'ശിവം ദൂബേ പന്തെറിയുന്നില്ലെങ്കിൽ സഞ്ജുവിനെ കളിപ്പിക്കണം'; നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരം
|ഐ.പി.എല്ലിലെ അവസാന മത്സരങ്ങളിലേയും ലോകകപ്പ് സന്നാഹ മത്സരത്തിലേയും മോശം ഫോം സഞ്ജുവിന്‍റെ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്
ലോകകപ്പ് ടീമിൽ ഇടം നേടിയെങ്കിലും മലയാളി താരം സഞ്ജു സാസണെ കളിക്കാനിറക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും ആരാധകർക്ക് സംശയമാണ്. ഐ.പി.എല്ലിലെ അവസാന മത്സരങ്ങളിലേയും ലോകകപ്പ് സന്നാഹ മത്സരത്തിലേയും മോശം ഫോം താരത്തിന്റെ സാധ്യതകൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. അതേ സമയം ഋഷഭ് പന്ത് മികച്ച ഫോമിലുമാണ്.
പന്തിനെ നിലനിർത്തി സഞ്ജുവിനെ കൂടി ടീമിൽ ഉൾപ്പെടുത്തുക എന്ന ഓപ്ഷനാണ് ഇനി ടീമിനു മുന്നിലുള്ളത്. അതിന് ടീമിൽ നിന്ന് ആരെയാണ് ഒഴിവാക്കുക? ഓൾ റൗണ്ടറായി ടീമിൽ ഉൾപ്പെടുത്തിയ ശിവം ദൂബേ പന്തെറിയുന്നില്ല എങ്കിൽ ദൂബെയെ ഒഴിവാക്കി സഞ്ജുവിനെ ബാറ്ററായി ടീമിൽ ഉൾപ്പെടുത്തണമെന്നാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറുടെ പക്ഷം.
'ദൂബേ ബോൾ ചെയ്യുന്നില്ല എങ്കിൽ ബാറ്ററുടെ റോളിൽ അയാളെക്കാൾ മികച്ച ഓപ്ഷനാണ് സഞ്ജു. ഇന്ത്യൻ ജേഴ്‌സിയിൽ ഏറ്റവും മികച്ച ഫോമിലാണ് അയാളിപ്പോൾ'- മഞ്ജരേക്കര്‍ പറഞ്ഞു. അതേ സമയം സന്നാഹ മത്സരത്തിലെ മോശം പ്രകടനം സഞ്ജുവിന്റെ സാധ്യതകൽക്ക് മങ്ങലേൽപ്പിച്ചതായും മഞ്ജരേക്കർ കൂട്ടിച്ചേര്‍ത്തു.
മുൻ സിംബാബ്‍വേ താരം ആൻഡി ഫ്‌ളവറും മഞ്ജരേക്കറുടെ പക്ഷക്കാരനാണ്. 'ശിവം ദൂബേയെ ഒരു ബോളിങ് ഓപ്ഷനായി ഇന്ത്യ പരിഗണിക്കും എന്ന് എനിക്ക് തോന്നുന്നില്ല. എതിർ ടീമിലെ ബോളർമാരെ നേരിടുന്നതിൽ ബാറ്റർമാർക്കുള്ള ശേഷി അനുസരിച്ചാവണം ടീം തെരഞ്ഞെടുപ്പ്. ദൂബേ സ്പിന്നർമാരെ നന്നായി നേരിടുന്നു. സഞ്ജുവാകട്ടെ മികച്ച ടൈമിങ് ഉള്ളൊരു കളിക്കാരനാണ്. സമീപകാലത്ത് അദ്ദഹം മികച്ച ഫോമിലുമാണ്. സഞ്ജുവിനാണ് എന്റെ വോട്ട്'- ഫ്ലവര്‍ പറഞ്ഞു.