Sports
sanju samson, shashi tharoor, klrahul
Sports

'സഞ്ജു ഇപ്പോഴും പുറത്ത്'; കെ.എല്‍ രാഹുല്‍ വിവാദത്തില്‍ ശശി തരൂര്‍

Web Desk
|
22 Feb 2023 7:06 AM GMT

''മോശം ഫോം തുടരുന്നവർക്ക് അവസരം നൽകുന്നത് ശരി തന്നെ, പക്ഷെ അത് കഴിവുള്ളവരെ ഒഴിവാക്കിക്കൊണ്ടാവരുത്'

ടെസ്റ്റ് ക്രിക്കറ്റില്‍ മോശം ഫോം തുടരുകയാണ് ഇന്ത്യന്‍ ബാറ്റര്‍ കെ.എല്‍ രാഹുല്‍. ബോര്‍ഡര്‍ ഗവാസ്‍കര്‍ ട്രോഫിയിലെ ആദ്യ രണ്ട് ടെസ്റ്റിലും നിറം മങ്ങിയ താരം മൂന്നും നാലും ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ കൂടി ഇടംപിടിച്ചതോടെ രൂക്ഷവിമര്‍ശനമാണ് താരത്തിനെതിരേയും സെലക്ടര്‍മാര്‍ക്കെതിരെയും ആരാധകര്‍ ഉയര്‍ത്തുന്നത്.

വെങ്കിടേഷ് പ്രസാദിനെപ്പോലുള്ള മുൻതാരങ്ങളടക്കം നിരവധി പേര്‍ ട്വിറ്ററിൽ രാഹുലിനെതിരെ വിമര്‍ശനവുമായി രംഗത്തുണ്ട്. ഫോമില്ലാത്ത രാഹുലിന് അവസരം കൊടുത്തു കൊണ്ടേയിരിക്കുന്നത് ആഭ്യന്തര മത്സരങ്ങളിൽ മികവ് തെളിയിക്കുന്ന താരങ്ങളോടുള്ള അവഗണനയാണെന്നായിരുന്നു വെങ്കടേഷ് പ്രസാദിന്റെ വിമർശനം. മൂന്നും നാലും ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ ഇടംപിടിച്ചെങ്കിലും ടീമിന്‍റെ ഉപനായക പദവി രാഹുലിന് നഷ്ടമായിരുന്നു.

അതിനിടെ ആസ്ത്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും തഴയപ്പെട്ടു. ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ ശശി തരൂര്‍ എം.പി. മോശം ഫോമില്‍ കളിക്കുന്നവര്‍ പലരും ടീമില്‍ ഇടംപിടിക്കുമ്പോള്‍ അവരേക്കാള്‍ ശരാശരിയുള്ള സഞ്ജു ടീമില്‍ നിന്ന് സ്ഥിരമായി തഴയപ്പെടുന്നു എന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ജനുവരിയില്‍ ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കിടെ പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്തായ സഞ്ജു പരിക്കില്‍ നിന്ന് ഭേദമായി തിരിച്ചെത്തിയിരുന്നു.

''ഏകദിനത്തിൽ സഞ്ജുവിന്റെ ശരാശരി 76 ആണ്. എന്നിട്ടും ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് അദ്ദേഹം തഴയപ്പെട്ടു. മോശം ഫോം തുടരുന്നവർക്ക് അവസരം നൽകുന്നത് ശരി തന്നെ, പക്ഷെ അത് കഴിവുള്ളവരെ ഒഴിവാക്കിക്കൊണ്ടാവരുത്''- ശശി തരൂര്‍ കുറിച്ചു.





Similar Posts