ഞാൻ വേദനയിലാണ്, പ്രാർഥന വേണം; ആശുപത്രി കിടക്കയിൽ നിന്ന് വികാരനിർഭര വീഡിയോയുമായി അക്തർ
|' 4,5 വർഷം കൂടി എനിക്ക് ക്രിക്കറ്റ് കളിക്കാൻ സാധിക്കുമായിരുന്നു. പക്ഷേ അങ്ങനെ ചെയ്തിരുന്നെങ്കിൽ ഞാൻ ഇപ്പോൾ പൂർണമായും വീൽച്ചെയറിലായിരുന്നേനെ'
കാൽമുട്ടിനുള്ള ശസ്ത്രക്രിയക്ക് ശേഷം വീഡിയോ പുറത്തുവിട്ട് മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ശുഐബ് അക്തർ. 11 വർഷമായി കാൽമുട്ടിന് അക്തർ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞെന്നും ആരോഗ്യം വീണ്ടെടുക്കാൻ നിങ്ങളുടെ പ്രാർഥന ആവശ്യമാണെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. ആശുപത്രി കിടക്കയിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. തന്റെ വിരമിക്കലും രോഗാവസ്ഥയും തമ്മിലുള്ള ബന്ധവും അദ്ദേഹം വീഡിയോയിൽ പറഞ്ഞു.
' 4,5 വർഷം കൂടി എനിക്ക് ക്രിക്കറ്റ് കളിക്കാൻ സാധിക്കുമായിരുന്നു. പക്ഷേ അങ്ങനെ ചെയ്തിരുന്നെങ്കിൽ ഞാൻ ഇപ്പോൾ പൂർണമായും വീൽച്ചെയറിലായിരുന്നേനെ, അതുകൊണ്ടാണ് ഞാൻ വിരമിച്ചത്'- അദ്ദേഗം പറഞ്ഞു. ഫാസ്റ്റ് ബോളറായാൽ ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇപ്പോൾ ഞാൻ വേദനയിലാണ്. നിങ്ങളുടെ പ്രാർഥനകൾ ഉണ്ടാകണം. ഇതെന്റെ അവസാന ശസ്ത്രക്രിയ ആകുമെന്നു പ്രതീക്ഷിക്കുന്നു'- അക്തർ കൂട്ടിച്ചേർത്തു.
ലോകത്ത്് ഏറ്റവും വേഗതയിലെറിഞ്ഞ പന്ത് എന്ന റെക്കോർഡ് സ്വന്തമായുള്ള ഷോയിബ് അക്തറിന്റെ മണിക്കൂറിൽ 161.3 കിലോമീറ്റർ എന്ന റെക്കോർഡ് ആർക്കും തകർക്കാനായിട്ടില്ല. പാകിസ്താന് വേണ്ടി 46 ടെസ്റ്റുകളും 163 ഏകദിനവും 14 ട്വന്റി-20യും കളിച്ച താരമാണ് അക്തർ. ടെസ്റ്റിൽ 178 വിക്കറ്റുകളും ഏകദിനത്തിൽ 247 വിക്കറ്റുകളും ട്വന്റി-20യിൽ 21 വിക്കറ്റുകളും നേടിയിട്ടുണ്ട്.