Sports
ഗാര്‍ഡിയോളക്ക് വേണ്ടാത്ത അല്‍വാരസിനെ സിമിയോണി കാത്തിരിക്കുന്നു
Sports

ഗാര്‍ഡിയോളക്ക് വേണ്ടാത്ത അല്‍വാരസിനെ സിമിയോണി കാത്തിരിക്കുന്നു

Web Desk
|
14 Aug 2024 11:26 AM GMT

ഉള്ളിലൊരു വലിയ പ്രതിഭയെ ഒളിപ്പിച്ച് വച്ചിട്ടും സിറ്റിയല്‍ പലപ്പോഴും സൈഡ് ബെഞ്ചിലിരിക്കാനായിരുന്നു അല്‍വാരസിന്‍റെ വിധി. സിറ്റി വിടുന്നതിന് മാസങ്ങള്‍ക്ക് മുമ്പയാള്‍ അത് തുറന്ന് പറയുകയും ചെയ്തു

'മഹത്തായ ഈ ക്ലബ്ബിനോട് ഞാനിന്ന് വിട പറയുകയാണ്. ഏറെ വൈകാരികമാണ് എനിക്കീ നിമിഷം. കരിയറിൽ എന്നെ ഒരുപാട് പാഠങ്ങൾ പഠിപ്പിച്ച രണ്ട് വർഷങ്ങളാണ് കടന്ന് പോയത്. എല്ലാവരോടും നന്ദി'- ജൂലിയന്‍ അല്‍വാരസ് പറഞ്ഞു വച്ചു. 2022 ല്‍ അര്‍ജന്‍റീന ഫുട്ബോളിന്‍റെ വിശ്വകിരീടത്തില്‍ മുത്തമിടുമ്പോള്‍ ഏറെ സന്തോഷിച്ചവരില്‍ ഒരാള്‍ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോളയാരിക്കും. ജനുവരിയില്‍ വെറും 14 മില്യണ്‍ പൌണ്ടിന് ഗാര്‍ഡിയോള സിറ്റിയിലെത്തിച്ച ജൂലിയന്‍ അല്‍വാരസ് ഖത്തര്‍ ലോകകപ്പില്‍ പുറത്തെടുത്തത് അത്ഭുത പ്രകടനമാണ്. ഏഴ് മത്സരങ്ങൾ നാല് ഗോളുകൾ. പകരക്കാരന്റെ റോളിൽ അവതരിച്ച് ലോകകപ്പിൽ തന്റെ അരങ്ങേറ്റം ഐതിഹാസമാക്കുകയായിരുന്നു അയാള്‍. രണ്ട് വര്‍ഷത്തിനിപ്പുറം അല്‍വാരസ് സിറ്റി വിടുമ്പോള്‍ കാര്യങ്ങള്‍ പഴയത് പോലെയല്ല.

ഉള്ളിലൊരു വലിയ പ്രതിഭയെ ഒളിപ്പിച്ച് വച്ചിട്ടും സിറ്റിയല്‍ പലപ്പോഴും സൈഡ് ബെഞ്ചിലിരിക്കാനായിരുന്നു അല്‍വാരസിന്‍റെ വിധി. സിറ്റി വിടുന്നതിന് മാസങ്ങള്‍ക്ക് മുമ്പയാള്‍ അത് തുറന്ന് പറയുകയും ചെയ്തു. തന്‍റെ ആദ്യ മത്സരങ്ങളില്‍ തന്നെ ഇംഗ്ലീഷ് മൈതാനങ്ങള്‍ കീഴടക്കാന്‍ പോവുന്നൊരു കൊടുങ്കാറ്റിനെ കുറിച്ച സൂചനകള്‍ അയാള്‍ നല്‍കിയിരുന്നു. എന്നാല്‍ ഗാര്‍ഡിയോള അതിനെ മുഖവുരക്കെടുത്തില്ലെന്ന് പറയേണ്ടി വരും.

