92 ലോകകപ്പ് ആവര്‍ത്തിക്കുമോ? ഇംഗ്ലണ്ട്-പാകിസ്താന്‍ ഫൈനലിന് സമാനതകളേറെ; ഉറ്റുനോക്കി ക്രിക്കറ്റ് ലോകം
|1992 ഏകദിന ലോകകപ്പിലാണ് ഇങ്ങനെയൊരു അപൂര്‍വത ഇതിനുമുമ്പ് സംഭവിച്ചത്. അന്ന് ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തില്‍ പാകിസ്താന്‍ കിരീടം നേടുമ്പോള്‍ തലകുനിച്ച് മടങ്ങാനുള്ള വിധി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഗ്രഹാം ഗൂച്ചിനായിരുന്നു.
കുട്ടിക്രിക്കറ്റിന്‍റെ ലോകകപ്പില്‍ ഇംഗ്ലണ്ടും പാകിസ്താനും നേര്‍ക്കുനേര്‍ വരുമ്പോള്‍ വര്‍ഷങ്ങള്‍ പിന്നിലേക്കാണ് ക്രിക്കറ്റ് ലോകം കണ്ണോടിക്കുന്നത്. 1992 ഏകദിന ലോകകപ്പിലാണ് ഇങ്ങനെയൊരു അപൂര്‍വത ഇതിനുമുമ്പ് സംഭവിച്ചത്. അന്ന് ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തില്‍ പാകിസ്താന്‍ കിരീടം നേടുമ്പോള്‍ തലകുനിച്ച് മടങ്ങാനുള്ള വിധി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഗ്രഹാം ഗൂച്ചിനായിരുന്നു. അന്ന് 22 റണ്‍സിനാണ് പാകിസ്താന്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ആദ്യ ലോകകിരീടം സ്വന്തമാക്കുന്നത്. 30 വര്‍ഷങ്ങള്‍ക്കിപ്പുറം ബട്‍ലറിന്‍റെ നേതൃത്വത്തില്‍ കണക്കുകള്‍ തീര്‍ക്കാനാകും ഇംഗ്ലണ്ടിന്‍റെ ശ്രമം.
92ല്‍ ലോകകപ്പ് നേടിയതിന് ശേഷം പാകിസ്താന് പിന്നീട് ഏകദിന ലോകപ്പില്‍ മുത്തമിടാന്‍ കഴിഞ്ഞിട്ടില്ല, പിന്നീട് 2009ല്‍ യൂനുസ് ഖാന്‍റെ നേതൃത്വത്തില്‍ ടി20 ലോകകപ്പ് സ്വന്തമാക്കിയതാണ് പാകിസ്താന്‍റെ മികച്ച നേട്ടം. ഇംഗ്ലണ്ടിനെ സംബന്ധിച്ച് 92ല്‍ നഷ്ടപ്പെട്ട ഏകദിന ലേകകപ്പ് നേടാന്‍ അവര്‍ക്ക് വലിയ കാലയളവ് തന്നെ വേണ്ടി വന്നു. 2019 ല്‍ ഓയിന്‍ മോര്‍ഗനാണ് ഇംഗ്ലണ്ടിനെ ലോകകപ്പ് നേട്ടത്തിലേക്ക് നയിച്ചത്. അത്യന്തം നാടകീയമായ മത്സരത്തില്‍ സൂപ്പര്‍ ഓവറിലായിരുന്നു ന്യൂസിലന്‍ഡിനെതിരായ ഇംഗ്ലണ്ടിന്‍റെ വിജയം. സൂപ്പര്‍ ഓവറിലും ടൈ ആയ മത്സരത്തില്‍ നേടിയ ബൌണ്ടറികളുടെ കണക്കിലായിരുന്നു ഇംഗ്ലണ്ട് കിരീടം ചൂടിയത്. 2010ല്‍ ടി20 ലോകകപ്പും ഇംഗ്ലണ്ട് സ്വന്തമാക്കിയിട്ടുണ്ട്.
ഇംഗ്ലണ്ട് പാക് ഫൈനല്‍; ലോകകപ്പുമായി സമാനതകളേറെ
- ഫൈനല്‍വേദി മെല്‍ബണ്‍
ഫൈനല്‍ വേദി തന്നെയാണ് ആദ്യത്തെ സമാനത. 1992ല്‍ ഫൈനല്‍ പോരാട്ടം ഓസ്‌ട്രേലിയയിലെ മെല്‍ബണിലായിരുന്നു. ഇപ്പോള്‍ ടി20 ലോകകപ്പ് ഫൈനല്‍ നടക്കുന്നതും ഓസ്ട്രേലിയയിലെ മെല്‍ബണിലാണ്. ചരിത്രം ആവര്‍ത്തിക്കുകയാണെങ്കില്‍ ഇംഗ്ലണ്ടിനെ കീഴടക്കി പാകിസ്താന്‍ കിരീടം നേടും. മറിച്ച് കണക്കുകള്‍ തീര്‍ക്കാനുറച്ചാണ് ഇംഗ്ലണ്ടെത്തുന്നതെങ്കില്‍ ലോകകിരീടം ഇംഗ്ലണ്ടിലെത്തും. ആര് കിരീടമുയര്‍ത്തിയാലും അവരുടെ രണ്ടാം ടി20 കിരീടമായിരിക്കുമെന്ന പ്രത്യേകതയുമുണ്ട്. ഇതിനുമുമ്പ് വിന്‍ഡീസ് മാത്രമാണ് രണ്ടുതവണ ടി20 ലോകകപ്പ് സ്വന്തമാക്കിയിട്ടുള്ളത്.
