'റിങ്കു ഭയ്യ സിന്ദാബാദ്'; ആവേശക്കളിക്ക് ശേഷം റിങ്കുവിന് ക്യാപ്റ്റന്റെ കോള്‍, വീഡിയോ വൈറല്‍
|ഗുജറാത്ത് ബോളര്‍ യാഷ് ദയാലിന്റെ ഓവറിലാണ് റിങ്കു കൊല്‍ക്കത്തയെ ആവേശ ജയത്തിലെത്തിച്ചത്.
ഒരോവറില്‍ ജയിക്കാന്‍ 28 റണ്‍സ്. ആറുപന്തുകളില്‍ അഞ്ചും അതിര്‍ത്തിക്ക് മുകളിലൂടെ പറത്തി റിങ്കു സിങ്ങിന്റെ അവിശ്വസനീയ പ്രകടനം. റിങ്കു സിങ്ങെന്ന യുവതാരമാണ് കഴിഞ്ഞ കുറേ മണിക്കൂറുകളിലായി ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചകളില്‍ മുഴുവന്‍. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിന്റെ കയ്യില്‍ നിന്ന് അവസാന ഓവറില്‍ റിങ്കു സിങ് വിജയം തട്ടിപ്പറിച്ചെടുക്കുകയായിരുന്നു. ഗുജറാത്ത് ബോളര്‍ യാഷ് ദയാലിന്റെ ഓവറിലാണ് റിങ്കു കൊല്‍ക്കത്തയെ ആവേശ ജയത്തിലെത്തിച്ചത്.
മത്സരത്തിന് ശേഷം നിരവധി പേരാണ് റിങ്കുവിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തുന്നത്. മത്സരം കഴിഞ്ഞ് മൈതാനത്ത് വച്ച് റിങ്കുവിന് കൊല്‍ക്കത്ത നായകന് ശ്രേയസ് അയ്യറിന്റെ വീഡിയോ കോളെത്തി. പരിക്കേറ്റതിനാല്‍ ഗുജറാത്തുമായുള്ള മത്സരം നഷ്ടമായ ക്യാപ്റ്റന്‍ സഹതാരത്തെ അഭിനന്ദിക്കാനാണ് വീഡിയോ കോള്‍ ചെയ്തത്.
'റിങ്കു ഭയ്യ സിന്ദാബാദ്' എന്ന് തുടങ്ങുന്ന ശ്രേയസിന്റെ രസകരമായ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍. ഈ വീഡിയോ കൊല്‍ക്കത്ത തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവക്കുകയും ചെയ്തു.
ഐ.പി.എല്‍ ചരിത്രത്തില്‍ ഇന്നേവരെ സംഭവിക്കാത്തതും ആര്‍ക്കും നേടാനാവാത്തതുമായ ഒരുപിടി റെക്കോര്‍ഡുകള്‍ കൂടിയാണ് റിങ്കു ഇന്നലെ അടിച്ചിട്ടത്. ആ റെക്കോര്‍ഡുകള്‍ പരിശോധിക്കുകയാണ് ഇവിടെ. മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ വിജയം. ഗുജറാത്ത് ഉയർത്തിയ 204 എന്ന വിജയലക്ഷ്യം അവസാന പന്തിൽ സിക്സറിടിച്ച് കൊൽക്കത്ത വിജയിക്കുകയായിരുന്നു. 21 പന്തിൽ 48 റൺസാണ് റിങ്കു നേടിയത്.
ഐ.പി.എല്ലിന്റെ അവസാന ഓവറിൽ ഏറ്റവും കൂടുതൽ സിക്സറുകൾ
ഐപിഎല്ലിന്റെ 16 വർഷത്തെ ചരിത്രത്തിൽ, ഒരു മത്സരത്തിന്റെ അവസാന ഓവറിൽ തുടർച്ചയായി അഞ്ച് സിക്സറുകൾ ഒരിക്കലും സംഭവിച്ചിട്ടില്ല. യാഷ് ദയാലിന്റെ ഓവറിൽ റിങ്കു സിംഗ് പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു.
വെറും 7 പന്തിൽ 40 റൺസ്
അവസാന 5 പന്തിൽ 30 റൺസാണ് റിങ്കു നേടിയതെന്ന് എല്ലാവര്ക്കും അറിയാം. എന്നാൽ ഈ ബാറ്റ്സ്മാൻ തന്റെ ഇന്നിംഗ്സിന്റെ അവസാന 7 പന്തിൽ 40 റൺസ് നേടിയിരുന്നുവെന്ന് പറഞ്ഞാലോ? വിശ്വസിക്കണം, ആറ് സിക്സും ഒരു ഫോറും ഉള്‍പ്പെടെയായിരുന്നു റിങ്കുവിന്റെ തീപ്പൊരി ഇന്നിങ്സ്. ഒരു ബാറ്റ്സ്മാനും തുടർച്ചയായി 7 പന്തിൽ 40 റൺസ് നേടിയിട്ടില്ല.
ചേസിംഗ് സമയത്ത് ഏറ്റവും വലിയ ഓവർ
ഐ.പി.എൽ ചരിത്രത്തിൽ ഒരു ടീമും ചേസിങ്ങിൽ ഒരോവറില്‍ 29 റൺസ് നേടിയിട്ടില്ല. യാഷ് ദയാലിന്റെ അവസാന ഓവറിൽ കൊല്‍ക്കത്തക്ക് വേണ്ടിയിരുന്നത് 29 റൺസ്. ആദ്യ പന്തിൽ തന്നെ ഉമേഷ് റിങ്കുവിന് സിംഗിൾ നൽകി, അതിന് ശേഷമുള്ള കഥ ചരിത്രം.
അവസാന ഓവറിൽ 30 റൺസ് പിന്തുടരുന്നു
ഐ.പി.എൽ ചരിത്രത്തിൽ ഒരു ചേസിന്റെ അവസാന ഓവറിൽ 30 റൺസ് നേടുന്ന ആദ്യ ബാറ്ററാകാനും റിങ്കു സിംഗായി. ഐ.പി.എല്ലിൽ ഇതിനുമുമ്പ് ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല.
കൊല്‍ക്കത്തക്ക് വേണ്ടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്റര്‍
റിങ്കുവിന്റെ റെക്കോർഡുകളുടെ പട്ടിക അവസാനിക്കുന്നില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ചരിത്രത്തില്‍ ഒരു ഓവറിൽ തുടർച്ചയായി അഞ്ച് സിക്സറുകൾ നേടുന്ന ആദ്യ ബാറ്റ്സ്മാനാവാനും റിങ്കുവിനായി. ആന്ദ്രേ റസ്സൽ, യൂസഫ് പത്താൻ തുടങ്ങിയ വെടിക്കെട്ട് ബാറ്റര്‍മാര്‍ ഈ ടീമിനായി നിരവധി വേഗമേറിയ ഇന്നിംഗ്സുകൾ കളിച്ചിട്ടുണ്ടെങ്കിലും റിങ്കു ചെയ്തതുപോലൊന്ന് ആര്‍ക്കും സാധിച്ചിട്ടില്ല.