തൻ്റെ മൂന്നാമത്തെ മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ പകരക്കാരനായി അല്‍വാരസ് കളത്തിലിറങ്ങുമ്പോൾ എതിരില്ലാത്ത നാല് ഗോളിന് മുന്നിട്ട് നില്‍ക്കുകയായിരുന്നു സിറ്റി. അര്‍ജന്‍റീനയുടെ ലാ അരാന കളത്തിലിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ട് തവണ വലകുലുക്കി. ആറ് ഗോളിന്‍റെ കൂറ്റന്‍ ജയമാണ് സിറ്റി ആ മത്സരത്തില്‍ കുറിച്ചത്. തന്‍റെ മൂന്നാം മത്സരത്തിൽ തന്നെ ക്ലബിനായി മികച്ച രണ്ട് ഗോളുകൾ നേടിയ ആ ചെറുപ്പക്കാരനായിരുന്നു അന്ന് വാർത്തകളിൽ നിറയേണ്ടിയിരുന്നത്. എന്നാൽ അല്‍വാരസ് കളത്തിലിറങ്ങും മുമ്പേ മത്സരത്തില്‍ 38 മിനിറ്റിനുള്ളിൽ എർലിങ് ഹാളണ്ട് ഹാട്രിക് പൂര്‍ത്തിയാക്കിയിരുന്നു. സിറ്റിക്കായി നാല് മത്സരങ്ങളിലെ രണ്ടാമത്തെ ട്രെബിൾ. അന്നുമുതൽ സിറ്റി ജേഴ്സിയിൽ അല്‍വാരസ് എന്ത് ചെയ്താലും ഹാളണ്ടിന്റെ നിഴലിലായി. ലോകകപ്പും രണ്ട് കോപ്പ അമേരിക്കയും നേടിയ അർജൻ്റൈന്‍ താരം ഒരു ഘട്ടത്തിൽ ടീമിലെ പ്രധാന റോൾ ആഗ്രഹിക്കുന്നത് തികച്ചും സ്വാഭാവികം.

അത്‌ലറ്റിക്കോ മാഡ്രിഡിലേക്കുള്ള കൂടുമാറ്റം വഴി അദ്ദേഹം ആഗ്രഹിക്കുന്നതും അൻ്റോയിൻ ഗ്രീസ്മാൻ്റെ പിൻഗാമി എന്ന നിലയിലെ ആ പ്രധാന വേഷമായിരിക്കും.അതേസമയം 870 കോടിയിലൂടെ സിറ്റിയുടെ ഏറ്റവും മികച്ച ട്രാൻസ്ഫർ ബിസിനസ് നടത്തിയതിൽ സ്‌പോർട്‌സ് ഡയറക്ടർ ടിക്‌സിക്കി ബെഗിരിസ്റ്റെയിനിനും അഭിമാനിക്കാം. റഹീം സ്റ്റെർലിങ്ങിൻ്റെയും ഫെറാൻ ടോറസിൻ്റെയും ട്രാന്‍സ്ഫറില്‍ നിന്ന് നേടിയ ലാഭത്തേക്കാൾ കൂടുതലാണ് ആൽവരസിന്റേത്. 360 കോടി വീതമാണ് ഇരുവരുടെയും ട്രാന്‍സ്ഫറിലൂടെ സിറ്റിക്ക് കിട്ടിയത്. അതേ സമയം ഹാലൻഡിനെ ടീമിലെടുക്കാൻ ചെലവായ തുകയേക്കാൾ 332 കോടി രൂപക്കാണ് തങ്ങളുടെ സെക്കന്‍റ് ചോയ്‌സ് സ്‌ട്രൈക്കറായ അല്‍വാരസിനെ സിറ്റി വിറ്റത്.