- സെമിയില്‍ അന്നും പാകിസ്താന്‍ കീഴടക്കിയത് ന്യൂസിലന്‍ഡിനെ
1992ല്‍ പാകിസ്ഥാന്‍ ഏതു ടീമിനെയാണോ സെമിഫൈനലില്‍ പരാജയപ്പെടുത്തിയത് അതേ ടീമിനെത്തന്നെയാണ് ഈ ലോകകപ്പിലും കീഴടക്കി അവര്‍ ഫൈനലിലെത്തിയത്. ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് 92ല്‍ അവര്‍ ഫൈനലിലെത്തിയത്, അതിന്‍റെ തനിയാവര്‍ത്തനമാണ് ഇത്തവണയും നടന്നത്. ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇത്തവണ പാകിസ്താന്‍ കലാശപ്പോരിനെത്തിയതെങ്കില്‍ അന്ന് നാല് വിക്കറ്റിനായിരുന്നു ജയം.
- അന്നും പാകിസ്താന്‍ സെമിയിലെത്തിയത് തപ്പിത്തടഞ്ഞ്
ഇത്തവണ ടി20 ലോകകപ്പിന്‍റെ സൂപ്പര്‍ 12 റൗണ്ടില്‍ പാകിസ്താന് നേടാനായത് ആറ് പോയിന്റ് മാത്രമാണ്. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ആയിരുന്നു പാകിസ്താന്‍റെ സെമിപ്രവേശനം. ഇന്ത്യയ്ക്കും സിംബാബ്വെയ്ക്കുമെതിരെ പരാജയപ്പെട്ട പാകിസ്താന്‍ ദക്ഷിണാഫ്രിക്ക, നെതര്‍ലന്‍ഡ്സ്, ബംഗ്ലാദേശ് എന്നിവരെ തോല്‍പ്പിച്ചാണ് സെമിയില്‍ ഇടംപിടിച്ചത്. 1992ലും സെമി ബര്‍ത്ത് കിട്ടിയവരില്‍ ഏറ്റവും കുറവ് പോയിന്‍റ് പാകിസ്താനായിരുന്നു. 9 പോയിന്‍റുമായി ടോപ് ഫോറിലെ അവസാന സ്ഥാനക്കാരായാണ് പാകിസ്താന്‍ സെമിയില്‍ കടന്നത്.
- ചാമ്പ്യന്മാരായെത്തിയ ഓസീസ് അന്നും സെമിയിലെത്തിയില്ല
1992 ലോകകപ്പില്‍ ഓസ്ട്രേലിയയും ന്യൂസിലന്‍ഡുമായിരുന്നു ആതിഥേയര്‍. ഓസ്ട്രേലിയ ആകട്ടെ നിലവിലെ ചാമ്പ്യന്മാരും.1987 ലോകകപ്പ് വിജയിച്ചാണ് സ്വന്തം നാട്ടില്‍ കിരീടം നേടാനായി അവര്‍ 92ല്‍ ഇറങ്ങിയത്. അന്നുപക്ഷേ സെമിഫൈനല്‍ കടക്കാന്‍ പോലും ഓസീസിനായില്ല. ഇത്തവണ ടി20 ലോകകപ്പിന് ആതിഥേയരായെത്തിയ ഓസീസ് നിലവിലെ ടി20 ലോക ചാമ്പ്യന്മാര്‍ കൂടിയാണ്. അന്നത്തേതിനു സമാനമായി ഇത്തവണയും ഓസീസിന് സെമി കടക്കാനായില്ല.
- അസോസിയേറ്റ് രാജ്യത്തോട് തോറ്റ് ഫൈനലിലെത്തിയ ഇംഗ്ലണ്ട്
1992 ലോകകപ്പിന്‍റെ ഫൈനലില്‍ എത്തിയെങ്കിലും ഇംഗ്ലണ്ട് അന്ന് ഐ.സി.സിയുടെ അസോസിയേറ്റ് അംഗമായിരുന്ന സിംബാബ്വെയ്ക്കെതിരെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ അട്ടമറി തോല്‍വി വഴങ്ങിയിരുന്നു. അതുപോലെ തന്നെ ഇത്തവണ സൂപ്പര്‍ 12ല്‍ അയര്‍ലന്‍ഡിനോട് തോറ്റ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സെമിയിലെത്തിയത്.
- അന്നും ഇന്ത്യയോട് തോറ്റ പാകിസ്താന്‍ ഫൈനലിലെത്തി
1992 ലോകകപ്പില്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യ വിജയിച്ചത്. അതിലൊന്ന് ആകട്ടെ പാകിസ്താനെതിരെയായിരുന്നു. എന്നാല്‍ ഇന്ത്യയോട് തോറ്റ പാകിസ്താന്‍ ഫൈനലിലെത്തി. ഇത്തവണയും സൂപ്പര്‍ 12 ഘട്ടത്തില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റുകൊണ്ടായിരുന്നു പാകിസ്താന്‍റെ തുടക്കം.