ഞങ്ങളുടെ ജീവിതം പൂര്ണമാക്കാന് അവള് വന്നു; പെണ്‍കുഞ്ഞുണ്ടായ സന്തോഷം പങ്കുവച്ച് നെയ്മര്‍
|നെയ്മര്‍ തന്നെയാണ് സന്തോഷ വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്
ബ്രസീലിയ: ബ്രസീല്‍ ഫുട്ബോള്‍ താരം നെയ്മറിനും പങ്കാളി ബ്രൂണ ബിയാൻകാർഡിക്കും പെണ്‍കുഞ്ഞ് പിറന്നു. മാവി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. നെയ്മര്‍ തന്നെയാണ് സന്തോഷ വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ഒപ്പം കുഞ്ഞിനൊപ്പം നില്ക്കുന്ന ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്.
''ഞങ്ങളുടെ ജീവിതം പൂര്ണമാക്കാന് ഞങ്ങളുടെ മാവി എത്തി. സ്വാഗതം മകളെ...നിന്നെ ഇതിനോടകം ഞങ്ങള്‍ ഇഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഞങ്ങളെ തെരഞ്ഞെടുത്തതിന് നന്ദി'' നെയ്മര്‍ കുറിച്ചു. കുട്ടിയെ നെയ്മറും ബ്രൂണയും ചേര്‍ന്ന് ഉമ്മ വയ്ക്കുന്നതിന്റെയും കുളിപ്പിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങള്‍ സൂപ്പര്‍താരം പങ്കുവച്ചിട്ടുണ്ട്. മാവി എന്ന പേരിന്റെ അര്‍ഥം 'എന്റെ ജീവിതം' എന്നാണെന്ന് ബ്രൂണ പറഞ്ഞു. നിരവധി പേരാണ് ഇരുവരെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിലിലാണ് തങ്ങള്‍ കുഞ്ഞിനെ കാത്തിരിക്കുന്ന വിവരം നെയ്മറും ബ്രൂണയും ആരാധകരെ അറിയിക്കുന്നത്. തന്റെ ഗര്‍ഭകാല യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ ബ്രൂണ പങ്കുവച്ചിരുന്നു. മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും കൂടിയാണ് ബ്രൂണ. മുൻ പങ്കാളിയായ കരോലിന ഡാന്റസുമായുള്ള ബന്ധത്തില്‍ 12 വയസുമുള്ള മകനും നെയ്മറിനുണ്ട്.