സിറ്റി ഫെറാൻ ടോറസിനെ ബാഴ്‌സലോണയ്‌ക്ക് വിറ്റ അതേ മാസമാണ് 142 കോടിക്ക് റിവർ പ്ലേറ്റിൽ നിന്ന് അൽവാരസിനെ ടീലെത്തിച്ചത്. ടീമിനായി ഫെറാൻ ടോറസിനേക്കാൾ കൂടുതൽ സംഭാവന നൽകിയതിന് ശേഷം ഇംഗ്ലീഷ് ചാമ്പ്യൻമാർക്ക് 720 കോടി ലാഭമുണ്ടാക്കി കൊടുത്ത ശേഷമാണ് അൽവാരസ് പടിയിറങ്ങുന്നത്. സിറ്റിക്കായി 103 മത്സരങ്ങളിൽ നിന്ന് 36 ഗോളുകളും 18 അസിസ്റ്റുകളും അല്‍വാരസ് രണ്ട് വര്‍ഷം കൊണ്ട് തന്‍റെ പേരില്‍ കുറിച്ചു. അതിൽ 62 കളികളിൽ മാത്രമാണ് ഫസ്റ്റ് ഇലവനിൽ അര്‍ജന്‍റൈന്‍ താരം ഉണ്ടായിരുന്നതെന്നോർക്കണം.

കഴിഞ്ഞ സീസണില്‍ ഹാളണ്ടുമായി പലപ്പോഴും മികച്ച കൂട്ടുകെട്ടുണ്ടാക്കിയ അല്‍വാരസ്, ഹാളണ്ടിന് പരിക്കേറ്റപ്പോൾ അയാളില്‍ നിന്ന് ടീമിന്‍റെ ബാറ്റൺ കയ്യില്‍ വാങ്ങി. രണ്ട് മാസത്തിനുള്ളില്‍ ആറ് തവണ ടീമിനായി വലകുലുക്കി. ഡി ബ്രൂയ്‌നും ഹാളണ്ടും പരിക്ക് മാറി മടങ്ങിയെത്തിയപ്പോൾ, അല്‍വാരസിന് തൻ്റെ പിൻസീറ്റ് റോൾ പുനരാരംഭിക്കേണ്ടിവന്നു. റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ രണ്ട് മത്സരങ്ങൾ, മാഞ്ചസ്റ്റർ ഡെർബി, എഫ്.എ കപ്പ് ഫൈനൽ എന്നീ പ്രധാനപ്പെട്ട മത്സരങ്ങളിൽ പകരക്കാരന്റെ റോളിൽ ഒതുങ്ങിപ്പോയി. എഫ്.എ കപ്പ് ഫൈനലില്‍ രണ്ട് സുവർണാവസരങ്ങൾ അൽവാരസ് പാഴാക്കിയതിനാൽ സിറ്റിക്ക് അഞ്ച് മാസത്തിലെ ആദ്യ തോൽവിയും ഏറ്റുവാങ്ങേണ്ടി വന്നു.

സീസണിൻ്റെ അവസാന മാസങ്ങൾ അൽവാരസിൻ്റെ വിധി നിശ്ചിയക്കുന്നതായിരുന്നു. എല്ലാവരും പൂർണ ഫിറ്റ്നസിലാണെങ്കിൽ താൻ പകരക്കാരൻ മാത്രമാകുന്നത് അര്‍ജന്‍റൈന്‍ താരത്തിന് സഹിക്കാനാകുമായിരുന്നില്ല. ജനുവരിയിൽ തന്നെ സിറ്റി വിടുന്നതിനെക്കുറിച്ച് ആലോചനകള്‍ താരം തുടങ്ങിയിരുന്നെങ്കിലും സീസണവസാനിച്ചപ്പോഴാണ് തീരുമാനം പുറംലോകമറിഞ്ഞത്. ആദ്യ സീസണിൽ സിറ്റിയുടെ 13 പ്രീമിയർ ലീഗ് മത്സരങ്ങളില്‍ മാത്രമാണ് അല്‍വാരസ് ഫസ്റ്റ് ഇലവനില്‍ ഇടംപിടിച്ചത്. ഇതിനെക്കുറിച്ച് ഒരിക്കലും പരാതിപ്പെടാതിരുന്ന അര്‍ജന്‍റൈന്‍ താരത്തിന്‍റെ ക്ഷമയെ ഒരിക്കൽ ഗാർഡിയോള പ്രശംസിക്കുക പോലുമുണ്ടായി. എന്നാല്‍ അടുത്ത സീസണിലും ഇത് തുടര്‍ക്കഥയായതോടെ അല്‍വാരസ് പ്രതികരിച്ചു.

