കയറുകയായിരുന്നു ഷെയിൻ വോൺ. അന്ന് ഒന്നാം ഇന്നിം​ഗ്സിലും രണ്ടാം ഇന്നിം​ഗ്സിലുമായി യഥാക്രമം 4 /51, 4 /86 വിക്കറ്റുകളാണ് വോൺ നേടിയത്. 25.79 ശരാശരിയിൽ 34 വിക്കറ്റുകളാണ് പരമ്പരയിൽ ഷെയിൻ വോൺ നേടിയത്.

തന്റെ ജീവിതമാകെ മാറ്റിമറിച്ച ദിവസമായിരുന്നു അതെന്ന് വിശേഷ ദിവസത്തെ ഓര്‍മിച്ച് കൊണ്ട് ഷെയിന്‍ വോൺ പറയുന്നു. ആഷസിലെ തന്റെ ആദ്യ ബോളായിരുന്നു അതെന്നും, അങ്ങനെയൊരു കാര്യം ജീവിതത്തിൽ സംഭവിച്ചത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും, അന്നത്തെ പ്രകടനം പങ്കുവെച്ച് കൊണ്ട് വോൺ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

View this post on Instagram

A post shared by Shane Warne (@shanewarne23)


2007 ൽ ക്രിക്കറ്റിനോട് വിട പറയുമ്പോഴേക്കും ആയിരത്തിലേറെ വിക്കറ്റുകൾ എല്ലാ ഫോർമാറ്റുകളിലുമായി ഷെയിൻ വോൺ വീഴ്ത്തിയിരുന്നു. 708 ടെസ്റ്റ് വിക്കറ്റുകളും 293 ഏകദിന വിക്കറ്റുകളും പിഴുത വോൺ, തുടർന്ന് ആദ്യ ഐ.പി.എല്ലിൽ കിരീടം ചൂടിയ രാജസ്ഥാൻ റോയൽസി‍ന്റെ നായകനും പരിശീലകനുമായിരുന്നു.

Similar Posts