അര്‍ജന്‍റൈന്‍ താരം ക്ലബ് വിടാൻ ഉദ്ദേശിക്കുന്നു എന്ന തരത്തിലുള്ള കഥകൾ സ്പാനിഷ് മാധ്യമങ്ങൾക്ക് ചോർന്നുകിട്ടി. ഒളിമ്പിക്സ് സമയത്ത് അർജൻ്റീനയിലെ ഒരു ദേശീയ ചാനലുമായി സംസാരിക്കുമ്പോൾ താരം തൻ്റെ നിലപാട് വ്യക്തമാക്കി "പ്രധാനപ്പെട്ട മത്സരങ്ങളിൽ ടീമിന് സംഭാവന നൽകാനാണ് ഓരോ കളിക്കാരനും ആഗ്രഹിക്കുന്നത്, അല്ലാതെ ബെഞ്ചിലിരിക്കാനല്ല"

പെപ്പ് ഗാര്‍ഡിയോളയുടെ കാഴ്ചപ്പാടിൽ അൽവാരസ് ഒരു നല്ല കളിക്കാരനാണെങ്കിലും കളിയുടെ ഗതിയെ നിയന്ത്രിക്കാനോ മാറ്റിമറിക്കാനോ കഴിവുള്ളയാളൊന്നുമല്ല അയാള്‍. അര്‍ജന്‍റൈന്‍ താരത്തിന്‍റെ അഭിമുഖത്തിന് പെപ്പിന്റെ മറുപടി ഇങ്ങനെയായിരുന്നു "അവൻ പ്രധാനപ്പെട്ട കളികളിൽ ഗ്രൌണ്ടിലിറങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് എനിക്കറിയാം, . എന്നാൽ മറ്റുള്ള കളിക്കാർക്കും ഇതേ ആഗ്രഹങ്ങളുണ്ടാകില്ലേ? സിറ്റിയുടെ പ്രീ-സീസൺ ടൂറിനിടെ പെപ്പ് കുറച്ചുകൂടി കടത്തി പറഞ്ഞു. ഒരല്‍പ്പം പരിഹാസം കലര്‍ത്തിയായിരുന്നു ഇക്കുറി പെപ്പിന്‍റെ പ്രതികരണം. ''അല്‍വാരസിന് ചിന്തിക്കാൻ സമയം വേണമെന്ന് പറയുന്നു. ശരി, നന്നായി ചിന്തിക്കൂ, അതിനുശേഷം അവൻ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് അറിയിക്കട്ടേ.”. അൽവാരസിന്റെ വിധി ആ വാക്കുകളിൽ നിന്ന് വായിച്ചെടുക്കാമായിരുന്നു. വമ്പന്‍ തുക അത്‍‍‌ലറ്റികോ വാഗ്ദാനം ചെയ്തതോടെ സിറ്റി താരത്തെ പോകാനനുവദിച്ചു.

സിറ്റിയാണെങ്കിൽ ആൽവാരസിന്‍റെ പകരക്കാരെ കണ്ടെത്താനുള്ള പദ്ധതികൾ നേരത്തെ തുടങ്ങിക്കഴിഞ്ഞിരുന്നു. അല്‍വാരസിനെ സൈൻ ചെയ്യാൻ അവർ നടത്തിയ കരാറിന് സമാനമായി ജനുവരിയിൽ റിവർ പ്ലേറ്റിൽ നിന്ന് 18 കാരനായ ക്ലോഡിയോ എച്ചവേരിയെ ക്ലബ് 133 കോടിക്ക് വാങ്ങി. എന്നാൽ ലോണിൽ റിവർ പ്ലേറ്റിലേക്ക് തന്നെ എച്ചവേരി മടങ്ങിയതിനാല്‍ ഈ സീസണിൽ സിറ്റിക്കായി താരം ഇറങ്ങില്ല. 20-കാരനായ സാവിന്യോയെ ട്രോയിസിൽ നിന്ന് സിറ്റിയിലെത്തിച്ചെങ്കിലും സാവിന്യോക്ക് വിംഗറുടെ റോളിലാണ് കൂടുതല്‍ മികവ് കാണിക്കാനാവുക എന്നതാണ് ഒരു പ്രശ്നം. കഴിഞ്ഞ സീസണില്‍ ഒമ്പത് ഗോളുകളും 10 അസിസ്റ്റുകളുമായി സ്പാനിഷ് ക്ലബ്ബ് ജിറോണയുടെ അവിശ്വസനീയ കുതിപ്പിനെ മുന്നില്‍ നിന്ന് നയിച്ചത് സാവിന്യോയാൺ്. പ്രീ-സീസണിൽ സിറ്റിക്കായി മികച്ച പ്രകടനം പുറത്തെടുത്ത നോര്‍വീജിയന്‍ താരം ഓസ്കാർ ബോബിനും അൽവാരസിന്റെ അഭാവം നികത്താൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്രിസ്റ്റൽ പാലസിന്റെ ഇംഗ്ലീഷ് താരം എബെറെച്ചി ഈസെക്കായും സിറ്റി ചർച്ചകൾ ശക്തമാക്കിയതായി റിപ്പോർട്ടുണ്ട്. 720 കോടിയാണ് ക്രിസ്റ്റൽ പാലസ് ഈസെക്ക് വിലയിട്ടിരിക്കുന്നത്.

ഗാർഡിയോളയുടെ കാലഘട്ടത്തിലെ ഏറ്റവും സ്വാധീനമുള്ള രണ്ട് കളിക്കാരായ കെവിൻ ഡി ബ്രൂയ്‌നെയും ബെർണാഡോ സിൽവയും ഇല്ലാത്ത ഭാവിയിലേക്ക് സിറ്റി പരിഗണിക്കുന്ന കളിക്കാരനാണ് ഈസെ. 33 കാരനായ ഡി ബ്രൂയ്നെ ഈ സീസണിൽ തുടരുമെങ്കിലും ഇത് അദ്ദേഹത്തിന്‍റെ അവസാന സീസണാവാനാണ് സാധ്യത. അതേസമയം മറ്റ് യൂറോപ്യൻ ക്ലബ്ബുകളെ ആകർഷിക്കാൻ ബെർണാഡോ സിൽവയുടെ റിലീസ് ക്ലോസ് 536 കോടിയായി സിറ്റി കുറച്ചിട്ടുണ്ട്.

ഡി ബ്രൂയ്‌നെയോ സില്‍വയോ ഇല്ലാത്ത മാഞ്ചസ്റ്റര്‍ സിറ്റിയെ സങ്കൽപ്പിക്കാൻ പ്രയാസമാണെങ്കിലും ക്ലബ് ഭാവിയെ മുന്നില്‍ കണ്ടാണ് കരുക്കള്‍ നീക്കുന്നത്. അല്‍വാരസിനെ വില്‍ക്കാനുള്ള തീരുമാനത്തിന് പിന്നിലും ഭാവിയെക്കുറിച്ച ആലോചനകള്‍ തന്നെ.


Similar Posts